മാനന്തവാടി: വോട്ട് വേണോ…? എന്നാൽ ഞങ്ങൾക്ക് ഒരു കളി സ്ഥലം വേണം. ഇങ്ങനെയൊരു ആവശ്യമാണ് എടവക പഞ്ചായത്തിലെ കമ്മന കുരിശിങ്കലിലെ ഒരു കൂട്ടം യുവാക്കൾ സ്ഥാനാർഥികൾക്ക് മുന്നിൽ ഉയർത്തുന്നത്.
ഞങ്ങളുടെയും ഞങ്ങളുടെ വീട്ടുകാരുടെയും വോട്ട് കളിസ്ഥലം തരുന്നവർക്ക് എന്നെഴുതിയ ബാനറാണ് രാഷ്ട്രീയത്തിലെ സകല കളികളും പുറത്തെടുക്കുന്ന സ്ഥാനാർഥികൾക്ക് മുന്നിൽ വെല്ലുവിളി ഉയർത്തുന്നത്.
കളിസ്ഥലമില്ലാത്തതിനാൽ പ്രദേശത്തെ യുവാക്കളും കുട്ടികളും റോഡുകളെയാണ് ആശ്രയിക്കുന്നത്. ഇത് പലപ്പോഴും സമീപത്തെ വീട്ടുകാരുമായും കാൽനടയാത്രക്കാരുമായും വാക്കേറ്റങ്ങൾക്കും കാരണമാകാറുണ്ട്.
ക്രിക്കറ്റ്, വോളിബോൾ, ഫുട്ബോൾ എന്നിവക്കുള്ള മൈതാനങ്ങൾ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലുമില്ല എന്നതാണ് വസ്തുത. കമ്മന കുരിശിങ്കലിന് പുറമേ പിലാക്കാവ്, പേര്യ, ഇരുമനത്തൂർ, ആലാറ്റിൽ എന്നിവിടങ്ങളിൽ നിന്നെല്ലാം ഈ ആവശ്യം ഉയരുന്നുണ്ട്.
വരും തലമുറക്കെങ്കിലും പ്രയോജനപ്പെടട്ടെ എന്ന ലക്ഷ്യത്തോടെയാണ് തെരത്തെടുപ്പ് മുന്നിൽ കണ്ട് ഇത്തരം ബാനർ സ്ഥാപിച്ചതെന്ന് യുവാക്കൾ പറഞ്ഞു.
കായിക പ്രേമികളുള്ള ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം ബാനറുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂട് പിടിക്കുന്നതൊടെവരും ദിവസങ്ങളിലും ഇത്തരം ആവശ്യങ്ങളുമായി പലരും രംഗത്ത് വരുമെന്നാണ് കരുതുന്നത്.