ഓട്ടിസമുള്ള കുട്ടികളോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാകണമെന്ന ഒർമപ്പെടുത്തലുമായി പുറത്തിറങ്ങിയ ചിത്രമാണ് സ്വയം. ആർ. ശരത്ത് സംവിധാനം ചെയ്ത ഈ ചിത്രം ശരിക്കും ഒരു ഓർമപ്പെടുത്തലാണ്. ഓട്ടിസം ബാധിച്ച ഒരു പത്തുവയസുകാരനും അവന്റെ അമ്മയും നടത്തുന്ന പോരാട്ടങ്ങളുടെ കഥ. ഓട്ടിസമുള്ള ഒരു കുഞ്ഞു ജനിച്ചാൽ അവനെന്നും അവഗണന മാത്രമാണ് ലഭിക്കുന്നത്. ചിലപ്പോൾ എല്ലാ ഭാരവും അമ്മയെ ഏൽപ്പിച്ച് അച്ഛൻ പോലും അവനെ ഉപേക്ഷിച്ചു പോയെന്നുവരാം. അത്തരത്തിലുള്ള ഒരു കുട്ടിയെയും കൊണ്ട് അമ്മ നടത്തുന്ന ജീവിത പോരാട്ടം… അവനിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തി സമൂഹത്തിൽ ഉയർത്തിക്കൊണ്ടുവരിക… അതിൽ ഒരമ്മ നേടുന്ന വിജയമാണ് സ്വയം എന്ന ചിത്രം.
സ്വയം എന്ന ചിത്രത്തിലെ ഓട്ടിസം ബാധിതനായ പത്തുവയസുകാരന്റെ അമ്മയായ ആഗ്നസ് എന്ന അമ്മ കേന്ദ്രകഥാപാത്രത്തിൽ മുഴുവൻ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുകയാണ് ലക്ഷ്മിപ്രിയ മേനോൻ എന്ന നടി. മകനു വേണ്ടി മാത്രം ജീവിക്കുന്ന ഒരമ്മയുടെ ആത്മസംഘർഷത്തിന്റെയും ആത്മത്യാഗത്തിന്റെയും ജീവിതമുഹൂർത്തങ്ങൾ ഭംഗിയാക്കിയെന്നാണ് ലക്ഷ്മിയുടെ വിശ്വാസം. വിലയിരുത്തലിന്റെ അവസാനവാക്ക് അതു പ്രേക്ഷകർ മാത്രമാണ് ലക്ഷ്മി പറയുന്നു. ലക്ഷ്മിയെന്ന തുടക്കക്കാരിയുടെ വിശേഷങ്ങളിലേക്ക്…
ആഗ്നലാകുന്നതിനു മുന്പ്
സ്വയത്തിലെ ആഗ്നസാകുന്നതിനു മുന്പ് കുറെയധികം ഹ്രസ്വചിത്രങ്ങളിലും പരസ്യചിത്രങ്ങളിലും ചില സിനിമകളിലും അഭിനയിച്ചിരുന്നു. സ്വയത്തിന്റെ സംവിധായകനായ ആർ. ശരത്തിന്റെ പറുദീസ എന്ന ചിത്രത്തിലും ജയറാമിന്റെ മകൻ കാളിദാസ് നായകനായ തമിഴ് ചിത്രം ഒരു പക്കാ കഥൈ ഉൾപ്പടെ മൂന്നു തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ജയസൂര്യ നായകനായ ഫുക്രി എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
സ്വയത്തിലെ ആഗ്നസ്
ജർമ്മനിയിൽ സെറ്റിൽ ചെയ്ത എബിആഗ്നസ് ദന്പതികളുടെ പത്തുവയസുള്ള മകൻ മെറോണ് ഓട്ടിസം ബാധിതനാണ്. പിതാവ് എബി ഈ യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നു. തുടർന്ന് മകനുവേണ്ടി ജീവിക്കുന്ന ആഗ്നസ്, അവന്റെ ഫുട്ബോൾ കന്പം വളർത്തിയെടുക്കുന്നു. മകന്റെ അസുഖവിവരം നാട്ടിലുള്ള അപ്പച്ചനിൽ നിന്നും അമ്മച്ചിയിൽ നിന്നും ആഗ്നസ് മറച്ചുവയ്ക്കുന്നു.
