വൈക്കം: പാണാവള്ളിയിൽ സർവീസ് നടത്തിവന്ന ജലഗതാഗതവകുപ്പിന്റെ ആധുനിക സൗകര്യങ്ങളുള്ള ബോട്ട് ‘ലക്ഷ്യ’ യന്ത്ര ത്തകരാറിനെ തുടർന്ന് വൈക്കം ജെട്ടിയിൽ കെട്ടിയിട്ടിട്ട് രണ്ടാഴ്ചയാകുന്നു. ഒരു കോടിയിലധികം വിനിയോഗിച്ച് ജലഗതാഗത വകുപ്പ് ലക്ഷ്യ എന്ന പേരിൽ നിർമിച്ച അഞ്ചു ബോട്ടുകളിലൊന്നാണ് വെള്ളത്തിനടിയിൽ പ്രൊപ്പല്ലർ ഉറപ്പിക്കുന്ന ബ്രാക്കറ്റിനു തകരാറു സംഭവിച്ചതിനെ തുടർന്ന് അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടത്.
ബോട്ടിന്റെ അടിഭാഗത്ത് തകരാറു സംഭവിച്ചതിനാൽ കരയ്ക്ക് കയറ്റി കേടുപാടു നീക്കണം. ആലപ്പുഴയിലെ ഡോക്കിൽ മറ്റൊരു ബോട്ടിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സ്ഥലപരിമിതി മൂലമാണ് ലക്ഷ്യയുടെ തകരാറു പരിഹരിക്കൽ നീളുന്നതെന്ന് അധികൃതർ പറയുന്നു.
കായലിലെ ബോട്ടുചാലിൽ പലയിടത്തും മണൽതിട്ട അപകട ഭീഷണി ഉയർത്തുകയാണ്. മണൽത്തിട്ടയിൽ ഇടിച്ചും മണ്ണിൽ ബോട്ടുറച്ചുമാണ് മിക്കപ്പോഴും ബോട്ടുകൾക്കു കേടുപാടുകൾ സംഭവിക്കുന്നത്. ലക്ഷ്യയുടെ അറ്റകുറ്റപ്പണി നടത്തി സർവീസ് പുനരാരംഭിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.