പ്രണയത്തില് നിന്നൊഴിയാന് യുവാവിനെതിരേ യുവതി ക്വട്ടേഷന് നല്കിയ സംഭവത്തില് വെളിപ്പെടുത്തലുമായി യുവാവിന്റെ പിതാവ്.
ലക്ഷ്മി പ്രിയയെ കേസില് നിന്ന് ഒഴിവാക്കാന് പത്ത് ലക്ഷംരൂപ വാഗ്ദാനം ചെയ്തുവെന്ന് ആക്രമണത്തിന് ഇരയായ യുവാവിന്റെ പിതാവ് പറഞ്ഞു.
തന്റെ സുഹൃത്തിനെ വിളിച്ചാണ് പണം വാഗ്ദാനം ചെയ്തത്. ലക്ഷ്മിപ്രിയയെ കുറിച്ച് തനിക്ക് ഒന്നും അറിയില്ല. മകന് എങ്ങനെയാണ് പെണ്കുട്ടിയുമായി പരിചയത്തിലായതെന്ന് അറിയില്ലെന്നും പിതാവ് പറഞ്ഞു.
തട്ടിക്കൊണ്ടുപോയ സംഘം മകന്റെ കഴുത്തിലുണ്ടായിരുന്ന മാലയും ഐഫോണും 5000 രൂപയും തട്ടിയെടുത്തു.
മകനെ ഷോക്കടിപ്പിക്കുകയും കഞ്ചാവ് വലിപ്പിക്കുകയും ചെയ്ത സംഘം ശരീരം മുഴുവന് പൊള്ളിക്കുകയും ചെയ്തു. രക്ഷപ്പെട്ടെങ്കിലും അനുഭവിച്ചതിന്റെ ഞെട്ടലില് നിന്നും മകന് മുക്തനായിട്ടില്ല.
പ്രണയത്തില് നിന്നൊഴിയാന് യുവാവിനെതിരെ ക്വൊട്ടേഷന് നല്കിയ വര്ക്കല ചെറുന്നിയൂര് സ്വദേശി ലക്ഷ്മിപ്രിയ ആണ് പിടിയിലായത്.
തിരുവനന്തപുരം വര്ക്കല അയിരൂര് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി എറണാകുളത്ത് വച്ച് നഗ്നനാക്കി മര്ദ്ദിക്കുകയും ദൃശ്യങ്ങള് പകര്ത്തുകയും ചെയ്ത കേസില് എട്ടംഗസംഘത്തിലെ രണ്ടുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.
എട്ടാം പ്രതിയായ എറണാകുളം സ്വദേശി അമലിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ അഞ്ചിനാണ് അയിരൂര് സ്വദേശിയായ യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയത്.
യുവാവിനെ വീട്ടില് നിന്ന് ലക്ഷ്മിപ്രിയ വിളിച്ചിറക്കി കാറില് കയറ്റിക്കൊണ്ടുപോയ ശേഷമായാണ് മര്ദിച്ചത്. യുവതിയുടെ കാമുകനും സുഹൃത്തുക്കളും ചേര്ന്നാണ് മുന് കാമുകനെ മര്ദിച്ചതെന്ന് പോലീസ് പറഞ്ഞു.
വഴിയില് നിന്ന് കയറിയ യുവാക്കളാണ് യുവാവിനെ മര്ദിച്ചത്. കാര് ആലപ്പുഴ എത്തിയപ്പോള് കഴുത്തില് കിടന്ന മാലയും കയ്യിലുണ്ടായിരുന്ന ഐഫോണും 5000 രൂപയും പിടിച്ചു വാങ്ങി.
3500 രൂപ യുവാവില് നിന്നും ഗൂഗിള്പേ വഴി കൈക്കലാക്കി. എറണാകുളം ബൈപ്പാസിന് അടുത്തുള്ള ഓടിട്ട വീട്ടിലെത്തിച്ച ശേഷം ലഹരി വസ്തുക്കള് നല്കി യുവാവിനെ വിവസ്ത്രനാക്കുകയും മര്ദിക്കുകയുമായിരുന്നു.
മര്ദ്ദന ദൃശ്യങ്ങള് യുവതി മൊബൈലില് പകര്ത്തി. ദൃശ്യങ്ങള് സമൂഹ മാധ്യമങ്ങളില് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി.
സംഘം അഞ്ചു ലക്ഷം ആവശ്യപ്പെട്ടെന്നും പോലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ വൈറ്റില ബസ്സ് സ്റ്റോപ്പില് യുവാവിനെ ഉപേക്ഷിച്ച ശേഷം സംഘം കടന്ന് കളയുകയായിരുന്നു.