പൂച്ചാക്കൽ: സ്വന്തമായി പേര് ചുമരിലെഴുതി വോട്ട് തേടുകയാണ് വ്യത്യസ്തനാം ലാലൻ. പാണാവള്ളി പഞ്ചായത്ത് പതിമൂന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥിയാണ് കവിയും ആർട്ടിസ്റ്റുമായ പൂച്ചാക്കൽ ലാലൻ.
എന്നാൽ ജീവിത മാർഗം മറ്റ് സ്ഥാനാർഥികളുടെ ചുവരെഴുത്തും ബാനർ തയാറാക്കലുമാണ്. വീട്ടിൽ മറ്റ് സ്ഥാനാർഥികളുടെ ബാനറുകൾ നിറഞ്ഞിരിക്കുന്നത് കാണുമ്പോൾ ഇത് എൽഡിഎഫ് സ്ഥാനാർത്ഥി പൂച്ചാക്കൽ ലാലന്റെ വീടു തന്നെയാണോ എന്ന് വരുന്നവർക്ക് സംശയം തോന്നാം.
കഴിഞ്ഞ നാൽപ്പതു വർഷമായി ചുവരും ബാനറും എഴുതുന്നതിൽ സജീവമാണ് പൂച്ചാക്കൽ ലാലൻ.അടുത്ത കാലത്ത് ഫ്ലക്സ്, പ്ലാസ്റ്റിക് എന്നിവ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയപ്പോൾ ചുവരെഴുത്തിന് കുറവ് വന്നിരുന്നു.എന്നാൽ ഇവയ്ക്ക് പിടി വീണപ്പോൾ വീണ്ടും ചുവരെഴുത്ത് സജീവമായി.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ലാലൻ സജീവമായിരുന്നു. 2010 -15 കാലയളവിൽ പതിമൂന്നാം വാർഡിൽ നിന്നും മത്സരിച്ച് വിജയിച്ചിരുന്നു. ഇപ്പോൾ മത്സരിക്കുന്നതും ഇവിടെ തന്നെയാണ്.
നിരവധി കഥയും കവിതകളും രചിച്ചിട്ടുള്ള പൂച്ചാക്കൽ ലാലൻ യുവകലാസഹിതി, ഇപ്റ്റ എന്നീ സംഘടനകളിൽ സജീവമാണ്. പാണാവള്ളി പന്ത്രണ്ടാം വാർഡിൽ വാപ്പുഴ വീട്ടിൽ എഴുത്തുപുര എന്ന പേരിലാണ് ബാനറുകൾ എഴുതുന്നത്. ഭാര്യ. ബിന്ദു.