പി. പ്രശാന്ത്
പേരൂര്‍ക്കട: ലോ അക്കാഡമിയില്‍ വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി സമരം തുടങ്ങുകയും കുട്ടികളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതിനു പിന്നില്‍ സാമൂഹികരാഷ്ട്രീയ രംഗത്തു പ്രവര്‍ത്തിക്കുന്ന ചിലര പ്രമുഖരാണെന്നും ഇവരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്നു പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. വിഷയം വലുതാക്കിയതിനു പിന്നില്‍ തനിക്കെതിരേയുള്ള ഗൂഢനീക്കമുണ്ട്. ആരൊക്കെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെന്ന് അറിയാം.
വിദ്യാര്‍ത്ഥികള്‍ ചര്‍ച്ചയ്ക്കു വരികയാണെങ്കില്‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാവുന്നതേയുള്ളൂ. അതിന് അവര്‍ തയ്യാറാകണമെന്നും ലക്ഷ്മി നായര്‍ പറഞ്ഞു. അതേ സമയം നാളെ അക്കാഡമിയില്‍ ക്ലാസുകള്‍ തുടങ്ങുമോയെന്ന കാര്യത്തില്‍ ലക്ഷ്മിനായര്‍ വ്യക്തമായി പ്രതികരിച്ചില്ല. ക്ലാസുകള്‍ തുടങ്ങുന്ന കാര്യത്തില്‍ ഉറച്ച തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും നാളെ ക്ലാസുകള്‍ ആരംഭിക്കണമെന്നാണ് വിചാരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ രാജിവയ്ക്കണമെന്ന ആവശ്യം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ഇക്കാര്യത്തില്‍ ആദ്യം പറഞ്ഞതുതന്നെയാണ് ഇപ്പോഴും പറയാനുള്ളതെന്നും അവര്‍ വ്യക്തമാക്കി. സമരം തുടരുന്ന വിദ്യാര്‍ത്ഥിനേതാക്കളോട് ഒരു കാരണവശാലും മോശം സമീപനം സ്വീകരിക്കില്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിച്ച് അവര്‍ ക്ലാസുകളില്‍ ഹാജരാകണമെന്നാണ് പറയാനുള്ളത്. തന്‍റെ വീട്ടിലും പരിസരങ്ങളിലുമൊന്നും സംഘടനാ നേതാക്കള്‍ എത്തുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ അവരോട് വ്യക്തിവിരോധം തോന്നേണ്ടതായ കാര്യവുമില്ല. മനുഷ്യാവകാശ കമ്മീഷന്‍ തനിക്കെതിരേ കേസെടുത്തതായി പറയുന്നുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട് യാതൊരു ഓര്‍ഡറും തനിക്ക് ലഭിച്ചിട്ടില്ലെന്നും ലക്ഷ്മി നായര്‍ അറിയിച്ചു.
ആദ്യം സമീപനം മാറ്റട്ടെ; പിന്നീട് ഉള്‍ക്കൊള്ളുന്ന കാര്യം ആലോചിക്കാം: എസ്എഫ്‌ഐ
പേരൂര്‍ക്കട: ആദ്യം പ്രിന്‍സിപ്പല്‍ അവരുടെ സമീപനം മാറ്റി വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് വരട്ടെ, അതിനുശേഷം അവരെ അംഗീകരിക്കുന്ന കാര്യം ആലോചിക്കാമെന്ന നിലപാടിലാണ് സമരരംഗത്തുള്ള എസ്.എഫ്.ഐയുടെ നിലപാട്. നിരാഹാരസമരമെന്ന തീരുമാനത്തില്‍ നിന്ന് യാതൊരു വിധത്തിലും പിന്നോട്ടില്ല. പ്രിന്‍സിപ്പല്‍ രാജിവച്ച് പുറത്തുപോകണമെന്നുതന്നെയണ് തങ്ങളുടെ നിലപാട്. എന്നാല്‍, അവര്‍ വിദ്യാര്‍ത്ഥികളുമായി തുറന്ന ചര്‍ച്ചയ്ക്കു വരികയും പഴയസമീപനത്തില്‍ മാറ്റം വരുത്തുകയും ചെയ്താല്‍ അംഗീകരിക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്.
