അജിൽ നാരായണൻ
തൃശൂർ: കോവിഡ് വ്യാപനം തടയാൻ നടപ്പാക്കിയ ലോക്ക്ഡൗണിൽ തൊഴിലും വരുമാനവും ഇല്ലാതെ ജീവിതം വഴിമുട്ടിപ്പോയ അനേകരുണ്ട്. പുതിയ തൊഴിൽമേഖല തുറന്നെടുത്തവരും ധാരാളം.
കോവിഡ് പ്രതിസന്ധി മറികടക്കാൻ പച്ചക്കറി വില്പനയ്ക്ക് ഇറങ്ങിയിരിക്കുകയാണ് കോർപറേഷൻ വനിതാ കൗണ്‍സിലർ. തൃശൂർ കോർപറേഷൻ അന്‍പതാം ഡിവിഷൻ കൗണ്‍സിലറും കോണ്‍ഗ്രസ് പ്രവർത്തകയുമായ ലാലി ജെയിംസാണ് ജീവിക്കാനുള്ള വരുമാനത്തിനായി പച്ചക്കറിക്കട തുടങ്ങിയത്.
സ്വന്തമായി നടത്തുന്ന മെഡിക്കൽ ലാബ് വർഷങ്ങളായി ആദായമില്ലാതായി. സ്ഥലം വാടകയ്ക്കെടുത്തു നടത്തിയിരുന്ന ലേഡീസ് ഹോസ്റ്റൽ ലോക്ക്ഡൗണോടെ അടച്ചുപൂട്ടി. ഇതോടെ കുടുംബത്തിന്റെ വരുമാനം ഇല്ലാതായി.
പുതുസംരംഭങ്ങൾ തുടങ്ങാൻ പരിശീലന ക്ലാസ് നയിക്കാറുള്ള ലാലി വലിയ മുതൽമുടക്കില്ലാത്ത പച്ചക്കറി കച്ചവടത്തിന് ഇറങ്ങിത്തിരിച്ചത് അങ്ങനെയാണ്.
എൽതുരുത്ത് സാമിപാലത്തിനു സമീപമാണു പച്ചക്കറി വ്യാപാരം. ആദ്യമെല്ലാം കൗണ്‍സിലറെ കടയിൽ കണ്ട് ആളുകൾ അന്പരന്നു. ഇപ്പോൾ അവർക്കതു ശീലമായി.
ശക്തൻ മാർക്കറ്റിലെ മൊത്ത വിപണിയിൽനിന്ന് പച്ചക്കറി എടുത്ത് സ്കൂട്ടറിലാണ് ലാലി കടയിൽ എത്തിക്കുന്നത്. വില്പനക്കാരിയും കൗണ്‍സിലർ തന്നെ.
സഹോദരീ ഭർത്താവും സഹായത്തിനുണ്ട്. അതിനാൽ ഡിവിഷനിലെ ജനകീയ പ്രശ്നങ്ങളിലേക്ക് ഓടിച്ചെല്ലാനും പരിഹരിക്കാനും സാവകാശമുണ്ട്.
തുടക്കം മുതലേ ആദായനിരക്കിലാണു വില്പന. ഈയാഴ്ച പച്ചക്കറിക്കു വില കൂടിയത് കച്ചവടത്തെ ബാധിച്ചിട്ടുണ്ട്. പച്ചക്കറി വാങ്ങാൻ വരുന്നവർ പലചരക്ക് ഇനങ്ങൾകൂടി ആവശ്യപ്പെടാൻ തുടങ്ങിയതോടെ അത്തരം ഇനങ്ങളുടെ വ്യാപാരംകൂടി ആരംഭിച്ചു. കടയ്ക്ക് ‘അന്ന ട്രേഡേഴ്സ്’ എന്നു പേരുമിട്ടു.
ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും കാര്യാട്ടുകര വനിതാ സഹകരണ സംഘം പ്രസിഡന്റുമാണ് ലാലി. രാഷ്ട്രീയം നോക്കാതെ കടയിൽ ആളു കയറുന്നുണ്ടെന്ന് ലാലി പറയുന്നു.