കൊച്ചി: ലക്ഷദ്വീപില്‍നിന്നു രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിന് നാലംഗസമിതിയുടെ അനുമതി വേണമെന്ന് അഡ്മിസ്ട്രേറ്ററുടെ ഉത്തരവ്.
ലക്ഷദ്വീപിലെ പുതിയ പരിഷ്കാരങ്ങള്‍ക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അഡമിനിസ്ട്രേറ്റർ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും ഹെലികോപ്റ്ററില്‍ മാറ്റുന്നതിന് നാലംഗസമിതിയുടെ അനുമതി വേണമെന്ന് ഉത്തരവില്‍ പറയുന്നു. ബന്ധപ്പെട്ട രേഖകളും ഹാജരാക്കണം.
നേരത്തെ ഹെലികോപ്റ്ററില്‍ രോഗികളെ മാറ്റുന്നതിനു ബന്ധപ്പെട്ട ഡോക്ടര്‍മാരുടെയും മെഡിക്കല്‍ ഓഫീസര്‍മാരുടെയും അനുമതി മാത്രം മതിയായിരുന്നു.
പുതിയ ഉത്തരവ് പ്രകാരം ഒരു ചെയര്‍മാനും മൂന്ന് അംഗങ്ങളും അടങ്ങുന്ന സമിതിയുടെ അനുമതിയുണ്ടെങ്കിലേ രോഗികളെ ഹെലികോപ്റ്ററില്‍ മാറ്റാന്‍ സാധിക്കൂ.
ഇതിനുപുറമേ അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന്റെ അന്തിമ അനുമതിയും വേണം. അടിയന്തര ചികിത്സ വേണ്ട രോഗികള്‍ക്കായി ഇത്തരത്തിലുള്ള ഉത്തരവ് സംഘടിപ്പിക്കേണ്ടി വരുന്നതു ക്രൂരതയാണെന്നാണു വിമര്‍ശനം.
കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ വകുപ്പുകള്‍ ക്കു ലക്ഷദ്വീപ് ഭരണകൂടം കത്ത് നല്‍കിയിട്ടുണ്ട്.
ദ്വീപ് സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടിയെന്നും വിമര്‍ശനമുണ്ട്. വിവിധ വകുപ്പുകളിലെ നിയമന കമ്മിറ്റികളാണ് ഇതുവരെ ജീവനക്കാരെ നിയമിച്ചിരുന്നത്.
പൊതുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു നിയമനങ്ങള്‍. ഈ കമ്മിറ്റികളെ നേരത്തെതന്നെ ഇല്ലാതാക്കി ദ്വീപ് സ്റ്റാഫ് സെലക്ഷന് ബോര്‍ഡ് കൊണ്ടുവന്നിരുന്നു.
ഇതില്‍ ദ്വീപ് നിവാസികളാരും ഉള്‍പ്പെട്ടിട്ടില്ല. ഇതു സ്വന്തക്കാരെ വിവിധ സര്‍ക്കാര്‍ സര്‍വീസുകളില്‍ നിയമിക്കുന്നതിന്റെ ഭാഗമാണെന്നും ദ്വീപ് നിവാസികള്‍ ആരോപിക്കുന്നു.