യുവതിയുടെ ആത്മഹത്യയ്ക്കു കാരണക്കാരനായ പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ മാതാവിനെയും സീരിയല്‍ നടിയെയും പോലീസ് ചോദ്യം ചെയ്തു. പള്ളിമുക്ക് ഇക്ബാല്‍ നഗര്‍ 155 ഹാരീസ് മന്‍സിലില്‍ ഹാരീസി(26)നെ മുമ്പ് അറസ്റ്റു ചെയ്തിരുന്നു.
ഇയാളുടെ മാതാവ് ആരിഫയെയും ഇയാളുടെ സഹോദര ഭാര്യയും സീരിയല്‍ നടിയുമായ ലക്ഷ്മി പ്രമോദിനെയുമാണ് പോലീസ് ചോദ്യം ചെയ്തത്. ഇരുവരുടെയും ഫോണ്‍ പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇവര്‍ റംസിയുടെ ബന്ധുക്കളുടെ ആരോപണങ്ങള്‍ നിഷേധിച്ചതായാണ് വിവരം.
ഇരവിപുരം വാഴക്കുട്ടത്തില്‍ ചിറവിള പുത്തന്‍ വീട്ടില്‍ റഹീമിന്റെ മകള്‍ റംസി(24)യുടെ മരണത്തിന് കാരണക്കാരായവരിലെ പ്രധാനികളാണ് ആരിഫയും നടി ലക്ഷ്മി പ്രമോദും.
ഹാരിസുമായുള്ള ബന്ധത്തില്‍ നിന്ന് റംസിയെ പിന്തിരിപ്പിക്കാന് ആരിഫ ശ്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്തു വന്ന ഫോണ്‍ സംഭാഷണം. പത്തു ലക്ഷത്തോളം കടമുള്ളതിനാലാണ് മറ്റൊരു വിവാഹത്തിന് ഹാരിസ് ശ്രമിക്കുന്നതെന്നും റംസി മറ്റൊരു വിവാഹം കഴിക്കണമെന്നും ആരിഫ റംസിയോടു പറഞ്ഞു.
വിവാഹം കഴിഞ്ഞാലും ഹാരിഷിന്റെ വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും വരാമെന്നും വിവാഹത്തിനായി കുടുംബ സമേതം സഹകരിക്കാമെന്നും ആരിഫ പറഞ്ഞു. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് നടന്ന ഈ ഫോണ്‍ സംഭാഷണം കൂടിയായപ്പോഴാണ് റംസി ഏറെ മാനസിക പ്രയാസത്തിലായത്.
കൂടാതെ ഹാരിസിനെ സഹോദരനെ പോലെ കാണണമെന്നും ആരിഫ ആവിശ്യപ്പെട്ടതോടെ റംസിയുടെ നിയന്ത്രണം വിട്ടിരുന്നു. അങ്ങനെയാണ് ഇനി ആര്‍ക്കും ഒരു ശല്യവുമില്ലാതെ ഞാന്‍ പോകുവാണ് എന്ന് റംസി പറഞ്ഞത്. ഹാരിസില്‍ നിന്ന് ഗര്‍ഭിണിയായ റംസിയെ നിര്‍ബന്ധിപ്പിച്ച് അബോര്ഷന് നടത്തിയതിനു പിന്നില്‍ ഗൂഢോലോചന നടത്തിയത് സീരിയല്‍ നടി ലക്ഷ്മി പ്രമോദാണെന്നാണ് വിവരം.
ഇതിനായി ഷൂട്ടിംഗ് ലൊക്കേഷനില്‍ മകളെ നോക്കാനായി കൊണ്ടു പോകുകയാണ് എന്ന് കള്ളംപറഞ്ഞാണ് റംസിയെ വീട്ടില്‍ നിന്നും വിളിച്ചു കൊണ്ടു പോയത്. സ്ഥിരമായി ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ലക്ഷ്മി റംസിയെ കൊണ്ടു പോകുന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. പിന്നീട് ബംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചാണ് ഗര്‍ഭച്ഛിദ്രം നടത്തിയത്.
ഇതിനായി സമീപത്തെ മഹല്ല് കമ്മറ്റിയില്‍ നിന്നും വ്യാജ വിവാഹ രേഖ സംഘടിപ്പിക്കുകയും ചെയ്തു. ലക്ഷ്മി സ്ഥിരമായി ഷൂട്ടിങ് ലൊക്കേഷനുകളില്‍ കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞ് റംസിയെ വീട്ടില്‍ നിന്നും ഇറക്കി വലപ്പോഴും ഹാരിസിനൊപ്പം കൂട്ടി വിടുകയായിരുന്നു ചെയ്തിരുന്നത്. ഇത്തരത്തില്‍ എല്ലാ ഒത്താശയും ചെയ്തു കൊടുത്തത് ലക്ഷ്മിയാണെന്നാണ് വിവരം. എന്നാല്‍ ഇവരെ രക്ഷിച്ചെടുക്കാന്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ടെന്നാണ് വിവരം.
വിവാഹം കഴിക്കാമെന്ന ഉറപ്പു നല്‍കിയാണ് ഹാരിസ് റംസിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്. കൂടാതെ വാഗമണ്ണിലുള്‍പ്പെടെ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ശാരീരികമായി ചൂഷണം ചെയ്യുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ഗര്‍ഭിണിയായപ്പോഴാണ് സഹോദര ഭാര്യയായ ലക്ഷ്മി പ്രമോദിന്റെ സഹായം തേടിയതും റംസിയെ അബോര്ഷന് വിധേയയാക്കിയതും. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.