കാടുകുറ്റി: സുമനസുകളുടെ കരുണയിൽ യാഥാർഥ്യമായ അടച്ചുറപ്പുള്ള ഭവനത്തിൽ അമ്മയ്ക്കും മക്കൾക്കും ഇനി സ്വൈര്യമായി ഉറങ്ങാം.
കാൻസറിനെ തുടർന്ന് ജീവിതം വഴിമുട്ടുകയും സ്വന്തമായൊരു ഭവനമെന്നത് സ്വപ്നവുമായി മാറിയ ലക്ഷ്മിക്കാണ് അമ്മയുമൊത്ത് കയറിക്കിടക്കാൻ സ്നേഹഭവനമൊരുങ്ങിയത്.
രണ്ട് ബെഡ് റൂം, ഹാൾ, കിച്ചണ്, ശുചിമുറികൾ അടക്കം 500 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആറ് ലക്ഷം രൂപ വിനിയോഗിച്ച് നിർമാണം പൂർത്തിയാക്കിയത്.
ലൈഫ് മിഷനിൽ നിന്നും നാല് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഫാ. ഡേവീസ് ചിറമൽ ട്രസ്റ്റ് 50,000 രൂപ നൽകി. വീടിന്റെ വൈദ്യുതീകരണവും പ്ലംബിംഗ് ജോലികളും വയർമെൻ അസോസിയേഷൻ പൂർത്തിയാക്കി.
വൈദ്യുതി കാലുകൾ സ്ഥാപിക്കലും കണക്ഷനും െകഎസ്ഇബി ജീവനക്കാരുടെ കാരുണ്യം കൊണ്ട് സഫലമായി. പ്രദേശത്തെ ക്ഷീരകർഷകനും കോണ്ട്രാക്റ്ററുമായ അന്നനാട് കോനൂപ്പറന്പൻ ഫ്രാൻസീസും ആരോഗ്യവകുപ്പിൽ നിന്നും ഹെഡ് നേഴ്സ് ആയി വിരമിച്ച ലില്ലിയും നാല് നിരാശ്രയ കുടുംബങ്ങൾക്ക് തണലൊരുക്കാൻ സൗജന്യമായി നൽകിയ 12 സെന്റ് ഭൂമിയിലെ ഒരു ഭാഗത്താണ് വീട് സജ്ജമായത്.
കോണ്ട്രാക്ടർ എന്ന നിലയിൽ വീടിന്റെ നിർമാണത്തിനൊപ്പം കുറവുവന്ന തുകയും ഫ്രാൻസീസും കുടുംബവുമാണ് നൽകിയത്. താക്കോൽദാന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ അധ്യക്ഷനായി. തന്നെ ചികിത്സിച്ചു ഭേദമാക്കിയ ഡോക്ടറിൽനിന്നും താക്കോൽ ഏറ്റുവാങ്ങണമെന്ന ലക്ഷ്മിയുടെ ആഗ്രഹം മാനിച്ച് കാൻസർ രോഗവിദഗ്ധൻ ഡോ.വി.പി. ഗംഗാധരനും സ്ഥലത്തെത്തി.
ജില്ലാപഞ്ചായത്ത് അംഗം ലീല സുബ്രമണ്യൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ പി. വിമൽകുമാർ, രാഖി സുരേഷ്, മോഹിനി കുട്ടൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മോളി തോമസ്, ഡെയ്സി ഫ്രാൻസീസ്, ഡാലി ജോയ്, കെ.എൻ രാജേഷ്, ജില്ലാ പഞ്ചായത്ത് എക്സി. എൻജിനീയർ ജോജി പോൾ, ചിറമൽ ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ് എന്നിവർ പ്രസംഗിച്ചു.