തിരുവനന്തപുരം: പ്രണയബന്ധത്തിൽനിന്നു പിൻമാറാൻ വിസമ്മതിച്ചതിന് വർക്കല സ്വദേശിയായ യുവാവിനെ എറണാകുളത്തേക്ക് തട്ടിക്കൊണ്ടുപോയി നഗ്നനാക്കി മർദിച്ച് റോഡിൽ ഉപേക്ഷിച്ച കേസിൽ യുവതി പിടിയിൽ.
യുവാവിന്റെ മുൻ കാമുകിയും ചെറുന്നിയൂർ സ്വദേശിനിയുമായ ലക്ഷ്മിപ്രിയ (19) ആണ് അറസ്റ്റിലായത്.
തിരുവനന്തപുരത്തെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന യുവതിയെ ഇന്നലെ രാത്രിയിലാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.
എട്ട് പ്രതികളാണ് യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് പണവും സ്വർണവും അപഹരിച്ചശേഷം എറണാകുളത്തെ റോഡ് വക്കിൽ ഉപേക്ഷിച്ചത്. ലക്ഷ്മിപ്രിയയും യുവാവും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നു.
എന്നാൽ ലക്ഷ്മിപ്രിയ എറണാകുളത്ത് ബിസിഎയ്ക്ക് പഠിക്കാൻ പോയശേഷം മറ്റൊരാളുമായി പ്രണയത്തിലായി. ആദ്യ കാമുകനോട് പ്രണയത്തിൽനിന്നു പിൻമാറാൻ യുവതി ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല.
തുടർന്നു ഫോണിലൂടെ സന്ദേശങ്ങൾ അയച്ച് ലക്ഷ്മി പ്രിയ തന്ത്രപൂര്‍വം യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി.
രണ്ടാമത്തെ കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ അയിരൂരിൽനിന്നു യുവാവിനെ എറണാകുളത്തേക്ക് തട്ടിക്കൊണ്ടുപോയശേഷം മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
കാറിൽ വച്ച് ഗുണ്ടകളുടെ സഹായത്തോടെ മര്‍ദിച്ചു. സ്വര്‍ണമാലയും കൈവശമുണ്ടായിരുന്ന 5,500 രൂപയും ഐ ഫോൺ വാച്ചും കവര്‍ന്നു. കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി.
യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അയിരൂർ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ എറണാകുളം സ്വദേശിയായ അമൽ (24) നെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മറ്റ് പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. വർക്കല ഡിവൈഎസ്പി മാർട്ടിന്റെ നിർദേശാനുസരണം അയിരൂർ എസ്എച്ച്ഒ സുധീർ, എസ്ഐ. എന്നിവർ ഉൾപ്പെട്ട സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മർദനം അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട്: യുവാവിന്റെ പിതാവ്
തിരുവനന്തപുരം: യുവാവിനെ നഗ്നനാക്കി മർദിച്ച സംഭവത്തിൽ മകൻ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നില്ലെന്ന് യുവാവിന്റെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് യുവാവിനെ മർദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേസ് ഒതുക്കിത്തീർക്കാൻ പണം വാദ്ഗാനം ചെയ്തു.
കേസ് ഒതുക്കാൻ പെണ്‍കുട്ടിയുടെ പിതാവ് 15 ലക്ഷം രൂപ വാദ്ഗാനം ചെയ്തെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.