കൊയിലാണ്ടി: മൂന്നാഴ്ച മുമ്പ് മദീനയില്‍ മരിച്ച യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി ബിജുവിന്റെ കൂടെ താമസിക്കുന്ന മണിപ്പൂര്‍ സ്വദേശിനി ലക്ഷ്മി ദേവി, ഇവരുടെ ആറുമാസം പ്രായമായ പെണ്‍കുഞ്ഞ് എയ്ഞ്ചല്‍ എന്നിവരാണ് മരിച്ചത്.
ബിജു കോവിഡ് ബാധിച്ചു ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് യുവതിയെയും കുഞ്ഞിനെയും ഫ്ളാറ്റിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത സംശയിച്ചെങ്കിലും മരണ റിപ്പോര്‍ട്ടില്‍ കോവിഡ് ബാധിച്ച് ശ്വാസതടസം നേരിട്ടാണ് മരിച്ചതെന്ന് തെളിഞ്ഞിരുന്നു.
യുവതി മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാണ് ഫ്ളാറ്റിനകത്തേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശിക്കാന്‍ കഴിഞ്ഞത് എന്നതിനാല്‍ ഈ സമയത്തിനകം പിഞ്ചു കുഞ്ഞും മരിക്കുകയായിരുന്നു എന്നാണ് വിവരം.
ഇവരോടൊപ്പം താമസിച്ചിരുന്ന ബിജുവിന്റെ പ്രായമായ അമ്മ ഫ്ളാറ്റിന് പുറത്തിറങ്ങിയപ്പോള്‍ വാതിലടഞ്ഞു ലോക്കായതിനാല്‍ ഇവര്‍ക്ക് അകത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ല. മണിക്കൂറുകള്‍ ഇവര്‍ ഫ്ളാറ്റിന് മുമ്പില്‍ നില്‍ക്കുന്നത് കണ്ട് ഫ്ളാറ്റിനടുത്ത് താമസിക്കുന്നവര്‍ കാര്യമന്വേഷിച്ചപ്പോഴാണ് അകത്ത് യുവതിയും കുഞ്ഞുമുള്ള വിവരം അറിയുന്നത്.
സംഭവം നടക്കുമ്പോള്‍ ഇവര്‍ക്ക് കൃത്യമായി സംസാരിക്കാന്‍ സാധിക്കാത്ത സാഹചര്യമായിരുന്നു. ശേഷം പോലീസെത്തി ഫ്ളാറ്റ് പരിശോധിച്ചപ്പോഴേക്കും യുവതിയും കുഞ്ഞും മരിച്ചിരുന്നു.
കോവിഡ് ബാധിച്ച ബിജുവിന്റെ അമ്മയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. മദീന നഗരത്തിന് സമീപം പ്രത്യേകമായി ഒരുക്കിയ ശ്മശാനത്തിലാണ് യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം സംസ്കരിച്ചത്. ചികിത്സയിലായിരുന്ന ബിജുവും അമ്മയും ഇതിനോടകം രോഗം ഭേദമായി ആശുപത്രി വിട്ടിട്ടുണ്ട്.
ഇവര്‍ ഉടനെ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മദീനയിലെ നവോദയ പ്രവര്‍ത്തകരായ നിസാര്‍ കരുനാഗപ്പള്ളി, സലാം കല്ലായി, നസീബ്, ഷംസു എന്നിവര്‍ രംഗത്തുണ്ടായിരുന്നു.