തങ്ങളുടെ ആരൊക്കെയാണെന്ന് പറഞ്ഞാലും തെറ്റ് തെറ്റു തന്നെയാണെന്നും തെറ്റ് ചെയ്തവരെല്ലാം ശിക്ഷിക്കപ്പെടേണ്ടതു തന്നെയാണെന്നും നടിയും കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണുമായ കെപിഎസി ലളിത. സ്ത്രീകള്‍ ഒറ്റക്കെട്ടായി നിന്നുകൊണ്ട് പ്രവര്‍ത്തിച്ചാല്‍ മാത്രമേ തങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കാന്‍ സാധിക്കുകയുള്ളു എന്നും കെപിഎസി ലളിത പറഞ്ഞു. തെറ്റ് ചെയ്യുന്നത് നമ്മുടെ മകനായാലും അനുജനായാലും ചേട്ടനായാലും അച്ഛനായാലും നമ്മള്‍ അവരെ എതിര്‍ക്കണം. അവര്‍ക്കെതിരെ ശക്തമായി പോരാടണം. നമ്മുടെ കുട്ടികളെ അങ്ങേയറ്റം വരെ നമ്മള്‍ സംരക്ഷിക്കണം. അവര്‍ക്ക് വേണ്ടി പോരാടണം. കെ.പി.എ.സി ലളിത പറഞ്ഞു. ബഹുജന കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു കെപിഎസി ലളിത.
നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയവേ നടന്‍ ദിലീപിനെ കെപിഎസി ലളിത ജയിലില്‍ സന്ദര്‍ശിച്ചത് വന്‍ വിവാദമായിരുന്നു. കെപിഎസി ലളിത വഹിക്കുന്ന സ്ഥാനങ്ങളില്‍ നിന്ന് അവരെ പുറത്താക്കണമെന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യങ്ങളുയര്‍ന്നിരുന്നു. ദീലിപിന്റെ വീട്ടിലെത്തി ഭാര്യ കാവ്യാമാധവനേയും മകള്‍ മീനാക്ഷിയേയും സന്ദര്‍ശിച്ചതിന് പിന്നാലയെയായിരുന്നു കെ.പി.എ.സി ജയിലില്‍ ദീലീപിനെ സന്ദര്‍ശിച്ചത്.
എന്നാല്‍ ദിലീപിനെ സന്ദര്‍ശിച്ചത് വ്യക്തിപരമായ കാര്യം മാത്രമാണെന്നും ദിലീപ് തനിക്ക് മകനെപ്പോലെയാണെന്നുമായിരുന്നു എന്നുമാണ് കെപിഎസി ലളിത അന്ന് പ്രതികരിച്ചത്. കെപിഎസി ലളിതയുടെ അന്നത്തെ ആ പ്രവര്‍ത്തിയും ഇന്നത്തെ പ്രസ്താവനയും കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്നില്ലെന്ന രീതിയിലുള്ള പ്രതികരണങ്ങള്‍ സിനിമാ മേഖലയില്‍ നിന്നുള്‍പ്പെടെ വന്നുതുടങ്ങിയിട്ടുണ്ട്.