കഴിഞ്ഞ കുറേ നാളുകളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണു ലക്ഷദ്വീപ്.
പവിഴദ്വീപ് എന്നും പവിഴപ്പുറ്റുകളുടെ നാടെന്നുമൊക്കെ പേരുള്ള ലക്ഷദ്വീപിലേക്കു നടത്തിയ ഒരു സഞ്ചാരത്തിന്റെ നേർക്കാഴ്ചയാണിവിടെ. ഇപ്പോഴത്തെ പ്രതിസന്ധികൾ തുടങ്ങുന്നതിനു മുന്പുള്ള യാത്രയായിരുന്നു അത്.
പലവിധ സർവീസിൽനിന്നും അടുത്തൂണ് പറ്റിയ ഒരു സംഘമാളുകളുടെ ഒരാഴ്ചത്തെ യാത്ര. കൊച്ചി വിമാനത്താവളത്തിൽനിന്നു രാവിലെ എട്ടിനുള്ള ഫ്ളൈറ്റിൽ ഒന്നര മണിക്കൂർ യാത്രചെയ്ത ഞങ്ങൾ അഗത്തി ദ്വീപിലുള്ള എയർപോർട്ടിലിറങ്ങി.
ലക്ഷദ്വീപിൽ അഗത്തിയിൽ മാത്രമേ എയർപോർട്ടുള്ളു. ഈ എയർപോർട്ടിനുള്ള സവിശേഷത മൂന്നുവശവും കടലാണെന്നതുതന്നെ.
കേരളവും ലക്ഷദ്വീപും എന്നും ഉത്തമ ചങ്ങാതിമാരെപ്പോലെയാണെന്ന് ട്രാവലറിൽ റിസോർട്ടിലെ താമസം തേടിയുള്ള യാത്രയ്ക്കിടയിൽ ഓർക്കാതിരുന്നില്ല.
അഗത്തി ദ്വീപ് നെടുകേ മുറിക്കുംപോലൊരു നേർരേഖയാകുന്ന ടാർ റോഡ്. ഈ ദ്വീപിന് ഒന്പതു കിലോമീറ്ററിൽ താഴെ മാത്രം നീളം.
വീതി ശരാശരി ഒരു കിലോമീറ്ററും. യാത്രയിൽ പലയിടത്തും ഇരുവശവും കടൽ കാണാം. തെങ്ങും മാവും ഒതളവുമൊക്കെ കാണുന്ന കുട്ടനാടൻ പ്രകൃതി.
തീരങ്ങളിൽ ചെറുവീടുകൾ. ആടിനെയും കോഴിയെയും വളർത്തി ജീവിക്കുന്ന പാവപ്പെട്ട മനുഷ്യർ. തെങ്ങും മീൻപിടിത്തവുമൊക്കെ ഇതര വരുമാന മാർഗങ്ങൾ.
ലക്ഷം പേരിൽ മാത്രം
പേരിൽ ലക്ഷമുണ്ടെങ്കിലും 36 ദ്വീപുകൾ മാത്രമുള്ള ഈ കേന്ദ്ര ഭരണപ്രദേശത്ത് 11 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളു.
ആകെ 32 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തീർണം. ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശങ്ങളിൽ ഏറ്റവും ചെറുത്……? അറബിക്കടലിലാണ് സ്ഥാനം. കവരത്തിയാണു തലസ്ഥാനം.
1973-ലാണ് ലക്ഷദ്വീപ് എന്ന പേര് ഒൗദ്യോഗികമായി ഉണ്ടായത്. 2011ലെ കാനേഷുമാരി കണക്കുപ്രകാരം 66000 മാത്രമാണു ജനസംഖ്യ.
അഗത്തിയിലെ റിസോർട്ടിൽ
2019 മാർച്ച് പത്തിന് ഉച്ചയോടെ അഗത്തിയിലെ റിസോർട്ടിൽ കടലിന് അഭിമുഖമായുള്ള കോട്ടേജുകളിൽ ഞങ്ങൾ താമസമാരംഭിച്ചു. ഉച്ചകഴിഞ്ഞ് അഗത്തി ദ്വീപ് കാഴ്ച.
സ്കൂളും മ്യൂസിയവും ഫിഷറീസ് സ്ഥാപനവും കടൽവെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുമൊക്കെ കാഴ്ചയായി. അഗത്തി അങ്ങാടിയിൽ സിൻഡിക്കറ്റ് ബാങ്ക് ശാഖ കണ്ടു. വൈകുന്നേരം ലഗൂണ് ബീച്ചിൽ ചെലവഴിച്ചു.
