തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയ സ്വര്‍ണക്കടത്തു കേസിലെ മുഖ്യ ഇടനിലക്കാരന് പ്രകാശ് തമ്പിയുമായി അന്തരിച്ച പ്രശസ്ത വയലിനിസ്റ്റ് ബാല ഭാസ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നെന്ന വാര്‍ത്തകള്‍ തള്ളി ബാലഭാസകറിന്റെ ഭാര്യ ലക്ഷ്മി. പ്രകാശ് തമ്പി ബാലഭാസ്കറിന്റെ മാനേജരായിരുന്നെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇയാള്‍ ചില പ്രാദേശിക പ്രോഗ്രാമുകളുടെ കോര്‍ഡിനേഷന്‍ മാത്രമാണ് വഹിച്ചതെന്നും പ്രചരണം വാസ്തവ വിരുദ്ധമാണെന്നും ബാലഭാസ്ക്കറിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലക്ഷ്മി കുറിച്ചു.
ഈ പ്രതികള്‍ ബാലഭാസ്കറിന്റെ ചില പരിപാടികള്‍ കോഡിനേറ്റ് ചെയ്തിരുന്നെന്നും അതിന് അവര്‍ക്ക് പ്രതിഫലവും നല്‍കിയിരുന്നെന്നും അല്ലാതെ മറ്റു ബന്ധങ്ങളില്ലെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ അപകീര്‍ത്തികരവും വേദനാജനകവുമാണെന്നു ലക്ഷ്മി വ്യക്തമാക്കി. പ്രകാശ് തമ്പി പിടിയിലായതിന് പിന്നാലെ വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളെന്നു കണ്ടെത്തിയവര്‍ വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മാനേജര്‍മാര്‍ ആയിരുന്നുവെന്ന വിധത്തില്‍ മാധ്യമ വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു.
തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഇടനിലക്കാരായ വിഷ്ണു, പ്രകാശ് തമ്പി എന്നിവര്‍ക്ക് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറുമായി ബന്ധമുണ്ടെന്ന വിധത്തിലായിരുന്നു വാര്‍ത്തകള്‍. തമ്പിയുടെ അറസ്റ്റോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം ആറായി. പ്രകാശ് തമ്പി ബാലഭാസ്ക്കറിന്റെ മാനേജരും വിഷ്ണു ബാലഭാസ്ക്കറിന്റെ ഫിനാന്‍സ് മാനേജരും ആണെന്നുമായിരുന്നു വാര്‍ത്തകള്‍. ചില സാമ്പത്തിക ഇടപാടുകളാണ് ബാലഭാസ്കറിനെ അപകടമരണത്തിലേക്കു നയിച്ചതെന്ന് ചിലര്‍ ആരോപിച്ചിരുന്നു.