ചാരുംമൂട്: അച്ഛൻ ചിത്രകാരനും ശില്പിയും. മകൾ ചിത്രകാരി.
കലാപാരന്പര്യം കൈവിടാതെ ലോക്ക്ഡൗണ്‍ കാലത്ത് കടലാസിൽ വർണ വിസ്മയമൊരുക്കി ലക്ഷ്മി നന്ദന എന്ന ഏഴാം ക്ലാസുകാരി. വരകളിൽ വിടർന്നത് അന്‍പതോളം ചിത്രങ്ങൾ.
ജീവൻ തുടിക്കുന്ന മനോഹര ചിത്രങ്ങളിൽ പ്രകൃതിയും ഗ്രാമീണതയും നിറഞ്ഞു നിൽക്കുന്നു. ചിത്രകാരനായ ആർട്ടിസ്റ്റ് കുമാറിന്റെ ചെറുമകളും കൊട്ടാരക്കര കലയപുരം മാർ ഇവാനിയോസ് ബഥനി സീനിയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനും ശില്പിയുമായ സുനിൽ തഴക്കരയുടെയും സുമിയുടെയും മകളുമായ ലക്ഷ്മി നന്ദനയാണ് ചിത്രകലയിൽ പാരന്പര്യം കൈമുതലാക്കി വർണലോകം തീർക്കുന്നത്.
മാവേലിക്കര, പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഈ കൊച്ചു കലാകാരി. വർണ കടലാസുകളിൽ പുഷ്പങ്ങൾ നിർമിച്ചും കുപ്പികളിലും പാഴ് വസ്തുക്കളിലും നിറം പകർന്ന് അലങ്കാര വസ്തുക്കളായി രൂപാന്തരപ്പെടുത്തിയും ലക്ഷ്മി നന്ദന ശ്രദ്ധനേടുകയാണ്.