പിറ്റേന്നു ബംഗാര ദ്വീപിലേക്കു പോയി. വിഐപി ഹെലിപ്പാഡുള്ള ദ്വീപ്. വിദേശ ടൂറിസ്റ്റുകൾ ബംഗാര ദ്വീപിലാണു താമസിക്കുക. സണ്ബാത്തും ബീച്ച് ഗെയിമുമൊക്കെ ഇവിടെ യഥേഷ്ടം.
പവിഴപ്പുറ്റുകളുടെ കാഴ്ചകളിലേക്ക് ഞങ്ങൾ നാലഞ്ചുപേരെ വീതം ബോട്ടിൽ കൊണ്ടുപോയി. പവിഴപ്പുറ്റുകളും വർണമത്സ്യങ്ങളും വിസ്മയക്കാഴ്ചതന്നെ.
ബോട്ടിന്റെ ബോട്ടം ഗ്ലാസിലൂടെ ഞങ്ങൾ കാഴ്ചകൾ കണ്ടു. കരയിൽനിന്നു 200 മുതൽ 384 വരെ കിലോമീറ്റർ അകലത്തിൽ ചിതറിക്കിടക്കുന്ന ദ്വീപുകൾ.
മിനിക്കോയ്, കല്പേനി, കവരത്തി, അന്ത്രോത്ത്, അമ്മേനി, കഡ്മത്ത്, കിൽത്താൻ, ബിത്ര, ചേത്ലാത്, അഗത്തി എന്നിങ്ങനെ ജനവാസമുള്ള ദ്വീപുകൾ.
അഗത്തിയും ബംഗാരവും ഉൾപ്പെടെ മൂന്നു നാലു ദ്വീപുകളിലേ ഞങ്ങൾ യാത്ര ചെയ്തുള്ളു. ചിലയിടങ്ങളിൽ മഹൽ ഭാഷയിലാണു സംസാരിക്കുക.
മലയാളത്തിന്റെ പ്രാദേശിക ഭേദങ്ങളോടെയുള്ള പ്രാകൃതരൂപമാണെന്നു പറയാം. അറബിയിലും തമിഴിലുമുള്ള വാക്കുകൾ മഹലിൽ സുലഭമാണ്. അറബിയോടു സാദൃശ്യമുള്ള ലിപിയും. ലക്ഷദ്വീപുകാർ ഭൂരിപക്ഷവും സുന്നി മുസ്ലീമുകളാണ്.
ദ്വീപുകളെ ചുറ്റിപ്പറ്റി ആരോപണങ്ങൾ തലനീട്ടുന്നുണ്ട്. നിഷ്ക്കളങ്കരും നിർധനരുമായ ദ്വീപുനിവാസികളുടെ മറവിൽ കള്ളക്കടത്തുകാരും കള്ളപ്പണക്കാരും മയക്കുമരുന്നു മാഫിയകളും വിലസുന്നുണ്ടെന്ന ആക്ഷേപവും അടുത്തയിടെ ഉന്നയിക്കപ്പെട്ടിരുന്നു.
ഉച്ചയോടെ എം.വി. കവരത്തി എന്ന വലിയ കപ്പലിൽ മടക്കയാത്ര. ഉച്ചഭക്ഷണവും നാലു മണിക്കു ടീ ബ്രേക്കും രാത്രി ഏഴിന് അത്താഴവും കപ്പലിന്റെ മൂന്നാം ഡെക്കിലെ ഭക്ഷണശാലയിൽനിന്നും.
ആയിരമായിരം അറബി കടൽത്തിരകളെ പിന്തള്ളി ആ കപ്പൽ പായുകയാണ്. കപ്പലിന്റെ ഇരുവശത്തുമുള്ള ബാരിക്കേഡുകളിൽ പിടിച്ച് യാത്രക്കാർ കാഴ്ചകൾ കാണുന്നു.
18 മണിക്കൂർകൊണ്ട് കൊച്ചി പോർട്ടിലെത്തേണ്ട എം.വി. കവരത്തി ഉച്ചയായി എത്തിയപ്പോൾ. മനസു നിറയെ യാത്രയുടെ സന്തോഷവുമായി തീരത്തിറങ്ങി.
മാത്യൂസ് ആർപ്പൂക്കര