സാമൂഹികരംഗത്തും രാഷ്ട്രീയ രംഗത്തുമുള്ള ചിലര്‍ തന്നെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന പ്രിന്‍സിപ്പലിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണ്. സമരം ചെയ്യുന്ന 5 വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നുമായി വിദ്യാര്‍ത്ഥിനേതാക്കളും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ 200 ഓളം പേരാണ് സമരപ്പന്തലിലുള്ളത്. ഏതെങ്കിലും ചില സാമൂഹിക, രാഷ്ട്രീയ നേതാക്കളുടെ ഇടപെടലാണ് ഇതിനു പിന്നിലെങ്കില്‍ എല്ലാപേരെയും ഒരുമിച്ച് ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും അതുകൊണ്ടുതന്നെ പ്രിന്‍സിപ്പലിന്‍റെ ആരോപണം അടിസ്ഥാനരഹിതമാണെന്നുമുള്ള നിലപാടാണ് എസ്.എഫ്.ഐക്കുള്ളത്.
സമരം രണ്ടാഴ്ച പിന്നിടുന്നു; ശക്തമായ പോലീസ് ബന്തവസില്‍ ഇന്നും ലോ അക്കാഡമി
പേരൂര്‍ക്കട: ലോ അക്കാഡമി സമരം രണ്ടാഴ്ച പിന്നിടുന്നതോടെ ശക്തമായ പോലീസ് ബന്തവസ്സിലാണ് ലോ അക്കാഡമി പരിസരം. കഴിഞ്ഞദിവസം 7 അംഗ സര്‍വ്വകലാശാലാ സിന്‍ഡിക്കറ്റ് അക്കാഡമിയില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. 40 ഓളം വിദ്യാര്‍ത്ഥികളില്‍നിന്ന് മൊഴി രേഖപ്പെടുത്തിയപ്പോള്‍ ലോ അക്കാഡമി പ്രിന്‍സിപ്പലിനെതിരേ വിദ്യാര്‍ത്ഥികള്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പ്രിന്‍സിപ്പലിനെക്കുറിച്ചുള്ള പരാതിക്കെട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ അഴിക്കുകയായിരുന്നു.
ഇന്നു സിന്‍ഡിക്കറ്റ് അക്കാഡമിയിലെത്തി പ്രിന്‍സിപ്പലിന്‍റെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തും. ലക്ഷ്മി നായര്‍ ലോ അക്കാഡമിയില്‍ വരാന്‍ സാദ്ധ്യതയുള്ളതിനാല്‍ പോലീസ് സര്‍വ്വ മുന്‍കരുതലുമായാണ് പരിസരത്ത് നിലയുറപ്പിച്ചിരിക്കുന്നത്. നാളെ ക്ലാസുകള്‍ തുടങ്ങുകയും വിദ്യാര്‍ത്ഥികള്‍ എത്തുകയും ചെയ്താലും അവരെ ആരെയും തടയില്ലെന്ന് നേതാക്കള്‍ ഉറപ്പിച്ചു പറയുന്നുണ്ട്. എന്നാല്‍ സമരപ്പന്തല്‍ മറികടന്ന് എത്രത്തോളം വിദ്യാര്‍ത്ഥികള്‍ എത്തുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. 1200 ഓളം പേരാണ് ലോ അക്കാഡമിയില്‍ അദ്ധ്യയനം നടത്തുന്നത്. അവരില്‍ പകുതിയിലേറെപ്പേര്‍ ക്ലാസുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് ലോ അക്കാഡമി മാനേജ്‌മെന്‍റ്.