സാധാരണക്കാരുടെ കുടുംബപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ടിവി പരിപാടികള്‍ക്കെതിരേ വിമര്‍ശനം ശക്തമാകുന്ന സമയമാണിത്. അടുത്തിടെയാണ് ഉര്‍വശിയും ഖുശ്ബുവും വിവാദത്തില്‍പ്പെട്ടത്. മദ്യപിച്ച് പരിപാടി അവതരിപ്പിക്കാനെത്തിയെന്നതാണ് ഉര്‍വശിക്കെതിരായ പരാതി. പങ്കെടുക്കാനെത്തിയ ആളുടെ കോളറില്‍ കുത്തിപ്പിടിച്ചതാണ് ഖുശ്ബുവിനെ വിവാദത്തിലാക്കിയത്. ഇപ്പോള്‍ ഈ രണ്ടു നടിമാരെയും വിമര്‍ശിച്ച് മറ്റൊരാളെത്തിയിരിക്കുന്നു. മറ്റാരുമല്ല ഒരു തമിഴ് ചാനലില്‍ സമാനമായ പരിപാടിയായ ‘ശൊന്നതെല്ലാം ഉണ്‍മൈ’ അവതരിപ്പിക്കുന്ന ലക്ഷ്മി രാമകൃഷ്ണന്‍. ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ അമ്മ വേഷം ചെയ്ത അതേ താരം.
അനാവശ്യമായി തന്റെ പരിപാടിയെ വിമര്‍ശിക്കുന്നവര്‍ക്കെതിരേയാണ് ലക്ഷ്മിയുടെ പരാമര്‍ശങ്ങളേറെയും. ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കാന്‍ പോകുന്ന ചാനല്‍ ഷോയിലാണ് ഞാന്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നത്. പലരുടേയും കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഓരോ ഷോ കഴിയുമ്പോഴും നമ്മള്‍ ഓരോന്ന് പഠിച്ചുവരികയാണ്. പക്ഷേ ഇതുവരെ റിയാലിറ്റി ഷോയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വരുന്നവരെ അടിക്കുകയോ, കോളറില്‍ കയറിപ്പിടിക്കുകയോ ഒന്നും ഞാന്‍ ചെയ്തിട്ടില്ല- ഖുശ്ബുവിന്റെ പ്രവര്‍ത്തിയെ പരോക്ഷമായി വിമര്‍ശിച്ച് ലക്ഷ്മി പറയുന്നു.
അടുത്തിടെ ലക്ഷ്മിയുടെ പരിപാടിക്കിടെ അപമാനിതനായ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിനുപിന്നാലെ അവര്‍ക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മരിച്ചയാളുടെ ബന്ധുക്കള്‍ നല്കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്.