ചാലക്കുടി: മോഡലിംഗ് രംഗത്ത് അവസരം വാഗ്ദാനം ചെയ്തു 19-കാരിയെ പീഡനത്തിനിരയാക്കുകയും മറ്റു പലർക്കും കാഴ്ച വയ്ക്കുകയും ചെയ്ത സംഭവത്തിൽ ഒരു യുവതി കൂടി അറസ്റ്റിൽ.
ആന്ധ്ര സ്വദേശിനി ലക്ഷ്മിയെ ( പ്രഭാവതി, 27) യാണ് തൃശൂർ റൂറൽ ഡിസിആർബി ഡിവൈഎസ്പി പ്രദീപ് കുമാറിന്റെയും ചാലക്കുടി ഡിവൈസ്എപി സി.ആർ. സന്തോഷിന്റെയും നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു യുവതികളെ ചതിയിൽപ്പെടുത്തുന്ന പെൺവാണിഭ സംഘത്തിലെ അംഗമാണ് അറസ്റ്റിലായ ലക്ഷ്മി.
മുൻപ് പിടിയിലായ ചാലക്കുടി കൂടപ്പുഴ സ്വദേശി വഴിയാണ് പെൺകുട്ടി ഇവരുടെ കെണിയിൽപ്പെട്ടത്. പിന്നീട് വാട്സ്ആപ്പ് വഴി പെൺകുട്ടിയുടെ ചിത്രങ്ങൾ ഈ സംഘം പലർക്കും അയക്കുകയായിരുന്നു.
സുഷി എന്നയാൾ വഴിയാണു പെൺവാണിഭ സംഘത്തിലെ ലക്ഷ്മി പീഡനത്തിനിരയായ പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഓൺലൈൻ സെക്സ് സൈറ്റിൽ തിരയുന്നവരുടെ മൊബൈൽ നന്പർ ശേഖരിച്ചു പെൺകുട്ടികളുടെ ചിത്രങ്ങൾ അയച്ചു നല്കി ആവശ്യക്കാരിൽ നിന്നും തുക മുൻകൂർ വാങ്ങിയാണ് ഈ സംഘം ഇടപാടുകൾ നടത്തിയിരുന്നത്.
മറ്റുള്ളവർ പിടിയിലായതറിഞ്ഞ സുഷി അയൽ സംസ്ഥാനത്തേക്കു മുങ്ങിയിരുന്നു. പിന്നീട് ഇരിങ്ങാലക്കുടയിലും കയ്പമംഗലത്തും പെൺവാണിഭം നടത്തുന്നതിനിടെ പിടിയിലായിരുന്നു. ഇയാളിൽ നിന്നാണു മറ്റുള്ളവരെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചത്.
പത്രമാധ്യമങ്ങളിൽ നിന്നും അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ മനസിലാക്കിയ ലക്ഷ്മി ഇടുക്കിയിലെ വെള്ളത്തൂവലിൽ ഒളിവിൽ കഴിയുന്പോഴാണ് പോലീസ് പിടികൂടിയത്.
എസ്ഐ പി.സി. അനിൽകുമാർ, എഎസ്ഐമാരായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാടിൽ, റോയ് പൗലോസ്, പി.എം. മൂസ, സീനിയർ സിപിഒമാരായ വി.യു. സിൽജൊ, എ.യു. റെജി, ഷിജൊ തോമസ്, വനിത സീനിയർ സിപിഒ ഷീബ എന്നിവരാണു പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.