കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ പ്രചരിക്കുന്ന വാചകങ്ങളുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സംവിധായകനും നടനുമായ ലാല്‍. സാമൂഹ്യമാധ്യമ അക്കൗണ്ടിലൂടെയാണ് ലാല്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
നാലു വര്‍ഷം മുമ്പുള്ള ദിവസങ്ങളില്‍ ദിലീപിനെ സംശയനിഴലില്‍ നിര്‍ത്തിയുള്ള മാധ്യമങ്ങളുടെ ചില ചോദ്യങ്ങളില്‍ നടത്തിയ പ്രതികരണം ഇന്ന് ദൃശ്യമില്ലാതെ ശബ്ദം മാത്രമായി പുതിയ അഭിപ്രായമെന്ന നിലയില്‍ പ്രചരിപ്പിക്കുകയാണ്.
ഇതിനെ ഒരുപാടുപേര് അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുകയും ചിലര്‍ അസഭ്യവര്‍ഷം വരെ നടത്തുന്നതിലും അസ്വസ്ഥനായതിനാലാണ് പ്രതികരിക്കുന്നതെന്ന് പറഞ്ഞ് കുറിപ്പിട്ടിരിക്കുന്നത്.
പ്രിയ നടി തന്റെ വീട്ടിലേക്കു അഭയം തേടി ഓടിയെത്തിയ ദിവസത്തിലും അതിനടുത്ത ദിവസങ്ങളിലും ഇരച്ചെത്തിയ മാധ്യമപ്രവര്‍ത്തകരോടു വീട്ടില്‍ സംഭവിച്ച കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നിട്ടുണ്ട്. അതല്ലാതെ ഇന്നു വരെയുള്ള ദിവസങ്ങളില്‍ ചാനലുകളിലോ പത്രങ്ങള്‍ക്കു മുന്നിലോ ഒന്നും സംസാരിച്ചിട്ടില്ല.
ആരാണ് കുറ്റക്കാരന്‍, ആരാണ് നിരപരാധി എന്നൊക്കെ വേര്‍തിരിച്ചെടുക്കാന്‍ പോലീസുണ്ട്, നിയമമുണ്ട്, കോടതിയുണ്ട്. അവരുടെ ജോലി അവര്‍ ചെയ്യട്ടെ. നിങ്ങളെ പോലെ എനിക്കും സ്വന്തമായി കണക്കുകൂട്ടലുകളും സംശയങ്ങളും കണ്ടെത്തലുകളുമുണ്ട്.
അതൊന്നും മറ്റുള്ളവരില്‍ കെട്ടിയേല്പ്പിക്കാനുള്ളതല്ലെന്നു തിരിച്ചറിയാനുള്ള സാമാന്യബോധം എനിക്കുള്ളതിനാല് തന്നെ പുതിയ പ്രസ്താവനകളുമായി ഒരിക്കലും ഞാന്‍ വരികയുമില്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഈ കുറിപ്പു കണ്ടതിനു ശേഷം അന്നു സത്യം തിരിച്ചറിയാതെ പോയ ലാല്‍ ഇന്നിതാ അഭിപ്രായം തിരുത്തിയിരിക്കുന്നു എന്ന തലക്കെട്ടുമായി വാര്‍ത്തകളില്‍ കുത്തിത്തിരുകരുതേ എന്ന അപേക്ഷയും യഥാര്‍ഥ കുറ്റവാളി അതാരായാലും ശിക്ഷിക്കപ്പെടട്ടേ, ഇരയ്ക്ക് നീതി ലഭിക്കട്ടെ എന്നീ വരികളോടെയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.