കൊല്ലം: വിവാഹത്തില്‍ നിന്ന് വരന് പിന്മാറിയതിനെത്തുടര്ന്ന് കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത കേസില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും ഹൈക്കോടതിയുടെ നോട്ടീസ്.
ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ച കൊല്ലം കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹരജിയിലാണ് നോട്ടീസ്.
ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥ മരവിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ പത്തിനാണ് കൊല്ലം സെഷന്‍സ് കോടതി സീരിയല്‍ നടി ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും അസറുദ്ദീന്റെ മാതാവിനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇത് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
ഏഴ് വര്‍ഷത്തോളം പ്രണയിച്ച അസറുദ്ദീന്റെ സഹോദരന് ഹാരിസ് വിവാഹ നിശ്ചയത്തിന് ശേഷം തന്നെ ഒഴിവാക്കി വേറെ വിവാഹത്തിന് ശ്രമിച്ചതെത്തുടര്ന്ന് റംസി ആത്മഹത്യ ചെയ്തെന്നാണ് കേസ്. സെപ്റ്റംബര്‍ മൂന്നിനായിരുന്നു സംഭവം.
കേസില്‍ സെപ്റ്റംബര്‍ ഏഴിന് പ്രതി പോലിസിന്റെ പിടിയിലായിരുന്നു. ലക്ഷ്മി പ്രമോദിനും ഭര്‍ത്താവ് അസറുദ്ദീനും റംസിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിക്കുകയും അതിനായി കൊണ്ടുപോവുകയും ചെയ്തെന്നും
ഇരുവരും വിവാഹത്തില്‍നിന്ന് പിന്മാറാന് റംസിയെ പ്രേരിപ്പിച്ചെന്നും സര്‍ക്കാറിന്റെ ഹരജിയില്‍ പറയുന്നു. ഗുരുതരമായ ഈ ആരോപണങ്ങളൊന്നും പരിഗണിക്കാതെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാവാത്തപക്ഷം തെളിവ് നശിപ്പിക്കാന്‍ ഇടയുണ്ടെന്നും ഹരജിയില്‍ പറയുന്നു.