തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ലോ അക്കാദമിക്കും പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ക്കും എതിരായി കുറച്ചുദിവസമായി വിദ്യാര്‍ഥി പ്രതിഷേധം ശക്തമായിരിക്കുകയാണ്. കുട്ടികളെ അകാരണമായി പീഡിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ത്തിയാണ് വിവിധ വിദ്യാര്‍ഥിസംഘടനകള്‍ കോളജില്‍ പ്രതിഷേധക്കൊടുങ്കാറ്റ് ഉയര്‍ത്തിയത്. വിദ്യാര്‍ഥികളുടെ പ്രധാന വിമര്‍ശനം കൈരളി ടിവിയിലെ പാചക പരിപാടിയുടെ അവതാരക കൂടിയായ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായര്‍ക്കെതിരേ ആയിരുന്നു. തോന്നിയരീതിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിന്‍സിപ്പള്‍ രാജിവയ്ക്കണമെന്നായിരുന്നു അവരുടെ ആവശ്യം. സമരം ശക്തമായതോടെ കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ കോളജ് അടിച്ചുതകര്‍ത്തിരുന്നു. അന്നൊക്കെ മൗനം പാലിച്ച ലക്ഷ്മിനായര്‍ ഇപ്പോള്‍ എല്ലാ വിവാദങ്ങള്‍ക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. അതും വിദ്യാര്‍ഥികള്‍ക്കെഴുതിയ തുറന്നകത്തിലൂടെ. കത്തിലെ പ്രസക്തഭാഗങ്ങള്‍ ഇപ്രകാരം.
വളരെ വിഷമത്തോട് കൂടിയാണ് ഈ തുറന്ന കത്ത് എഴുതുന്നത്. ഞാന്‍ വിദ്യാര്‍ഥിയായിരുന്ന എന്റെ പ്രിയപ്പെട്ട ഈ സ്ഥാപനത്തില്‍ സംഭവിക്കുന്നതിനെക്കുറിച്ച് ധാരണയിലെത്താല്‍ എനിക്ക് കുറച്ച് ദിവസങ്ങളെടുത്തു. ഞാന്‍ 1990 മുതല്‍ കേരളാ ലോ അക്കാദമിയില്‍ പാര്‍ട്ട് ടൈം ലക്ചറര്‍ ആയി ജോലി ചെയ്യാന്‍ തുടങ്ങുകയും പിന്നീട് സ്ഥിരപ്പെടുത്തുകയും ചെയ്തു. 27 വര്‍ഷങ്ങള്‍ നീണ്ട എന്റെ ഔദ്യോഗികജീവിതത്തില്‍ എനിക്ക് അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നീ തസ്തികളിലേയ്ക്ക് ജോലിക്കയറ്റം കിട്ടിയിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മാനേജ്മെന്റ് എന്നെ പ്രിന്‍സിപ്പാള്‍ ആക്കി നിയമിച്ചു. എന്നെ ഏല്‍പ്പിച്ച ചുമതല നീതിപൂര്‍വ്വം ചെയ്തുവെന്നാണ് എന്റെ വിശ്വാസം.
ലേഡീസ് ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന വിമര്‍ശനത്തോടുള്ള ലക്ഷ്മിനായരുടെ പ്രതികരണം ഇങ്ങനെ- ലേഡീസ് ഹോസ്റ്റല്‍ ക്യാമ്പസിനുള്ളില്‍ തന്നെയാണുള്ളത്. അവിടത്തെ അന്തേവാസികള്‍ ജയിലില്‍ എന്ന പോലെയാണ് കഴിയുന്നതെന്ന് ആരോപണമുണ്ട്. അത് സത്യത്തിന് നിരക്കാത്തതാണ്. അന്തേവാസികള്‍ക്ക് ശരിയായ ആവശ്യങ്ങള്‍ക്കായി എപ്പോള്‍ വേണമെങ്കിലും പുറത്ത് പോകാന്‍ അനുവാദമുണ്ട്. ഒരേയൊരു നിബന്ധന വാര്ഡന് അല്ലെങ്കില്‍ ഞാന്‍ ലോഗ് ബുക്കില്‍ ഒപ്പ് വയ്ക്കണം എന്നത് മാത്രമാണ്. മുന്‍ കൂട്ടി അനുവാദം വാങ്ങണമെന്ന നിബന്ധന അവരുടെ സുരക്ഷയ്ക്കും നല്ലതിനും വേണ്ടിയുള്ളതാണ്. ഞാനും ഒരു അമ്മയാണ്. ഒരു മകള്‍ ഉണ്ടാകുന്നത് എന്താണെന്ന് എനിക്കറിയാം. നാളെ, ആരെങ്കിലും കോളേജ് ഹോസ്റ്റലില്‍ നിന്നും കാണാതായാല്‍, ഞാനാണ് ഉത്തരം പറയേണ്ടത്.
