മാവേലിക്കര: മദ്യപാനം ചോദ്യം ചെയ്തതിന് അമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകനെ റിമാന്‍ഡ് ചെയ്തു. തഴക്കര പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കല്ലിമേല്‍ ബിനീഷ് ഭവനത്തില്‍ ബിനീഷ് (29) ആണ് റിമാന്‍ഡിലായത്.
പരേതനായ മോഹനന് ആചാരിയുടെ ഭാര്യ ലളിത (60) ആണ് കൊല്ലപ്പെട്ടത്. ബിനീഷിനെ ഞായറാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.തിങ്കള്‍ പകല്‍ മൂന്നിന് ബിനീഷുമായി പോലീസ് തെളിവെടുപ്പു നടത്തിയിരുന്നു.
നൈറ്റി പിരിച്ച് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിച്ചായിരുന്നു കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. നൈറ്റി വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തി. പ്രതിയെ റിമാന്‍ഡ് ചെയ്തു.
ശനി വൈകിട്ട് അഞ്ചിനാണ് സംഭവം. ബിനീഷിന്റെ മദ്യപാനത്തെ ചോദ്യം ചെയ്ത ലളിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരിച്ചെന്ന് ഉറപ്പായശേഷം അയല്‍വാസികളോടും ബന്ധുക്കളോടും മരണവിവരം അറിയിക്കുകയും സംസ്കാരത്തിന് സഹകരിക്കണമെന്ന് പറയുകയും ചെയ്തു.
സ്ഥലത്തെത്തിയ ബന്ധുക്കള്‍ക്ക് സംശയം തോന്നിയതിനെത്തുടര്‍ന്ന് മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
ശ്വാസം മുട്ടിയാണ് മരണമെന്ന റിപ്പോര്ടിനെത്തുടര്ന്ന് ബിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
കടുത്ത പ്രമേഹത്തെത്തുടര്‍ന്ന് ഇടതുകാല് മുറിച്ചു മാറ്റപ്പെട്ട ലളിത നാളുകളായി കിടക്കയിലായിരുന്നു. ഇവര്‍ക്ക് കാഴ്ച പരിമിതിയും ഉണ്ടായിരുന്നു. സംസ്കാരം ഇന്നു നടക്കും.