ലാല്‍ജോസിന്റെ ഫ്ളോപ്പ് ചിത്രങ്ങളുടെ പട്ടികയിലാണ് ദിലീപ് നായകനായ രസികന്റെ സ്ഥാനം. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത് രാജീവ് രവിയായിരുന്നു. നിരവധി പ്രശ്നങ്ങള്‍ക്കൊടുവിലാണ് രസികന്‍ പ്രദര്‍ശനത്തിനെത്തിയത്. തിയേറ്റര്‍ പ്രിന്റ് ഇരുണ്ടുപോയത് ക്യാമറയുടെ പ്രശ്നം കൊണ്ടാണെന്ന തരത്തില്‍ ഇന്‍ഡസ്ട്രിയില്‍ ചിലര്‍ വാര്‍ത്ത പ്രചരിപ്പിച്ചു.
ഈ പ്രചരണം രാജീവ് രവിയില്‍ ചില തെറ്റിദ്ധാരണകള്‍ ജനിക്കാന്‍ കാരണമായെന്ന് ലാല്‍ ജോസ് പറയുന്നു. ലാബില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതായിരുന്നു കാരണം. അതുകൊണ്ടാണ് തിയേറ്റര്‍ പ്രിന്റ് ഇരുണ്ടു പോയത്. ചിത്രം പരാജയപ്പെട്ടത് ക്യാമറയുടെ പ്രശ്നങ്ങള്‍ കാരണമായെന്ന് ചിലര്‍ പറഞ്ഞു പരത്തി.
അതിന് തൊട്ടുമുമ്പ് ഇറങ്ങിയ മീശമാധവന് എന്ന സിനിമയുടെ കളര്‍ഫുള്‍ ഫ്രെയിമുകളുമായാണ് രസികനെ ചിലര്‍ താരതമ്യം ചെയ്തത്. ഇന്നാണ് രസികന്‍ പുറത്തിറങ്ങിയത് എങ്കില്‍ അതൊരു ന്യൂജനറേഷന് ചിത്രമായേനെ. അതിന്റെ പരാജയം രാജീവ് രവിയുടെ തലയിലാണ് വന്നത്. അങ്ങിനെ അടുത്ത ചിത്രമായ ചാന്തുപൊട്ട് ആരുചെയ്യും എന്ന ചര്‍ച്ചയില്‍ രാജീവ് രവി വേണ്ടെന്ന് നിര്‍മ്മാതാവില്‍ നിന്ന് എതിര്‍പ്പുണ്ടായി. അങ്ങിനെ രാജീവിനെ മാറ്റി അഴകപ്പനെ വെച്ചു.
രാജീവിന് ദിലീപിനോട് പിണക്കമായി. ദിലീപ് പറഞ്ഞിട്ടാണ് അദ്ദേഹത്തെ മാറ്റിയതെന്ന് രാജീവ് വിചാരിച്ചു. അതിന്റെ പേരില്‍ ഞാനും ദിലീപും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്. സത്യങ്ങള്‍ ഞാന്‍ പോലുമറിയുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. രാജീവിനെ വെച്ച് ഒരു ഹിറ്റ് സിനിമ ചെയ്യണമെന്ന് അന്നേ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അങ്ങനെയാണ് ക്ലാസ്മേറ്റ്സ് ചെയ്യുന്നത്- ലാല്‍ ജോസ് ഒരു സിനിമപ്രസിദ്ധീകരണത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.