വാൽഡ്രോഫ് ക്ലബ്ബിലെ ഒരു ഫുട്ബോൾ സെലക്ഷൻ മത്സരത്തിനിടയിൽ, മെറോണ് കാൽക്കുഴയ്ക്ക് ക്ഷതം സംഭവിച്ച് താഴെ വീഴുന്നു. അതോടെ മാനസികമായി തളർന്ന ആഗ്നസ്, പള്ളിയിലെ പുരോ ഹിതന്റെ ഉപദേശപ്രകാരം നാട്ടിൽ ആയുർവദ ചികിത്സ തേടാൻ തീരുമാനിക്കുന്നു. ആഗ്നസിന് താങ്ങായി നിൽക്കുന്ന സഹോദരൻ ജോണിയോടൊപ്പം അവർ നാട്ടിലേക്ക് തിരിക്കുന്നു.
നാട്ടിലെത്തിയ ആഗ്നസിനെയും മകനെയും ജോണിയെയും തറവാട്ടിലുള്ളവർ സന്തോഷത്തോടെ സ്വീകരിക്കുന്നു. ക്രമേണ മെറോണ് ഓട്ടിസം ബാധിതനാണെന്നറിയുന്നതോടെ കുടുംബപ്രശ്നങ്ങൾ തലപൊക്കുന്നു. മകളുടെ ദുരിതവും കണ്ണീരും ഒപ്പം മെറോണിന്റെ അക്രമവും ആഗ്നസിന്റെ അപ്പച്ചന് സഹിക്കാവുന്നതിനുമപ്പുറമായിരുന്നു. അമ്മച്ചി ആകെ തളർന്നുപോയി. മകളോടുള്ള അനുകന്പയിൽ അപ്പച്ചൻ സ്വത്തുമുഴുവൻ ആഗ്നസിന് കൊടുക്കുന്നു. അത് കുടുംബത്തിൽ കൂടുതൽ അന്തഃച്ഛിദ്രങ്ങൾക്കു വഴിയൊരുക്കുന്നു. സഹികെട്ട ആഗ്നസ്, മെറോണിനെയും കൂട്ടി ശങ്കരൻ വൈദ്യരുടെ തപോവനം ആയുർവദ ചികിത്സാലയത്തിലേക്കു പോകുന്നു.
തപോവനത്തിൽ പുതിയ ജീവിതാനുഭവങ്ങൾ ആഗ്നസിനെ തേടിയെത്തുന്നു. ചിട്ടയായി ചികിത്സിക്കുന്ന വൈദ്യർ, സ്നേഹസന്പന്നരായ കഷായം കൃഷ്ണൻകുട്ടി, നാരായണൻകുട്ടി, ജലജ തുടങ്ങിയവരുടെ സാമീപ്യം ആഗ്നസിലും മെറോണിലും പുതു ഉൗർജം പകർന്നു. മെറോണിന്റെ ഫുട്ബോൾ കന്പം മനസിലാക്കിയ കഷായം കൃഷ്ണൻകുട്ടി അന്നാട്ടിൽ എല്ലാ കൊല്ലവും നടക്കാറുള്ള ബേപ്പൂർ സുൽത്താൻ മെമ്മോറിയൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന ഒരു ടീമിലേക്ക് അവന് സെലക്്്ഷൻ ഒപ്പിക്കുന്നു. മത്സരദിനം അടുക്കുന്തോറും ആഗ്നസിന്റെ ഉള്ള് ആളാൻ തുടങ്ങി. കളിക്കിടയിൽ മെറോണിന്റെ കാൽകുഴയ്ക്ക് പരിക്കു പറ്റുമോ എന്ന ആശങ്ക ആഗ്നസിനെ അലട്ടാൻ തുടങ്ങി… കഥാഗതി ഇങ്ങനെ പുരോഗമിക്കുന്നു.
സ്വയത്തിലേക്ക്
ശരത് സാറിന്റെ പറുദീസയിലെ വേഷം ചെയ്തതിനു ശേഷം അദ്ദേഹത്തിന്റെ സഹായിയായി പല ചിത്രങ്ങളിലും സഹകരിച്ചിരുന്നു. സംവിധാനത്തിന്റെയും അഭിനയത്തിന്റെയും വിവിധ മേഖലകളെക്കുറിച്ച് ആ സമയം ചർച്ച ചെയ്യാറുണ്ടായിരുന്നു. ചിത്രീകരണസമയത്ത് അഭിനേതാക്കൾക്ക് ഞാൻ സീനുകൾ വിവരിച്ചു നൽകുന്നത് ശരത് സാർ ശ്രദ്ധിച്ചിരുന്നു എന്നു തോന്നുന്നു. ആ ഒരു വിശ്വാസത്തിൽ നിന്നാകാം അദ്ദേഹം സ്വയത്തിലെ ആഗ്നസിനെ എന്നെ ഏൽപ്പിച്ചത്.
