കൊച്ചി: മുന്‍കൂര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാരോപിച്ചു ലക്ഷദ്വീപ് പോലീസ് തടവിലാക്കിയതിനെതിരേ ജര്‍മന്‍ സ്വദേശി റോളണ്ട് മോസ് ലേ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
പാസ്പോര്‍ട്ട് നിയമവും ഫോറിനേഴ്സ് ആക്ടും ലംഘിച്ചെന്ന കേസില്‍ ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണ് ഇയാളെ അഗത്തി പോലീസ് അറസ്റ്റ് ചെയ്തത്.
തന്നെ അഗത്തിയിലെ ഗസ്റ്റ് ഹൗസില്‍ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
എന്‍ജിനീയറായ റോളണ്ട് 2006ല്‍ ഇന്ത്യയിലെത്തി യൂറോലാന്ഡ് കണ്‍സ്ട്രക്ഷന്‍സ് സൊല്യൂഷന്‍സ് എന്ന പേരില്‍ കമ്പനി തുടങ്ങിയിരുന്നു.
പിന്നീട് സ്വന്തം പേരില്‍ പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും സമ്പാദിച്ച് ലക്ഷദ്വീപില്‍ താമസം തുടങ്ങി. ആധാര്‍ കാര്‍ഡ് ലഭിച്ചതോടെ തനിക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചെന്ന ധാരണയിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്.
എന്നാല്‍ വിദേശികള്‍ പാലിക്കേണ്ട നിയമം ലംഘിച്ചെന്നു കണ്ടെത്തി കഴിഞ്ഞവര്‍ഷം പോലീസ് പിടികൂടുകയായിരുന്നു.