തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായരുടെ മരുമകള്ക്കെതിരേയും നടപടിയെടുക്കണമെന്ന് അന്വേഷണ സമിതി. സമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്. ലക്ഷ്്മി നായര്‍ സ്വജന പക്ഷപാതവും അധികാര ദുര്‍വിനിയോഗവും നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. ഭാവി മരുമകളായ അനുരാധയ്ക്കു വേണ്ടിയായിരുന്നു അധികാര ദുര്‍വിനിയോഗത്തില്‍ ഏറിയപങ്കും നടത്തിയത്. മറ്റുചില തല്പര കക്ഷികള്‍ക്കും മാര്‍ക്ക് വാരിക്കോരി് നല്‍കിയെന്നും അന്വേഷണം സംഘം കണ്ടെത്തി.
50 ശതമാനം പോലും ഹാജരില്ലാതിരുന്ന അനുരാധയ്ക്ക് പരീക്ഷയെഴുതാന്‍ ആവശ്യമായ ഹാജര്‍ നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനാല്‍ അനുരാധയുടെ പരീക്ഷാഫലം റദ്ദാക്കണമെന്ന ആവശ്യവും റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്നു. ഇന്റേണല്‍ മാര്‍ക്കിടാനുള്ള അധികാരം പ്രിന്‍സിപ്പലായ ലക്ഷ്മി നായര്‍ മറ്റ് അധ്യാപകര്‍ക്ക് നല്‍കിയിരുന്നില്ല. മറ്റു പല കുട്ടികള്‍ക്കും പൂജ്യം മുതല്‍ 10 മാര്‍ക്ക് വരെ നല്കിയിരുന്നപ്പോള് അനുരാധയ്ക്ക് ലഭിച്ചു കൊണ്ടിരുന്നത് 19 മാര്‍ക്കാണ്. പെണ്‍കുട്ടികളെ ഭരിക്കാനുള്ള സ്വാതന്ത്യവും ഇവര്‍ ഭാവി മരുമകള്‍ക്കു നല്‍കിയിരുന്നു. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ കാമറ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും അന്വേഷണ സമിതി കണ്ടെത്തി. പാരമ്പര്യമുള്ള ഈ നിയമപാഠശാലയുടെ ദുരവസ്ഥയ്ക്കു പിന്നില്‍ ലക്ഷ്മിനായരാണെന്നു പറഞ്ഞാണ് റിപ്പോര്‍ട്ട് അവസാനിപ്പിക്കുന്നത്.