മുൻകരുതലുകൾ
ആഗ്നസ് എന്ന കഥാപാത്രമാകാൻ വേണ്ടി ഏതാണ്ട് ഒരു മാസത്തോളം തയാറെടുപ്പുകൾ നടത്തിയിരുന്നു. ഓട്ടിസം ബാധിച്ച കുട്ടികളുടെ അമ്മമാരുമായി നിരന്തരം ബന്ധം പുലർത്തിയിരുന്നു. അങ്ങനെയുള്ള അമ്മമാരുടെ ആകുലതകൾ, മാനസികസംഘർഷങ്ങൾ എല്ലാം ഞാൻ നോക്കിക്കണ്ടു. സ്വയത്തിന്റെ തിരക്കഥയുടെ ഏകദേശരൂപം എനിക്കു നേരത്തെ കിട്ടിയിരുന്നു. അതുകൊണ്ടുതന്നെ ആഗ്നസിനു വേണ്ട മാനറിസങ്ങൾ, ശരീരഭാഷ എന്നിവയെല്ലാം നേരിട്ടു മനസിലാക്കാൻ സാധിച്ചു.
പുതിയ ഓഫറുകൾ
എന്റെ മുഴുവൻ പ്രതീക്ഷയും ആഗ്നസിലാണിപ്പോൾ. അത്രമാത്രം ഹോംവർക്ക് ചെയ്താണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ജർമനിയിലും കേരളത്തിലുമാണ് ചിത്രീകരണം നടന്നത്. ആഗ്നസിനെ പ്രേക്ഷകർ എത്രമാത്രം സ്വീകരിക്കും എന്നു വിലയിരുത്തിയാകും മുന്നോട്ടു ലഭിക്കുന്ന വേഷങ്ങൾ സ്വീകരിക്കുക.
അമ്മവേഷം
സിനിമയിൽ കിട്ടുന്ന വേഷം അമ്മ വേഷമാണോ അല്ലയോ എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വിഷയമല്ല. എന്ത് ചെയ്യാനുണ്ട് എന്നതാണ് പ്രധാനം. വ്യത്യസ്തവും വൈവിധ്യവുമായ കഥാപാത്രങ്ങളായിരിക്കണമെന്നു മാത്രം. ഒറ്റ സീനിൽ മാത്രമാണുള്ളതെങ്കിലും അത് കഥയിൽ നിർണായക സ്വാധീനം ചെലുത്തുമെങ്കിൽ അതു ചെയ്യും. സ്വയത്തിൽ അമ്മവേഷം ചെയ്തതുകൊണ്ട് അത്തരം റോളുകളിൽ തളച്ചിടപ്പെടുമോ എന്ന ഭയമെനിക്കില്ല.
കുടുംബം
ജനിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. വിവാഹശേഷം ചെന്നൈയിലാണിപ്പോൾ സ്ഥിരതാമസം. ഭർത്താവ് ഡോ. രാജേഷ് നായർ ചെന്നൈ ഐഐടിയിൽ പ്രഫസറാണ്.
കുടുംബത്തിന്റെ പിന്തുണ
എന്റെ വീട്ടുകാരുടെയും ഭർത്താവിന്റെ വീട്ടുകാരുടെയും പിന്തുണ എനിക്കു വളരെ വലുതാണ്. വിവാഹശേഷം ഇപ്പോൾ ഭർത്താവിൽ നിന്നു കിട്ടുന്ന സപ്പോർട്ട് എനിക്കു നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. കഥാഗതിയിൽ നിർണായക സ്വാധീനം ചെലുത്തുന്ന കരുത്തുറ്റ കഥാപാത്രങ്ങൾ മാത്രമേ ചെയ്യാവൂ എന്നതാണ് ഭർത്താവിന്റെ ഏക ഡിമാൻഡ്.
പ്രദീപ് ഗോപി