വൃക്ക സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സിക്കാന്‍ പണം ഇല്ലാതെ വിഷമിക്കുന്ന മകനെയും തന്നെയും സഹായിക്കണമെന്നാവശ്യപ്പെട്ട് നടി സേതുലക്ഷ്മി വീഡിയോയിലൂടെ രംഗത്തെത്തിയിരുന്നു. ഇത് കണ്ട് കരുണ തോന്നിയ നിരവധിയാളുകള്‍ അവര്‍ക്ക് പണമായി സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ ഏവരുടെയും കയ്യടിയും ശ്രദ്ധയും നേടിയത്, സേതുലക്ഷ്മി അമ്മയുടെ മകന് താന്‍ തന്റെ വൃക്ക നല്‍കും എന്നറിയിച്ച നടി പൊന്നമ്മ ബാബുവിന്റെ നല്ല മനസാണ്. താരങ്ങളുള്‍പ്പെടെ നിരവധിയാളുകള്‍ പൊന്നമ്മ ബാബുവിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ അതിനിടയിലും ഇതൊക്കെ വെറും ഷോയാണെന്ന രീതിയില്‍ അഭിപ്രായങ്ങള്‍ പറഞ്ഞ് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. അത്തരക്കാരുടെ അറിവിലേയ്ക്കായി താനറിയുന്ന പൊന്നമ്മ ബാബുവിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൊന്നു എന്ന് താന്‍ വിളിക്കുന്ന പൊന്നമ്മ ബാബുവിനെക്കുറിച്ച് ലക്ഷ്മി പ്രിയ വെളിപ്പെടുത്തിയിരിക്കുന്നത്. ലക്ഷ്മി പ്രിയയുടെ വാക്കുകളിങ്ങനെ…
എനിക്കു ഏറ്റവും പ്രിയപ്പെട്ട അമ്മയാണ് എന്റെ പൊന്നു….. പൊന്നു ചെയ്യാന്‍ പോകുന്ന ഈ മഹാ ത്യാഗത്തെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല…… ഹൃദയം നിറഞ്ഞു പൊട്ടുമ്പോള്‍ അഭിനന്ദിക്കാന്‍ പോലും കിട്ടില്ല… ഞങ്ങള്‍ നടിമാരെ പറ്റി പൊതു ജനത്തിന്റെ ധാരണ എന്താണ് എന്നു കൃത്യമായി അറിയില്ല… അതുകൊണ്ട് തന്നെ എന്റെ പൊന്നുവിനെ പറ്റി നിങ്ങളുടെ അറിവിലേക്കായി രണ്ടു വാക്ക് എഴുതണം എന്നു തോന്നി..
പേരോര്‍മ്മയില്ലാത്ത ഒരു സീരിയലില്‍ സേതു ലക്ഷ്മി അമ്മയുമൊത്തു അഭിനയിക്കുമ്പോഴാണ് ആദ്യമായി പൊന്നമ്മ ബാബുവിനെ പറ്റി വ്യക്തിപരമായി കേട്ടറിയുന്നതു…. സേതു ലക്ഷ്മി അമ്മ വില കൂടിയ ലിപ്സ്റ്റിക് ഉം മേക്കപ്പ് സാധനങ്ങളുമൊക്കെ കാണിച്ചു തന്നിട്ട് പറഞ്ഞു ഇതെനിക്ക് പൊന്നമ്മ കൊണ്ടു തന്നതാണെന്നു… ഇനി അടുത്ത മാസം അമേരിക്കയില്‍ പോയിട്ട് വരുമ്പോള്‍ എനിക്കു ഡ്രസ്സ് ഒക്കെ കൊണ്ടുപോകാന്‍ പറ്റിയ പെട്ടി കൊണ്ടു വരാം എന്നു പറഞ്ഞിട്ടുണ്ട്.. എനിക്കു അതിശയം തോന്നി..
