മാഡ്രിഡ്: ഡിയേഗൊ സിമയോണി എന്ന തന്ത്രജ്ഞന്റെ കീഴിൽ 2020-21 സീസണ് സ്പാനിഷ് ലാ ലിഗ ഫുട്ബോൾ കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്. അവസാന മത്സരത്തിൽ വയ്യഡോലിഡിനെ 2-1നു കീഴടക്കിയാണ് അത്ലറ്റിക്കോ കിരീടത്തിൽ ചുംബിച്ചത്.
മാഡ്രിഡ് നഗരത്തെ പ്രതിനിധീകരിക്കുന്ന അത്ലറ്റിക്കോയും റയലും തമ്മിലായിരുന്നു കിരീട പോരാട്ടം. അത്ലറ്റിക്കോ സമനിലയോ തോൽവിയോ വഴങ്ങുകയും റയൽ ജയിക്കുകയും ചെയ്താൽ കിരീടം റയൽ മാഡ്രിഡിനു സ്വന്തമാകുമായിരുന്നു.
ലീഗിലെ അവസാന മത്സരത്തിൽ ജയിച്ചാൽ കിരീടം എന്ന നിലയിൽ കളത്തിലിറങ്ങിയ അത്ലറ്റിക്കോ 18-ാം മിനിറ്റിൽ 1-0നു പിന്നിലായി. 57-ാം മിനിറ്റിൽ ആംഗൽ കൊറെറയും 67-ാം മിനിറ്റിൽ ലൂയിസ് സുവാരസും ലക്ഷ്യംകണ്ടതോടെ അത്ലറ്റിക്കോ കിരീടം നേടി.
വിയ്യാറയലിനെതിരായ പോരാട്ടത്തിൽ ഇഞ്ചുറി ടൈമിൽ ലൂക്ക മോഡ്രിച്ചിന്റെ ഗോളിൽ 2-1നു ജയം സ്വന്തമാക്കി. അത്ലറ്റിക്കോയ്ക്ക് 38 മത്സരങ്ങളിൽനിന്ന് 86ഉം റയലിന് 84ഉം പോയിന്റാണുള്ളത്. മൂന്നാം സ്ഥാനത്തുള്ള ബാഴ്സലോണ 79 പോയിന്റ് നേടി. അവസാന മത്സരത്തിൽ ബാഴ്സ 1-0ന് ഐബറിനെ കീഴടക്കി.
ഇത് അത്ലറ്റിക്കോ സ്റ്റൈൽ
സ്വപ്നനഗരമായ മാഡ്രിഡിന്റെ രണ്ടു മുഖങ്ങളാണ് റയലും അത്ലറ്റിക്കോയും. പണക്കൊഴുപ്പിന്റെ ധാരാളിത്തമാണ് റയൽ മാഡ്രിഡ് എങ്കിൽ അതിന്റെ നേർ വിപരീതമാണ് അത്ലറ്റിക്കോ. ഉള്ളതുകൊണ്ട് ഓണം പോലെ കഴിയുന്ന ക്ലബ്.
2011ലാണ് അർജന്റീനക്കാരയാ ഡിയേഗൊ സിമയോണി എന്ന പരിശീലകൻ അത്ലറ്റിക്കോയിൽ എത്തിയത്. 2010-11 സീസണിൽ അത്ലറ്റിക്കോ ലീഗിൽ ഏഴാം സ്ഥാനത്തായിരുന്നു. 11-12 സീസണിൽ അഞ്ചാം സ്ഥാനത്തേക്കുയർന്ന അത്ലറ്റിക്കോ, തുടർന്ന് മൂന്നിലേക്കെത്തി. 2013-14ൽ ലാ ലിഗ കിരീടം സ്വന്തമാക്കി.
1995-96 സീസണിനുശേഷം ആദ്യമായി ആയിരുന്നു അത്ലറ്റിക്കോ കിരീടത്തിൽ ചുംബിക്കുന്നത്. തുടർന്ന് മൂന്നാം സ്ഥാനത്തുനിന്ന് പിന്നോട്ടിറങ്ങാതിരുന്ന അത്ലറ്റിക്കോ ഈ സീസണിൽ വീണ്ടും കിരീടത്തിൽ, സിമയോണിയുടെ ശിക്ഷണത്തിനു കീഴിലെ രണ്ടാം ലാ ലിഗ കിരീടം, ആകെ 11-ാമത്തേതും.
2004-05 സീസണ് മുതൽ റയലും ബാഴ്സയുമല്ലാതെ ലാ ലിഗയ്ക്ക് മറ്റൊരു അവകാശിയുണ്ടെങ്കിൽ അത് സിമയോണിയുടെ അത്ലറ്റിക്കോ ആണ്.