സീമ മോഹൻലാൽ
കൊച്ചി: “ജനതാ കർഫ്യൂ ദിവസം. പട്രോളിംഗിനിടെയാണ് തെരുവിൽ കഴിയുന്ന ഒരാളെ കണ്ടത്. സാറെ കുറച്ചു വെള്ളം തരാമോയെന്നു ചോദിച്ച് എന്റെ മുന്നിലേക്ക് അയാൾ വന്നു. ജീപ്പിൽ നിന്ന് ഞാൻ വെള്ളമെടുത്തു കൊടുത്തു. അപ്പോഴാണ് അയാൾ പട്ടിണിയിലാണെന്ന് മനസിലായത്.
ഞങ്ങൾക്കായി ജീപ്പിൽ കരുതിയിരുന്ന ഭക്ഷണപ്പൊതികളിലൊന്ന് അയാൾക്കു നൽകി. അയാളെപ്പോലെ ആയിരങ്ങൾ ഭക്ഷണത്തിനായി തെരുവോരങ്ങളിൽ കാത്തിനിൽക്കുന്നുവെന്ന സത്യം അപ്പോഴാണ് മനസിലായത്.
അവർക്കു കഴിയുന്നത്ര ഭക്ഷണം എത്തിക്കാനാണ് ഞാനും എന്റെ സഹപ്രവർത്തകരും ശ്രമിക്കുന്നത്. ഒരുപാടു പേർക്ക് ഭക്ഷണം നൽകാനായത് ജീവിതത്തിലെ പുണ്യമായാണ് കരുതുന്നത്”- എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ലാൽജിയുടെ വാക്കുകളാണിത്.
കൊച്ചി സിറ്റിയിലെ ക്രമസമാധാനപാലനത്തിനൊപ്പം കൊറോണ പ്രതിരോധ പ്രവർത്തനത്തിലും മുന്നിൽ നിൽക്കുകയാണ് എസിപി ലാൽജി.
രാവെന്നോ പകലെന്നോ ഭേദമില്ലാതെ കഴിഞ്ഞ ഒരു മാസമായി തെരുവിൽ അഭയം പ്രാപിച്ചിരിക്കുന്നവർക്ക് ഭക്ഷണം നൽകാൻ ലാൽജി മുന്നിലുണ്ട്. വിവിധ സംഘടനകളുടെ സഹായത്തോടെ ലാൽജിയുടെ നേതൃത്വത്തിൽ പ്രാതലും ഉച്ചഭക്ഷണവും അത്താഴവുമൊക്ക മുടക്കം കൂടാതെ തെരുവിന്റെ മക്കൾക്കു ലഭ്യമാക്കുന്നു.
മറൈൻഡ്രൈവ്, കോന്പാറ, മാർക്കറ്റ് റോഡ്്്, പടിയാത്തുകുളം, കരിത്തല കോളനി തുടങ്ങിയ പ്രദേശങ്ങളിലാണ് മുഖ്യമായും ഭക്ഷണ വിതരണം നടത്തുന്നത്. പ്രഭാത ഭക്ഷണം രാവിലെ എട്ടുമണിക്കും ഉച്ചഭക്ഷണം ഉച്ചയ്ക്ക് ഒരു മണിക്കും അത്താഴം രാത്രി 7.30 നും ആണ് വിതരണം ചെയ്യുന്നത്.
ഈ സമയങ്ങളിലെല്ലാം ലാൽജിയും പോലീസ് സംഘവും എത്തുന്നതും നോക്കി തെരുവിന്റെ സന്തതികൾ ഇരിപ്പുണ്ടാകും. ഭക്ഷണം സ്വീകരിച്ച ശേഷം പലരും കാൽ തൊട്ടു സന്തോഷം അറിയിക്കാറുണ്ടെന്ന് എസിപി ലാൽജി പറയുന്നു.
മാർക്കറ്റ് റോഡ് പരിസരത്ത് ഭക്ഷണം വിതരണം ചെയ്തപ്പോൾ തമിഴ്നാടു സ്വദേശിയായ സ്ത്രീ ദൈവമാണെന്ന് പറഞ്ഞ് കാൽതൊട്ട് വന്ദിച്ചു. പ്രതിദിനം മൂന്നു നേരവും 420 ഓളം പേർക്കാണ് ഭക്ഷണപൊതികൾ വിതരണം ചെയ്യുന്നത്.
മുന്പ് 1200 ഓളം അതിഥി ത്തൊഴിലാളികൾക്കായി പലവൃഞ്ജനങ്ങൾ അടക്കമുള്ള ഭക്ഷ്യധാന്യ കിറ്റും വിതരണം ചെയ്തിരുന്നു. കരിത്തല, പടിയാത്തുകുളം കോളനികളിൽ ഉള്ളവർക്കും പച്ചക്കറി ഉൾപ്പെടെയുള്ള ഭക്ഷ്യകിറ്റ് വിതരണം ചെയ്യുകയുണ്ടായി.