ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന സൂചന നല്‍കി ആശുപത്രി വൃത്തങ്ങള്‍! ഇടയ്ക്ക് ബോധം വീണപ്പോള്‍ കുഞ്ഞിനെ തിരക്കി; ലക്ഷ്മി മടങ്ങി വരുമ്പോള്‍ പറയാന്‍ മറുപടിയില്ലാതെ ബന്ധുക്കളും സുഹൃത്തുക്കളും

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറുടെ മരണം അംഗീകരിക്കാന്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കു പോലും ഇതുവരെയും കഴിഞ്ഞിട്ടില്ല. അപ്പോള്‍ പിന്നെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും കാര്യം പറയേണ്ടതേയില്ല.

ഭര്‍ത്താവിനെയും ഏകമകളെയും അപ്രതീക്ഷിതമായി നഷ്ടപ്പെട്ട ലക്ഷ്മിയുടെ അവസ്ഥയാണ് ഇപ്പോള്‍ എല്ലാത്തിനേക്കാളും ഉപരിയായി ഏവരുടെയും മനസിനെ നീറിച്ചുകൊണ്ടിരിക്കുന്നത്. മകളുടെയും ബാലഭാസ്‌കറുടെയും മരണം ഇതുവരെയും ലക്ഷ്മി അറിഞ്ഞിട്ടില്ല.

എന്നാല്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ കഴിയുന്ന ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സൂചന. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്, ലക്ഷ്മി. ബാലുവും ജാനിയും ഇനിയില്ലെന്ന വിവരം ലക്ഷ്മി ഇനിയും അറിഞ്ഞിട്ടില്ല. ഇടയ്ക്ക് ബോധം വീണപ്പോള്‍ കുഞ്ഞിനെ തിരക്കിയതായി ബന്ധുക്കള്‍ പറയുന്നു.

അപകടത്തില്‍ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ഒരാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞതിനു ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി അപകടനില തരണം ചെയ്തു വരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമായിരുന്നു ബാലഭാസ്‌കറിന്റെ മരണകാരണം.

കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ 25നാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Related posts