പത്തനാപുരം:സാഹിത്യ രചനയിലൂടെ ഉയരങ്ങള്‍ കീഴടക്കിയ പ്രിയ എഴുത്തുകാരിക്ക് ജന്മനാട്ടില് സ്മാരകം ഉയരുന്നു.സ്ത്രീ സ്വാതന്ത്ര്യത്തിന് സമൂഹം നല്കിയ വിലക്കുകള്‍ക്കെതിരെ സാഹിത്യ കൃതികളിലൂടെ പ്രതികരിച്ച എഴുത്തുകാരിയായിരുന്നു ലളിതാംബിക അന്തര്‍ജ്ജനം.
1909 ല്‍ പത്തനാപുരം താലൂക്കിലെ കുന്നിക്കോട് കോട്ടവട്ടം തേന്‍കുന്നത്ത് മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെ മകളായി ജനിച്ച ലളിതാംബിക അന്തര്‍ജനം മുപ്പതിലേറെ കൃതികള്‍ രചിച്ചു.മൂടു പടത്തില്‍, ആദ്യത്തെ കഥകള്‍, തകര്‍ന്ന തലമുറ, കാലത്തിന്റെ ഏടുകള്‍, കിളിവാതിലിലൂടെ, കൊടുങ്കാറ്റില്‍ നിന്ന്, കണ്ണീരിന്റെ പുഞ്ചിരി, ഇരുപതു വര്‍ഷത്തിനു ശേഷം, അഗ്നി പുഷ്പങ്ങള്‍, സത്യത്തിന്റെ സ്വരം, വിശ്വരൂപം, ഇഷ്ടദേവത, അംബികാഞ്ജലി,
പവിത്രമോതിരം, ധീരേന്ദു മജുംദാരുടെ അമ്മ, തിരഞ്ഞെടുത്ത കഥകള്‍. എന്നിവയാണ് കഥകള്‍.ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശബ്ദ സംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി എന്നീ കവിതകളും പുനര്‍ജ്ജന്മം, വീര സംഗീതം തുടങ്ങിയ നാടകങ്ങളും കുഞ്ഞോമന, ഗോസാമി പറഞ്ഞ കഥ, തേന്‍ തുള്ളികള്‍, ഗ്രാമ ബാലിക എന്നീ ബാല സാഹിത്യവും അഗ്നി സാക്ഷി എന്ന നോവലും എഴുതി.
സീത മുതല്‍ സാവിത്രി വരെ എന്ന പഠനവും അത്മകഥയ്ക്ക് ഒരാമുഖം എന്ന ആത്മകഥയും ലളിതാംബിക അന്തര്‍ജനത്തിന്റെ സൃഷ്ടികളാണ് .സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനാവശ്യമെന്ന് നമ്പൂതിരി സമുദായം കരുതിയിരുന്ന കാലത്ത് സാഹിത്യത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ലളിതാംബിക തന്റെ രചനകളിലൂടെ സാമൂഹ്യ തിന്മകളോട് കലഹിക്കുകയായിരുന്നു.
സ്ത്രീ വിദ്യാഭ്യാസം വിലക്കിയിരുന്ന കാലത്ത് പോലും മലയാളത്തിനും സംസ്കൃതത്തിനും പുറമെ ഇംഗ്ലീഷിലും അവര്‍ പരിജ്ഞാനം നേടി.സ്വന്തം സമുദായത്തിലെ അനാചാരങ്ങളെ മറികടന്ന് സാഹിത്യ ഡയറക്ടര്‍ ബോര്‍ഡ്, പാഠപുസ്തക കമ്മിറ്റി എന്നീ മേഖലകളിലും ലളിതാംബിക പ്രവര്‍ത്തിച്ചിരുന്നു .
1973 ല്‍ “സീത മുതല്‍ സത്യവതി വരെ” എന്ന പഠന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും , “കുഞ്ഞോമന” എന്ന ബാല സാഹിത്യ കൃതിക്ക് 1964 ല്‍ കല്യാണി കൃഷ്ണമേനോന് പ്രൈസും, “ഗോസായി പറഞ്ഞ കഥ”യ്ക്ക് 1965 ല്‍ കേരള സാഹിത്യ അക്കാദമി സമ്മാനവും ലഭിച്ചു. “അഗ്നിസാക്ഷി” എന്ന ഏക നോവലിന് 1977 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് , കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്കാരം , ആദ്യത്തെ വയലാര്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു.
കേരളീയ സമൂഹത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ പരിവര്‍ത്തനങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് ലളിതാംബിക അന്തര്‍ജനത്തിന്റെ “അഗ്നിസാക്ഷി” എന്ന നോവല്‍. ഇത് പിന്നീട് സംവിധായകന് ശ്യാമപ്രസാദ് സിനിമ ആക്കുകയും ചെയ്തു.1987 ഫെബ്രുവരി 6 ന് ലളിതാംബിക സാഹിത്യ ലോകത്ത് നിന്നും വിടവാങ്ങി.ഗണേഷ് കുമാര്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചാണ് സാംസ്കാരിക മന്ദിരം നിര്‍മ്മിക്കുന്നത്.
ജന്മനാടിന്റെ ഏറെ നാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകാന്‍ പോകുന്നത് . കോട്ടവട്ടം ജംഗ്ഷനിലെ ലൈബ്രററിയോട് ചോര്‍ന്നാണ് സാംസ്കാരിക സമുച്ചയം നിര്‍മ്മിക്കുന്നത്.നിര്‍മ്മാണത്തിനായി സ്ഥലമേറ്റെടുത്ത് എസ്റ്റിമേറ്റ് തയാറാക്കുകയും ചെയ്തു.നൂറ്റിപത്താം ജന്മ വാര്‍ഷികത്തില്‍ തന്നെ സ്മാരകനിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.