പേരൂർക്കട: കാണണമെന്നാവശ്യപ്പെട്ട് സിപിഐ ആസ്ഥാനത്തു നിന്ന് വിളിച്ചതുകൊണ്ടാണ് അങ്ങോട്ടു പോയതെന്ന് ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായർ. താൻ ഇപ്പോൾ സ്വന്തം കാർ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് പിതാവിനൊപ്പം പോകുകയായിരുന്നു.
താൻ അങ്ങോട്ടുപോയി കണ്ടതാണെന്ന രീതിയിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ ശരിയല്ല. പിതാവ് നാരായണൻ നായരാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സന്ദർശിച്ചതെന്നും താൻ കാറിൽത്തന്നെ ഇരിക്കുകയായിരുന്നെന്നും ലക്ഷ്മി നായർ പറയുന്നു.
എഐഎസ്എഫ് പ്രവർത്തകർക്ക് തന്നോട് വ്യക്തിവിരോധമുണ്ട്. അതാണ് പ്രശ്നം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. താൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുള്ളതായി ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം കള്ളപ്രചരണങ്ങൾ അവസാനിപ്പിക്കണം. സ്വന്തം നാട്ടിൽ നിന്നു തന്നെ താൻ പോരാടുമെന്നും ലക്ഷ്മി നായർ വ്യക്തമാക്കി.