മോഹന്‍ലാല്‍ എന്ന നടന് ഏവര്‍ക്കും വിസ്മയമാണ്. എന്നാല്‍ ലാലെന്ന മനുഷ്യസ്നേഹിയെ അധികമൊന്നും ആര്‍ക്കും അറിയില്ല. പാലക്കാടുകാരന്‍ വേലപ്പനെ പോലുള്ളവര്‍ കണ്ട മോഹന്‍ലാല്‍ അങ്ങനെയുള്ളതാണ്. ഒറ്റപ്പാലത്ത് ഷൂട്ടിംഗിനായി വന്നെത്തുന്ന സിനിമാക്കാര് ആദ്യം അന്വേഷിക്കുന്ന ഒരു വ്യക്തിയുണ്ട്; വേലപ്പന്. വിശദമായി പറഞ്ഞാല്‍ സിനിമാക്കാരുടെ സ്വന്തമാണ് വേലപ്പേട്ടന്‍. വര്‍ഷങ്ങളുടെ പഴക്കമുണ്ട് ലാലും വേലപ്പേട്ടനും തമ്മിലുള്ള ബന്ധത്തിന്. വേലപ്പേട്ടനും മോഹന്‍ലാലുമായുളള ഊഷ്മള ബന്ധത്തിന്റെ കഥ ഇങ്ങനെ…
വര്‍ഷങ്ങള്‍ക്ക് മുമ്പ് ‘അടിവേരുകള്‍’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് വരിക്കാശേരി മനയില്‍ നടക്കുന്നു. അന്ന് വരിക്കാശേരി സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനായിരുന്നില്ല. മോഹന്‍ലാലിനെ ഒരുനോക്ക് കാണുവാന്‍ വേലപ്പേട്ടനും അവിടെയെത്തി. ദൂരെ നിന്ന് ഒരുവട്ടം കണ്ടു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം. ദേവാസുരത്തിന്റെ ഷൂട്ടിനായി ലാല്‍ വീണ്ടും വരിക്കാശേരിയില്‍. ഇക്കുറി ഷൂട്ടിംഗ് സംഘത്തിന്റെയൊപ്പം വേലപ്പേട്ടനും സഹായിയായി കൂടി.
സെറ്റില്‍ ഒതുങ്ങി നിന്നിരുന്ന വേലപ്പേട്ടനെ ശ്രദ്ധിച്ച മോഹന്‍ലാല്‍ അടുത്തേക്ക് വിളിപ്പിച്ചു. സംവിധായകന് ഐവി ശശിയാണ് ലാലിന് വേലപ്പേട്ടനെ പരിചയപ്പെടുത്തിയത്. ദേവസുരം പുറത്തിറങ്ങിയതോടെ വരിക്കാശേരിയും ഒറ്റപ്പാലവും ലോകശ്രദ്ധയാകര്‍ഷിച്ചു. പിന്നീട് പല സിനിമകളും ഒറ്റപ്പാലത്ത് പിറവിയെടുത്തു. അവയുടെയെല്ലാം പിറകില്‍ നിശബ്ദനായി വേലപ്പേട്ടനുമുണ്ടായി. ലാലുമായി ദേവാസുരത്തിന്റെ സെറ്റില്‍ തുടങ്ങിയ സൗഹൃദം ശക്തമായി തുടര്‍ന്നുവന്നു. ഒറ്റപ്പാലത്ത് എത്തിയാല്‍ വേലപ്പേട്ടനെ കാണാതെ ലാല്‍ മടങ്ങില്ല.
ആരുമറിയാതെ പലപ്പോഴായി അദ്ദേഹത്തെ സഹായിക്കുവാനും താരം മടികാണിച്ചില്ല. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് അക്കാലത്ത് ഉപദേശിക്കുമായിരുന്നു. അതിനായി പലപ്പോഴും സഹായിച്ചു. മികച്ച വിദ്യാഭ്യാസം നേടിയ വേലപ്പേട്ടന്റെ മകന് ശ്രീജിത്ത് ഇന്ന് അമേരിക്കയില്‍ എന്‍ജിനിയറാണ്. ശ്രീജിത്തിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കുവാനാണ് മോഹന്‍ലാല്‍ എത്തിയത്. മോഹന്‍ലാലിനോടുളള കടപ്പാട് വാക്കുകള്‍ക്ക് അപ്പുറമാണെന്ന് പറയുമ്പോള്‍ വേലപ്പേട്ടന്റെ കണ്ണുകള്‍ നിറഞ്ഞുതുളുമ്പും. വിവാഹനിശ്ചയ ചടങ്ങിലേക്ക് അപ്രതീക്ഷിതമായി മോഹന്‍ലാല്‍ കടന്നെത്തിയപ്പോള്‍ ഏവര്‍ക്കും ആശ്ചര്യം. ലാലിനെ കെട്ടിപ്പിടിച്ച് വീട്ടിലേക്ക് ക്ഷണിക്കുമ്പോള്‍ വേലപ്പേട്ടന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കാത്തതിന്റെ വിഷമം പറഞ്ഞ മോഹന്‍ലാല്‍ മകന്റെ വിവാഹത്തിന് ലോകത്തിന്റെ ഏത് കോണിലായാലും എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വിവാഹനിശ്ചയ സമയത്ത് എത്തുമെന്ന് ഒട്ടും വിചാരിച്ചില്ലെന്ന് വേലപ്പേട്ടന്‍ പറയുന്നു.