ചാലക്കുടി: മരണശേഷം കലാകാരന്മാർ വിസ്മരിക്കപ്പെടുന്പോൾ കലാഭവൻ മണി ഇപ്പോഴും ജീവിച്ചിരിക്കുന്നതുപോലെയാണെന്ന് പ്രശസ്ത സിനിമാ സംവിധായകൻ ലാൽ ജോസ്. കലാഭവൻ മണി സ്മാരക ട്രസ്റ്റിന്റെ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കലാഭവൻമണിയെ ഇപ്പോഴും സംസ്ഥാനത്തിന്റെ ഭാഗങ്ങളിലും തമിഴ്നാട്ടിൽപോലും അനുസ്മരിക്കുന്നതായി അദ്ദേഹം തുടർന്നു പറഞ്ഞു. ചാലക്കുടിയെ വളരെയധികം സ്നേഹിച്ച കലാഭവൻ മണിക്ക് ചാലക്കുടിക്കാർ സ്നേഹം തിരിച്ചുനൽകുകയാണെന്ന് ലാൽ ജോസ് പറഞ്ഞു. നഗരസഭ ചെയർപേഴ്സണ്‍ ജയന്തി പ്രവീണ്‍കുമാർ അധ്യക്ഷത വഹിച്ചു. കലാഭവൻ സെക്രട്ടറി കെ.എസ്.പ്രസാദ് ആദ്യ അംഗത്വം ഏറ്റുവാങ്ങി.
എൻ.കുമാരൻ, സി.എസ്.സുരേഷ് എന്നിവരും അംഗത്വം ഏറ്റുവാങ്ങി. വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ, സിനിമ സംവിധായകൻ സുന്ദർദാസ്, ക്ഷേമകാര്യ ചെയർമാൻ പി.എം.ശ്രീധരൻ, പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ, കണ്‍വീനർ അഡ്വ. കെ.ബി.സുനിൽകുമാർ, യു.എസ്.അജയ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.