മാഡ്രിഡ്: ലാ ലിഗ ഫുട്ബോള്‍ ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നു മത്സരം കൂടിശേഷിക്കേ ആദ്യ നാലു സ്ഥാനത്തുള്ള ആര്‍ക്കും കിരീടം നേടാവുന്ന സ്ഥിതിയാണ്. സെവിയ്യയുമായി 2-2 സമനിലയില്‍ പിരിഞ്ഞ റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണാവസരം നഷ്ടമാക്കി.
എന്നാല്‍, സ്വന്തം കളത്തില്‍ നടന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ ഗോള്‍ നേടി റയല്‍ സമനില പിടിക്കുകയായിരുന്നു. ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടാതിരുന്ന എഡന്‍ ഹസാര്‍ഡിന്റെ ഗോളാണു റയലിനു നിര്‍ണായകമായ ഒരു പോയിന്റ് സമ്മാനിച്ചത്.
35 കളിയില്‍ 77 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ഒന്നാം സ്ഥാനത്തു തുടരുന്നു. 75 പോയിന്റ് വീതമുള്ള റയലും ബാഴ്സലോണയുമാണു രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നാലാമതുള്ള സെവിയ്യയ്ക്ക് 71 പോയിന്റാണ്. റഫറിയുടെ വിഎആര്‍ പരിശോധനയില്‍ വിവാദവുമുണ്ടായി.
22-ാം മിനിറ്റില്‍ ഫെര്‍ണാണ്ടോ സെവിയ്യയെ മുന്നിലെത്തിച്ചു. ഇതിനു മുമ്പ് കരിം ബെന്‍സമയുടെ ഹെഡര്‍ ഗോള്‍ ഓഫ് സൈഡില്‍ കുടുങ്ങി. റയലിന്റെ രണ്ടു പ്രതിരോധക്കാരെ കബളിപ്പിച്ചാണു ഫെര്‍ണാണ്ടോ വലകുലുക്കിയത്.
രണ്ടാം പകുതിയില്‍ റയലിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെട്ടു. ഇതിന് അര്‍ഹിച്ച ഗോള്‍ റയല്‍ നേടുകയും ചെയ്തു. 67-ാം മിനിറ്റില്‍ ടോണി ക്രൂസിന്റെ പാസില്‍ മാര്‍കോ അസന്‍സിയോ റയലിന് സമനില നല്കി. എന്നാല്‍ ലീഡ് നേടാനുള്ള റയലിന്റെ ശ്രമങ്ങള്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയേറ്റു.
ബെന്‍സമ ഒരു പെനല്‍റ്റി നേടിയെടുത്തു. ഗോള്‍കീപ്പര്‍ ബോനോ ബെന്‍സമയെ വീഴ്ത്തിയതാണ് പെനല്‍റ്റിക്കു വഴിയൊരുക്കിയത്. എന്നാൽ ഇതു കണ്ടതായി റഫറി നടിച്ചില്ല. 74-ാം മിനിറ്റില്‍ പെനല്‍റ്റി ഏരിയയില്‍ എഡര്‍ മിലിറ്റോ ഹാന്‍ഡ്ബോള്‍ വരുത്തിയെന്നു വിഎആറിലൂടെ വ്യക്തമായി.
റഫറി സ്പോട് കിക്കിനായി സെവിയ്യയ്ക്ക് അനു കൂലമായി വിരൽ ചൂണ്ടി. കിക്കെടുത്ത ഇവാന് റാക്കിട്ടിച്ച് (77’) പിഴവൊന്നും വരുത്തിയില്ല.
സമനിലയ്ക്കായി റയല്‍ പൊരുതിക്കൊണ്ടിരുന്നു. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ക്രൂസ് നടത്തിയൊരു പരീക്ഷണം വിജയിക്കുകയും ചെയ്തു. വലയിലേക്കു തൊടുത്ത ഷോട്ട് ഹസാര്‍ഡിന്റെ കാലില്‍ തട്ടി സെവിയ്യയുടെ വലയില്‍ വീണു.
മറ്റ് മത്സരങ്ങളില്‍ സെല്‍റ്റി വിഗോ 4-2ന് വിയ്യാറയലിനെ തോല്പിച്ചു. വലന്‍സിയ 3-0ന് റയല്‍ വയ്യാഡോലിഡിനെ പരാജയപ്പെടുത്തി. ഐബര്‍ 1-0ന് ഗെറ്റാഫെയെ തോല്പിച്ചു.