വാഹനത്തിനായി ഇഷ്ട നന്പർ സ്വന്തമാക്കുന്നത് ഇപ്പോൾ അസാധാരണ സംഭവമല്ല. പ്രിയപ്പെട്ട നമ്പറിനായി ലക്ഷക്കണക്കിന് രൂപയ്ക്ക് ലേലം വിളിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ വാഹനത്തിന്റെ വിലയുടെ അനേകം ഇരട്ടി തുകയ്ക്ക് ഇഷ്ട നന്പർ ലേലത്തിൽ വിളിച്ചാലോ?
ചണ്ഡീഗഢിൽ കഴിഞ്ഞ ദിവസം 0001 എന്ന വിഐപി നമ്പർ 15.44 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ പോയത്.
ചണ്ഡീഗഡ് നിവാസിയായ ബ്രിജ് മോഹൻ തന്റെ സ്കൂട്ടറിന് വേണ്ടിയാണ് ഈ വിഐപി നമ്പർ വാങ്ങിയത്.
എന്നാൽ ഈ സ്കൂട്ടിയുടെ വില 71000 രൂപയാണെന്നതാണ് രസകരമായ കാര്യം. CH-01 CJ 0001 എന്ന നമ്പരാണ് ബ്രിജ് മോഹൻ തന്റെ സ്കൂട്ടിയ്ക്കായി സ്വന്തമാക്കിയത്.
ഈ നമ്പരിന് വേണ്ടി 100 രൂപ മുതലാണ് ലേലം വിളി തുടങ്ങിയത്. ഒടുവിൽ 15.44 ലക്ഷത്തിനാണ് നമ്പർ സ്വന്തമാക്കിയത്.
തന്റെ കുട്ടിയുടെ ആവശ്യപ്രകാരമാണ് ഇത്രയും പണം മുടക്കി ഈ നമ്പർ വാങ്ങിച്ചതെന്ന് ബ്രിജ് മോഹൻ പറയുന്നു.
“ഞാൻ ആദ്യം നമ്പറിന് അപേക്ഷിച്ചപ്പോൾ, ഒരു വിഐപി നമ്പർ വേണമെന്ന് കരുതി,” അദ്ദേഹം പറഞ്ഞു.
ഇതോടെയാണ് ചണ്ഡീഗഡ് ആർടിഒയ്ക്ക് കീഴിലുള്ള സിജെ സീരീസിലുള്ള 0001 എന്ന നമ്പരിനു വേണ്ടി ശ്രമിച്ചത്.
തങ്ങളുടെ ആക്ടിവ സ്കൂട്ടറിൽ ഈ വിഐപി നമ്പർ ഉപയോഗിക്കുമെന്ന് ബ്രിജ് മോഹൻ പറഞ്ഞു.