കുര്യൻ കുമരകം
കുമരകം: മാവേലിക്കര പോലീസ് ഇന്നലെ പിടികൂടിയ നിരവധി മോഷണക്കേസുകളിലെ പ്രതിയായ കുമരകത്തെ ലോട്ടറി വില്പനക്കാരൻ പകൽ മാന്യൻ.
വർഷങ്ങളായി കുമരകത്ത് വാടകയ്ക്ക് താമസിക്കുന്ന ഇയാൾ പെരും കള്ളനാണെന്ന് നാട്ടുകാർ അറിഞ്ഞത് ഇന്നലെയാണ്.
ചക്രംപടിയിലെ വിവിധ വീടുകളിൽ വാടകയ്ക്ക് താമസിക്കുകയും പ്രദേശത്ത് ലോട്ടറി വില്പനയും തടി കച്ചവടവും ചെയ്തുവന്ന ആലപ്പുഴ സ്വദേശി ലാലിച്ച (60)നെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് കുമരകം നിവാസികൾ സത്യമറിഞ്ഞത്. 20ൽപ്പരം മോഷണ കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്ന് പോലീസ് പറയുന്നു.
2019ൽ കൊറ്റാർകാവിൽ നിന്നും 23 പവൻ മോഷ്ടിച്ചതും താനാണെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മാവേലിക്കര ക്ഷേത്രത്തിന് സമീപം മുരളി കൃഷ്ണന്റെ വീട്ടിൽ മോഷണം നടത്തുന്നത് സിസിടിവിയിൽ പതിഞ്ഞതോടെയാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
കുമരകത്ത് നിന്നും മാവേലിക്കരയിലെത്തിയായിരുന്നു പലപ്പോഴും മോഷണം. മോഷണത്തിനുശേഷം തിരിച്ച് കുമരകത്ത് എത്തി ലോട്ടറി വില്പന പോലുള്ള ജോലികൾ ചെയ്തു വരികയായിരുന്നു. കുമരകത്ത് ആർക്കും ഒരു സംശയത്തിനിട നൽകിയിരുന്നില്ല.
സാന്പത്തികമായി ഞെരുക്കം ഉണ്ടാകുന്ന സന്ദർഭങ്ങളിലാണ് മോഷണത്തിനിറങ്ങിയിരുന്നത്. വെള്ള ഉടുപ്പും മുണ്ടും ധരിച്ചു കൈയ്യിൽ ഒരു പത്രവുമായി മാന്യമായി വസ്ത്രധാരണം ചെയ്തു ട്രെയിനിൽ എത്തി പകൽ നഗരത്തിലൂടെ നടന്ന് പൂട്ടി കിടക്കുന്ന വീടുകൾ നോക്കിവയ്ക്കുകയും, തുടർന്ന് ബാറിൽ കയറി മദ്യപിക്കുകയും ചെയ്യും.
സിനിമാ തീയറ്ററിൽ സെക്കൻഡ് ഷോക്ക് കയറിയും സമയം ചെലവഴിച്ച ശേഷം മോഷണത്തിനിറങ്ങുന്നതാണ് ഇയാളുടെ പതിവ് രീതി.മോഷണം നടത്താൻ കണ്ടു വച്ച വീടിനു സമീപം നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്നാണ് ഭവനഭേദനത്തിനുള്ള കന്പിയും മറ്റും എടുക്കുന്നത്.
അവിവാഹിതനായ ഇയാൾ മോഷ്ടിച്ചു കിട്ടുന്ന പണം മദ്യപിച്ചും, ധൂർത്തടിച്ചും ചെലവാക്കുകയായിരുന്നു.മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.