പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ മേൽപാലത്തിന് സമീപത്തെ കേളോത്തെ സി.ലക്ഷ്മിക്കായി ലൈഫ് പദ്ധതിയിലുള്‍പ്പെടുത്തി വീടുനിര്‍മാണത്തിനായി നഗരസഭ അനുവദിച്ച പണം പൂര്‍ണമായും കൈപ്പറ്റിയിട്ടുണ്ടെന്ന് നഗരസഭ ചെയര്മാന്.
1,05,000 രൂപയാണ് മൂന്നു ഘട്ടങ്ങളിലായി ബാങ്കില്‍നിന്നും ലഭിച്ചതെന്നും ബാക്കിപ്പണത്തിന് എന്തുസംഭവിച്ചുവെന്നും അറിയില്ല എന്ന ലക്ഷ്മിയുടെ സഹായി ബാലചന്ദ്രന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാലുഘട്ടങ്ങളിലായാണ് വീടുനിര്‍മാണത്തിനായി ലക്ഷ്മിയുടെ അക്കൗണ്ടിലേക്ക് 3,15,000 രൂപ അനുവദിച്ച് നലകിയത്.
പിഎംഎവൈ – ലൈഫ് മിഷന് പദ്ധതി ആരംഭിച്ച ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാവാതെ പാതി വഴിയിലായ വീടുകള്‍ പൂര്‍ത്തിയാക്കുന്നതിന് നഗരസഭ മുന്‍ഗണന നല്‍കുകയും ഇതിന്റെ ഭാഗമായി മുടങ്ങിക്കിടന്നിരുന്ന വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി ലക്ഷ്മിക്ക് നാല് ഘട്ടങ്ങളിലായി 3,15,000 രൂപ അനുവദിച്ചു നല്‍കുകയുമായിരുന്നു.
സംസ്ഥാന പട്ടികജാതി വികസന വകുപ്പ് ഇവര്‍ക്ക് വീട് നിര്‍മിക്കുന്നതിനായി മുമ്പ് ഫണ്ട് അനുവദിച്ചിരുന്നു.വേറെ പദ്ധതി പ്രകാരമുള്ള തുകയായതിനാല്‍ ഈ പണം ലൈഫ് പദ്ധതിയുടെ പണത്തില്‍നിന്നും നഗരസഭ തിരിച്ച് പിടിച്ചിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്ദാനത്തെ ചൊല്ലിയുള്ള വിവാദം ചൂടുപിടിക്കുന്നതിനിടയില്‍ കിടപ്പുരോഗിയായി കഴിയുന്ന ലക്ഷ്മിയുടെ സഹായിയായി കഴിയുന്ന ബാലചന്ദ്രന് പറഞ്ഞ കാര്യങ്ങളുമായി പൊരുത്തപ്പെടാത്തതാണ് നഗരസഭയുടെ വെളിപ്പെടുത്തല്‍.