ക്യാമ്പസില്‍ സിസിടിവി ക്യാമറ ഉണ്ടെന്നത് സത്യമാണ്. പരീക്ഷയ്ക്കുശേഷം പരീക്ഷാഹാളില്‍ നിന്നുമുള്ള ഫുട്ടേജ് നല്‍കണമെന്ന് യൂണിവേഴ്സിറ്റി നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്. അതുകൊണ്ട് ഞങ്ങള്‍ ക്യാമ്പസില്‍ സിസിടിവി ക്യാമറ സ്ഥാപിച്ചു. അതെല്ലാം ക്ലാസ്സ് മുറികള്‍ക്കുള്ളിലും, ലൈബ്രറിയിലും, ഹോസ്റ്റര്‍ അടുക്കളയിലും, സ്റ്റോര്‍ റൂമിലും മറ്റ് ഓപ്പണ്‍ സ്പേസുകളിലും മാത്രമേയുള്ളൂ. ഓപ്പണ്‍ സ്പേസുകളില്‍ ക്യാമറ വച്ചിട്ടുള്ളത് സുരക്ഷയ്ക്കായിട്ടാണ്. കുറച്ച് ക്യാമറകള്‍ വയ്ക്കുന്നത് ചെലവ് കുറയ്ക്കുമെങ്കിലും ഞങ്ങള്‍ വിദ്യാര്‍ഥികളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറല്ല.
ഇന്റേര്‍ണല്‍ മാര്‍ക്കുകള്‍ നല്കുന്നതില് പക്ഷപാതം കാണിക്കുന്നുണ്ടെന്ന ആരോപണമാണ്. അതും സത്യമല്ല. ഇന്റേര്‍ണല്‍ മാര്‍ക്കും അറ്റന്റന്‍സും നല്കുന്നതില് പരാതിയുണ്ടെങ്കില്‍ നിങ്ങള്‍ എന്നെ ആണ് ആദ്യം സമീപിക്കേണ്ടത്. ഒരു നല്ല പരിഹാരം കണ്ടെത്തുന്നതില്‍ എനിക്ക് സന്തോഷമേ ഉണ്ടാകൂ. പക്ഷേ, നിങ്ങള്‍ തിരഞ്ഞെടുത്തത് പരാതി എന്നെ അറിയിക്കാതെ സമരത്തിനിറങ്ങാനാണ്. രാഷ്ട്രീയനേട്ടത്തിനായും നിങ്ങളുടെ പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കാനായും നിങ്ങള്‍ ഒരു പ്രശ്നം സൃഷ്ടിക്കുമ്പോള്‍ നിങ്ങള്‍ കൂടി ഭാഗമായ, വലിയ പാരമ്പര്യമുള്ള ഒരു സ്ഥാപനത്തിനെയാണ് താറു പൂശുന്നതെന്ന് മറക്കരുത്.‘പെണ്‍ഭരണം’ അവസാനിപ്പിക്കണം എന്നും പലയിടത്തും പറയുന്നത് കേട്ടു. ഞാന്‍ ഒരു സ്ത്രീ ആയതാണോ എന്റെ ഭരണമാണോ നിങ്ങളുടെ പ്രശ്നം? എന്റെ അക്കാദമിക് ജീവിതം കുറ്റമറ്റതാണ്, എന്റെ ആത്മവീര്യത്തിനെ കെടുത്തുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യം എനിക്കില്ല.