തിരുവനന്തപുരം: യുവാവിനെ തട്ടിക്കൊണ്ടു നഗ്നനാക്കി മർദിച്ച കേസിലെ പ്രതി ലക്ഷ്മിപ്രിയയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
അടുത്തദിവസം പോലീസ് ഇതിന് അപേക്ഷ നൽകും. ചെറുന്നിയൂർ താന്നിമൂട് എൻഎസ് ഭവനിൽ ലക്ഷ്മിപ്രിയ (19) യെയാണ് ഇന്നലെ അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കോടതി റിമാൻഡ് ചെയ്ത ലക്ഷ്മിപ്രിയ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വർക്കല അയിരൂർ സ്വദേശിയായ യുവാവിനെയാണ് ലക്ഷ്മിപ്രിയയും പുതിയ കാമുകനും ഉൾപ്പെട്ട പത്തംഗ സംഘം അയിരൂരിൽനിന്ന് എറണാകുളത്തേക്ക്് തട്ടിക്കൊണ്ട് പോയി മർദിച്ച് റോഡിൽ ഉപേക്ഷിച്ചത്.
നഗ്നനാക്കി മർദിച്ചശേഷം ദൃശ്യങ്ങൾ ലക്ഷ്മിപ്രിയ തന്നെ പകർത്തിയെന്നാണ് യുവാവ് പോലീസിൽ മൊഴി നൽകിയത്. ലക്ഷ്മിപ്രിയയെ കൂടാതെ എറണാകുളം സ്വദേശി അമൽ മോഹനെ അയിരൂർ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇനി കേസിൽ ഉൾപ്പെട്ട ലക്ഷ്മിപ്രിയയുടെ രണ്ടാമത്തെ കാമുകൻ ഉൾപ്പെടെയുള്ള എട്ട് പേരെ പിടികൂടാനുണ്ട്. എറണാകുളം സ്വദേശിയായ ഇവരെ പിടികൂടാനായി അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചു. ല
ലക്ഷ്മിപ്രിയ ബിസിഎ പഠനത്തിന് എറണാകുളത്തേക്ക് പോയതിനെ തുടർന്ന് അവിടെയുള്ള മറ്റൊരു യുവാവുമായി പ്രണയത്തിലായി. ഇതോടെ അയിരൂർ സ്വദേശിയായ യുവാവിനെ ഒഴിവാക്കാൻ ലക്ഷ്മിപ്രിയ ശ്രമിച്ചു.
എന്നാൽ പിൻമാറാൻ യുവാവ് തയാറായില്ല. ഇതേ തുടർന്നാണ് പുതിയ കാമുകന്റെ സഹായത്തോടെ അയിരൂരിൽനിന്നും എറണാകുളത്തേക്ക് തട്ടിക്കൊണ്ട് പോയതെന്ന് പോലീസ് പറയുന്നു.
യുവാവിനെ വിളിച്ചിറക്കി വാഹനത്തിൽ കയറ്റിയത് ലക്ഷ്മിപ്രിയ ആയിരുന്നുവെന്നും പോലീസ് പറഞ്ഞു. ആളില്ലാത്ത വീട്ടിലെത്തിച്ച് ക്രൂരമായി യുവാവിനെ മർദിച്ച ശേഷം നഗ്നനാക്കി ദൃശ്യങ്ങൾ പകർത്തി. അഞ്ച് ലക്ഷം രൂപയും പ്രതികൾ ആവശ്യപ്പെട്ടിരുന്നു.