കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത എത്തുന്നുവെന്ന് സൂചന. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ അംബാസിഡറായി കേരളത്തിന്റെ അഭിമാനമായ താരം മോഹന്‍ലാല്‍ വരുമെുന്നു സൂചന. ഇന്നു നടക്കുന്ന ജേഴ്സി പ്രകാശന ചടങ്ങില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നാണു കരുതുന്നത്. കൊച്ചിയിലെ ബോള്‍ഗാട്ടി ഗ്രാന്‍ഡ് ഹയാതില്‍ വെച്ചാണ് ജേഴ്സി പ്രകാശനം.
പുതിയ സീസണു തൊട്ടു മുന്‍പായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശം സച്ചിന് ടെണ്ടുല്‍ക്കര്‍ കൈവിട്ടത് കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയുടെ ആരാധകരെ നിരാശരാക്കിയിരുന്നു. ഈ നിരാശയില്‍ നിന്ന് ആരാധകരെ കരകയറ്റാന്‍ പുതിയ ബ്രാന്‍ഡ് അംബാസിഡര്‍ക്കു സാധിക്കുമെന്നാണ് ഉടമസ്ഥരുടെ പ്രതീക്ഷ. കേരളക്കര നെഞ്ചേറ്റിയ താരങ്ങളില്‍, മോഹന്‍ലാലിനോളം ജനപ്രീതി മറ്റാര്‍ക്കുമില്ലെന്നതാണ് ഉടമസ്ഥരെ മോഹന്ലാലിലെയ്ക്കെത്തിച്ചതെന്നാണു വിവരം.
ഈ വാര്‍ത്ത സത്യമാവുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്തിയ കേരള ബ്ലാസ്റ്റേഴ്സ് കൂടുതല്‍ ഉയരങ്ങള്‍ സ്വന്തമാക്കാനാവും. സെപ്റ്റംബര്‍ 29ന് കൊല്‍ക്കത്തയില്‍ എ.ടി.കെകെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.
ആദ്യ സീസണ് മുതല്‍ ടീമിന്റെ സഹഉടമയായിരുന്ന സച്ചിന് തന്റെ ഓഹരികള്‍ വിറ്റഴിച്ചതോടെ നിലവില്‍ തെലുഗു സൂപ്പര്‍ താരം ചിരഞ്ജിവി, നാഗാര്‍ജുന, അല്ലു അരവിന്ദ്, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഉടമകള്‍.
സച്ചിന് വിറ്റ ഓഹരികള്‍ ലുലു ഗ്രൂപ്പ് വാങ്ങുമെന്ന് ആദ്യം അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഓഹരികള്‍ മറ്റാര്‍ക്കും വില്‍ക്കുന്നില്ലെന്ന് മറ്റ് ഉടമകള്‍ തീരുമാനിക്കുകയായിരുന്നു.