ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ മോഹന്‍ലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് ലാല്‍ ജോസ്. മോഹന്‍ലാല്‍ കോളേജ് അദ്ധ്യാപകന്റെ വേഷത്തിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ലാല്‍ ജോസ് കാണുന്നത്. ഇത്ര നാളും മോഹന്‍ലാലുമൊത്ത് ഒരു സിനിമ ചെയ്യാതിരുന്നതിന്റെ കാരണവും ലാല്‍ജോസ് വിശദീകരിക്കുന്നു. രണ്ട് വട്ടം സിനിമയുമായി ലാലിനെ സമീപിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് നടന്നില്ലെന്ന് ലാല്‍ ജോസ് പറയുന്നു. ബലരാമന്‍ എന്ന കഥാപാത്രമായി മോഹന്‍ലാലിനെ നായകനാക്കി സിനിമയെടുക്കാന്‍ തീരുമാനിച്ചിരുന്നു. സുരേഷ് ബാബുവിന്റേതായിരുന്നു ഐഡിയ.
അതാണ് പിന്നീട് ചില മാറ്റങ്ങള്‍ വരുത്തി എം. പദ്മകുമാര്‍ ശിക്കാര്‍ എന്ന സിനിമയാക്കിയത്. ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്റെ കസിന്‍സ് എന്ന ചിത്രം മോഹന്‍ലാലിനെ വെച്ച് എടുക്കണമെന്ന് കരുതിയിരുന്നു. എന്നാല്‍ അതും നടന്നില്ല. കഥാപാത്രത്തിലെ വ്യത്യസ്തത തന്നെയാണ് പുതിയ ചിത്രത്തിന്റെ ഏറ്റവും വലിയ ചലഞ്ചെന്നും ലാല്‍ ജോസ് പറയുന്നു. രണ്ട് വര്‍ഷത്തോളം ചില സിനിമകളുമായി ബന്ധപ്പെട്ട് പോയി. അതില്‍ ഒന്ന് നിവിന്‍ പോളിയെ നായകനാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതായിരുന്നു. നിവിന്‍ പോളിയുമായി ഒരു ചിത്രം ആലോചിച്ചിരുന്നു. ബോബി സഞ്ജയുടേതായിരുന്നു ചിത്രത്തിന്റെ തിരക്കഥ. വണ്‍ലൈന്‍ കഥ കേട്ടപ്പോള്‍ നിവിന്‍ ഓക്കെയായിരുന്നു. എന്നാല്‍ സ്‌ക്രിപ്റ്റ് കേട്ടുകഴിഞ്ഞപ്പോള്‍ അത്ര കോണ്‍ഫിഡന്റ് ആയി തോന്നിയില്ല.
ചിത്രത്തിലെ നായക നടന്‍ തന്നെ കോണ്‍ഫിഡന്റ് അല്ലെന്ന് പറയുമ്പോള്‍ ആ ചിത്രവുമായി മുന്നോട്ടുപോകാന്‍ തോന്നിയില്ല. മറ്റൊന്ന് ശ്രീനിവാസനെ കൊണ്ട് തിരക്കഥ എഴുതിച്ച് ടൊവിനോയെ നായകനാക്കി ചെയ്യാന്‍ ഉദ്ദേശിച്ചതായിരുന്നു. ചില ന്യൂജനറേഷന്‍ ചിത്രങ്ങളില്‍ അസിസ്റ്റ് ചെയ്ത പയ്യന്റേതായിരുന്നു കഥ. ചിത്രത്തെ കുറിച്ച് ശ്രീനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. സ്വന്തംപോക്കറ്റില്‍ നിന്ന് പണം മുടക്കി ചിത്രമെടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. എന്നോട് സംവിധാനം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ചിത്രത്തിന്റെ കഥയെ കുറിച്ച് അസിസ്റ്റന്റുമാരുമായി സംസാരിച്ചപ്പോള്‍ അവര്‍ ഒരു സ്പാനിഷ് ചിത്രവുമായി അതിനുള്ള സാമ്യത്തെകുറിച്ച് പറഞ്ഞു. അതോടെ അതും ഉപേക്ഷിച്ചു. അങ്ങനെ ആ രണ്ട് ചിത്രങ്ങളും നടക്കാതെ പോയെന്നും ലാല്‍ ജോസ് പറയുന്നു.