കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് ദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആരോപണം നിഷേധിച്ച് ലക്ഷദ്വീപ് ഭരണകൂടം. ഇതുസംബന്ധിച്ച സത്യവാങ്മൂലം ഹൈകോടതിയിൽ സമർപ്പിച്ചു.
ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന ലക്ഷദ്വീപ് സ്വദേശികൾക്ക് കിറ്റ് നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോർഡ് അംഗവുമായ കെ.കെ. നാസിഹാണ് കോടതിയെ സമീപിച്ചത്.
ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തോട് കോടതി നിർദേശിച്ചിരുന്നു. ഇതിന് നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് കളക്ടർ എസ്. അസ്കർ അലി നിലപാട് വ്യക്തമാക്കിയത്.
പത്തു ദ്വീപുകളിലും ഭക്ഷണത്തിന് ബുദ്ധിമുട്ടില്ല. കേന്ദ്ര പദ്ധതി പ്രകാരം ദ്വീപിൽ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കിറ്റ് നൽകേണ്ട സാഹചര്യം നിലനിൽക്കുന്നില്ല. ആരോഗ്യ – വിദ്യാഭ്യാസ മേഖലകളില്‍ സൗജന്യ സേവനം ഉറപ്പാക്കുന്നുണ്ട്.
കൊറോണ പ്രതിസന്ധിക്കിടയിലും ഉപജീവന മാർഗങ്ങള്‍ തടഞ്ഞിരുന്നില്ലെന്നും കളക്ടർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.