ഐസ്വാൾ: ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ഗാർഡായിരുന്ന, മുൻഐപിഎസ് ഉദ്യോഗസ്ഥൻ ലാൽദുഹോമ നാലുവർഷംമുന്പ് തുടങ്ങിയ സോറം പീപ്പിൾസ് മൂവ്മെന്റ് പാർട്ടി അഴിച്ചുവിട്ട കൊടുങ്കാറ്റിൽ മിസോ നാഷണൽ ഫ്രണ്ട് കൂപ്പുകുത്തി.
മുപ്പതു വർഷക്കാലം മുതിർന്ന കോൺഗ്രസ് നേതാവ് ലാൽ തൻഹാവാലയും എംഎൻഎഫിന്റെ സോറംതങ്കയും മാറിമാറി ഭരിച്ച മുഖ്യമന്ത്രിക്കസേര ഇനി സെഡ്പിഎം സ്ഥാപക നേതാവ് ലാൽദുഹോമയ്ക്കു സ്വന്തം.
ഇന്നലെ വോട്ടെണ്ണി തീർന്നപ്പോൾ സെർച്ചിപ്പിൽ എതിരാളിയായ എംഎൻഎഫ് സ്ഥാനാർഥി ജെ.എം. വാൻചിംഗിനെ 2982 വോട്ടുകൾക്കാണ് 73 കാരനായ ലാൽദുഹോമ തറപറ്റിച്ചത്. 1984ൽ കോൺഗ്രസ് സീറ്റിലാണ് ലാൽദുഹോമ ആദ്യം നിയമസഭയിലേക്കു മത്സരിച്ചത്.
എന്നാൽ, പീപ്പിൾസ് കോൺഫറൻസ് പാർട്ടി സ്ഥാനാർഥി ലാൽഹംസാങ്കയോട് 846 വോട്ടുകൾക്കു പരാജയപ്പെട്ടു. അതേ വർഷം ലോക്സഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
മുഖ്യമന്ത്രി ലാൽതൻഹവ്ലയ്ക്കെതിരേ വിമതപ്രവർത്തനം നടത്തിയതിന് 1986ൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും പാർട്ടി അംഗത്വവും രാജിവയ്ക്കേണ്ടിവന്ന ലാൽദുഹോമ, കൂറുമാറ്റ നിരോധന നിയമപ്രകാരം 1988ൽ പുറത്തായ ആദ്യ എംപികൂടിയാണ്.
മിസോറം പീപ്പിൾസ് കോണ്‍ഫറൻസ്, സോറം നാഷണലിസ്റ്റ് പാർട്ടി, സോറം എക്സോഡസ് മൂവ്മെന്റ്, സോറം ഡീസെന്ററലൈസേഷൻ ഫ്രണ്ട്, സോറം റിഫർമേഷൻ ഫ്രണ്ട്, മിസോറം പീപ്പിൾസ് പാർട്ടി എന്നിങ്ങനെ ആറു പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയാണ് സോറം പീപ്പിൾസ് മൂവ്മെന്റ്.
മദ്യനിരോധനം ഉൾപ്പെടെയുള്ള സാമൂഹിക വിഷയങ്ങളിലൂടെ ജനശ്രദ്ധ നേടിയ ഈ കൂട്ടായ്മ 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ട്രയൽ റണ്‍ എന്ന നിലയിൽ സ്വതന്ത്രരുടെ പിന്തുണയോടെ 40 സീറ്റിൽ 36 ലും മത്സരിച്ച് എട്ടു സീറ്റ് കരസ്ഥമാക്കി. 2019ൽ തെരഞ്ഞെടുപ്പു കമ്മീഷൻ സെഡ്പിഎമ്മിനെ ഔദ്യോഗിക പാർട്ടിയായി അംഗീകരിച്ചു.
2019ൽ മിസോറം പീപ്പിൾസ് കോണ്‍ഫറൻസുമായി സഖ്യം ഉപേക്ഷിച്ചതോടെ പൂർണ സ്വതന്ത്ര പാർട്ടിയായി സെഡ്പിഎം മാറി. 2018ൽ അഞ്ചു തവണ മുഖ്യമന്ത്രിയായിരുന്ന ലാൽതൻഹാവ്ലയെ 410 വോട്ടുകൾക്ക് സെർച്ചിപ്പിൽനിന്നു പരാജയപ്പെടുത്തിയതോടെയാണ് ലാൽദുഹോമയുടെ തലവര മാറിയത്.