സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന കാലം മുതല്‍ ദിലീപുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് സംവിധായകന്‍ ലാല്‍ ജോസ്. സംവിധായകന്‍ കമലിന്റെ സഹസംവിധായകരായി ഒന്നിച്ച് പ്രവര്‍ത്തിച്ചവരാണ് ലാല്‍ ജോസ്, ദിലീപ്, സംവിധായകന്‍ അക്കു അക്ബര്‍ എന്നിവര്‍. അക്കാലത്ത് നടന്ന രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ലാല്‍ജോസ്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലാല്‍ ജോസ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മിടുക്കനായിരുന്നു അക്കു അക്ബര്‍. അക്കു ആണ് ഞങ്ങള്‍ക്കിടയില്‍ ആദ്യമായി ടെലിഫിലിം ചെയ്യുന്നത്. ‘പെയ്തൊഴിയാതെ’ എന്നായിരുന്നു പേര്. രണ്ട് സിനിമ കഴിഞ്ഞപ്പോള്‍ തന്നെ അവന്‍ ആ സ്‌ക്രിപ്റ്റ് എഴുതി. ടെലിഫിലിമിന്റെ പൂജ കമല്‍സാറാണ് സ്വിച്ച് ഓണ്‍ ചെയ്യുന്നത്. ആര്‍ട്ട് അസിസ്റ്റന്റാണ് തേങ്ങയില്‍ കര്‍പ്പൂരം കത്തിച്ച് കാമറ ഉഴിയേണ്ടത്. പക്ഷേ, അക്കു അക്ബര്‍ വെപ്രാളം കൊണ്ട് കമല്‍സാറിന്റെ കൈയിലേക്കാണ് തേങ്ങയും കര്‍പ്പൂരവുമെടുത്ത് കൊടുത്തത്. പുഞ്ചിരിയോടെ അതു വാങ്ങി അദ്ദേഹം കാമറ ഉഴിഞ്ഞു. ഇനി അതുടയ്ക്കണം. ഞാന്‍ തേങ്ങ വാങ്ങാന്‍ കൈ നീട്ടുമ്പോഴേക്കും സാറിനെ പ്രീതിപ്പെടുത്താന്‍ ദിലീപ് ചാടി വീണു.
കമല്‍ സാറിനെ സോപ്പിട്ട് നില്‍ക്കുന്നതില്‍ അവനായിരുന്നു മിടുക്കന്‍. വാങ്ങിക്കഴിഞ്ഞാണ് അവന്‍ ഞെട്ടിയത്. അതൊരു മണല്‍ പ്രദേശമായിരുന്നു. തേങ്ങയുടയ്ക്കാന്‍ ഒരു കഷണം കല്ലുപോലും ഇല്ല. അവനെന്നെ ദയനീയമായി നോക്കുന്നുണ്ട്. ഒടുവില്‍ ഒരു ചെറിയ കഷണം കല്ലു കിട്ടി. ഉള്ള ശക്തി മുഴുവനുമെടുത്ത് ഒറ്റയേറ്. തേങ്ങയിലെ കൂര്‍ത്തുനില്‍ക്കുന്ന ചകിരിയുള്ള ഭാഗമാണ് കല്ലില്‍ കുത്തി വീണത്. ചക്രം പോലെ കറങ്ങിയതല്ലാതെ തേങ്ങ പൊട്ടിയില്ല. നിമിത്തത്തില്‍ വിശ്വസിക്കുന്നവരാണല്ലോ സിനിമാക്കാര്‍. അക്കു നെഞ്ചത്ത് കൈവെച്ചു കൊണ്ടു പറഞ്ഞു. പതിനാറ് പ്രാവശ്യമാടാ കറങ്ങിയത്. അത്രയും ദിവസം കഴിയും ഇതൊന്ന് പൂര്‍ത്തിയാക്കാന്‍. പറഞ്ഞത് പോലെ ഒന്നര വര്‍ഷം കഴിഞ്ഞാണ് ആ ടെലിഫിലിം പുറത്തിറങ്ങിയത്.