കൊച്ചി: ലക്ഷദ്വീപിലെ വിവാദ നടപടികളെ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പരസ്യം.
പുതിയ പരിഷ്കാരങ്ങള്‍ ദ്വീപിന്റെ വികസനത്തിനും വളര്ച്ചയ്ക്കുമാണെന്നു പരസ്യത്തില്‍ പറയുന്നു.
ലക്ഷദ്വീപ് കളക്ടര്‍ അസ്ഗര്‍ അലി വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ വിശദീകരിച്ച കാര്യങ്ങളാണ് പരസ്യത്തിലും ഉള്ളത്. ഇംഗ്ലീഷ് ദിനപത്രങ്ങളിലാണു പരസ്യം നല്‍കിയത്.
മാലിദ്വീപിന് സമാനമായ ടൂറിസം കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് ലക്ഷദ്വീപില്‍ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതെന്നാണു വ്യാഴാഴ്ച കളക്ടര്‍ വ്യക്തമാക്കിയിരുന്നത്.
തലസ്ഥാനമായ കവരത്തിയെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ഒട്ടേറെ വികസന പദ്ധതികള്‍ ഇവിടെ നടപ്പാകാനിരിക്കുകയാണ്.
പ്രദേശത്തെ നിലവിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇതിനെതിരായതിനാലാണ് ചില പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതമായത്.
ഇവ ദ്വീപ് നിവാസികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ളതാണെന്നും പുറത്തുനിന്നുള്ള എതിര്‍പ്പുകളെ കാര്യമായി എടുക്കില്ലെന്നും കളക്ടര്‍ പറഞ്ഞിരുന്നു.