സേതു ലക്ഷ്മി അമ്മ അന്നു ഇത്രയധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ല…. പൊന്നുവാണെങ്കില് സിനിമകളില്‍ കത്തി നില്ക്കുന്ന സമയവും… പ്രായമുള്ളവരെ കണ്ടാല്‍ ഒന്നു എഴുന്നേല്ക്കുകപോലും ചെയ്യാത്ത താരങ്ങള്‍ക്കിടയില്‍ ഇങ്ങനെ ഒരാളോ എന്നു !പിന്നീട് സേതു ലക്ഷ്മി അമ്മയോട് തന്നെ പൊന്നുവിന്റെ ഒരുപാട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു…. കാത്തിരിപ്പായി പൊന്നുവിനെ ഒന്നു പരിചയപ്പെടാന്‍….കണ്ടു കഴിഞ്ഞതും ഓടി ചെന്നു കെട്ടിപ്പിടിച്ചു ഞാനുമ്മ കൊടുത്തു…
സേതുലക്ഷ്മി അമ്മപറഞ്ഞ കാര്യങ്ങള്‍ ഒക്കെ പറഞ്ഞപ്പോള്‍ ഇപ്പോ ഈ കിഡ്നിയുടെ കാര്യം പറഞ്ഞത് പോലെ തന്നെ നിസ്സാരമാക്കി ചിരിച്ചു കളഞ്ഞു… അടുത്തറിഞ്ഞപ്പോള്‍ വീണ്ടും എനിക്കത്ഭുതമായി… ഒരാളെ പറ്റിയും കുശുമ്പോ കുന്നായ്മയോ പറയാത്ത-ആര്‍ക്കും ഒരു ദോഷവും വരരുത് എന്നാഗ്രഹിക്കുന്ന ഒരാള്‍… നിറഞ്ഞ മനസ്സിന്റെ നിറഞ്ഞ സന്തോഷത്തിന്റെ ഉടമ….
സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന ആള്..തന്റെ മൂന്നു മക്കളെയും പഠിപ്പിച്ചു നല്ല പൊസിഷന്ല് ആക്കി..തനിക്കു സിനിമയില്‍ നിന്നു കിട്ടിയ പ്രശസ്തിയെക്കാള്‍ വലുതാണ് എന്റെ മക്കള്‍ തരുന്ന സന്തോഷമെന്നുീ,അവരെ ഈ നിലയില്‍ എത്തിച്ചാണ് തന്റെ ഏറ്റവും വലിയ സൗഭാഗ്യമെന്നും കരുതുന്ന ആള്.. അപ്പൊ എല്ലാവരെയും കുറ്റം പറഞ്ഞും പരിഹസിച്ചും നടക്കുന്നവരുടെ കുഴപ്പം അവര്‍ക്കു നല്ല കുടുംബ ജീവിതം ഇല്ലാത്തതാണ് എന്നു മനസ്സിലായില്ലേ??
നല്ല അമ്മമാരുടെ ഗുണങ്ങള്‍ അടിച്ചു മാറ്റാന്‍ മിടുക്കിയായ ഞാന്‍ പൊന്നുവില്‍ നിന്നും ഒത്തിരി നല്ല കാര്യങ്ങള്‍ അടിച്ചു മാറ്റിയിട്ടുണ്ട്…. എല്ലാവര്ക്കും മാതൃക ആക്കാന്‍ പറ്റിയ നല്ല അമ്മയാണ് എന്റെ പൊന്നു.. പൊന്നമ്മപൊന്നുവിന് കെട്ടിപിടിച്ചു ഉമ്മ്മ്മ്മ്മ്മ… പൊന്നുവിന്റെ ഈ ത്യാഗത്തിനു മാര്‍ക്കിടാന്‍ ഞാന്‍ ആളല്ല… മരിച്ചതിനു ശേഷമുള്ള ഒരു കാര്യത്തിലും വിശ്വാസമില്ലാത്തതിനാല്‍ പ്രത്യേകിച്ച് അവയവ ദാനം, ജീവിച്ചിരിക്കുമ്പോള്‍ തന്നെ അതു ചെയ്യണം (പറ്റുന്ന അവയവീ)എന്നാണ് എന്റെ പക്ഷം…. അതുകൊണ്ട് തന്നെ ഒരു അവസരം വരുമ്പോള്‍ ശരി എന്നു തോന്നുന്ന സമയത്തു ഞാനും ഇതു ചെയ്യും….എന്റെ പൊന്നുവിനും കുടുംബത്തിനും എല്ലാ നന്മകളും നേരുന്നു……..