ഓടിട്ട വായനശാലയില്‍ നിന്ന് പുസ്തകങ്ങളുടെ കൊട്ടാരത്തിലേയ്ക്ക്! ഇതൊക്കെയാണ് പത്ത് വര്‍ഷ ചലഞ്ചെന്ന് സോഷ്യല്‍മീഡിയ; അത്ഭുതപ്പെടുത്തി രൂപമാറ്റം

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമായിരിക്കുന്ന ഒന്നാണ് പത്ത് വര്‍ഷ ചലഞ്ച്. താരങ്ങളുടെയും പ്രമുഖരുടെയുമെല്ലാം പത്ത് വര്‍ഷത്തെ വ്യത്യാസമുള്ള ചിത്രങ്ങളെല്ലാം ആളുകള്‍ ഏറ്റെടുത്ത് ആസ്വദിക്കുകയാണ്. എന്നാല്‍ അതിനേക്കാളെല്ലാം ആകര്‍ഷമായ മറ്റൊരു പത്ത് വര്‍ഷ ചലഞ്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

പയ്യന്നൂരിലെ ലാല്‍ ബഹദൂര്‍ വായനശാലയുടെ 2009 ലെ ഫോട്ടോയും 2019ലെ ഫോട്ടോയും ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഓടിട്ട പഴയ ഒറ്റ നില കെട്ടിടത്തില്‍ നിന്ന് കോണ്‍ക്രീറ്റായെന്നത് മാത്രമല്ല വായനശാലയുടെ മാറ്റം. വായനശാല അടിമുടി പുസ്തകങ്ങളുടെ ഒരു കൊട്ടാരമാക്കിയിരിക്കുകയാണ്. പുസ്തകം വേണ്ടാത്തവര്‍ വരെ ഈ വായനശാലയിലേയ്ക്ക് ആദ്യ കാഴ്ചയില്‍ തന്നെ കയറി പോകും.

അപ്രകാരം പുസ്തകങ്ങള്‍ അടുക്കി വെച്ച രൂപത്തിലാണ് കെട്ടിടത്തിന്റെ നിര്‍മ്മാണം. മലയാളത്തിലെ മഹോന്നത ഗ്രന്ഥങ്ങളെല്ലാം ചുവരില്‍ അടുക്കി വെച്ചിരിക്കുന്നുവെന്നേ തോന്നൂ. ഉള്ളിലും പുറത്തുമെല്ലാം പുസ്തകങ്ങള്‍ നിറഞ്ഞൊരു വായനശാലയാവുകയാണ് അക്ഷരാര്‍ത്ഥത്തില്‍ പയ്യന്നൂര്‍ കാരിയില്‍ ലാല്‍ ബഹദൂര്‍ വായനശാല. അരനൂറ്റാണ്ട് പ്രായമായ വായനശാലയുടെ മാറ്റം വായനാപ്രിയര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഞായറാഴ്ചയാണ് വായനശാലയുടെ ഉദ്ഘാടനം.

 

Related posts