ലാൽ ജോസും മോഹൻലാലും ഒന്നിച്ച ചിത്രമാണ് വെളിപാടിന്റെ പുസ്തകം. എന്നാൽ പ്രതീക്ഷിച്ചയത്ര വിജയം നേടാൻ ആ ചിത്രത്തിന് കഴിഞ്ഞില്ല.
മോഹൻലാൽ, അനൂപ് മേനോൻ, പ്രിയങ്ക, രേഷ്മ അന്ന രാജൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം അവതരിപ്പിച്ച വിഷയം കൊണ്ട് ക്ലാസിക് ആകേണ്ടതായിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ് വ്യക്തമാക്കി എന്നാൽ ചിത്രത്തിനു എന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ലാലേട്ടനു വേണ്ടി മൂന്ന് സബ്ജക്ടുകൾ ആലോചിച്ചിരുന്നു. പല കാരണങ്ങൾ കൊണ്ടും അതൊന്നും നടന്നില്ല. വളരെ യാദൃശ്ചികമായി ബെന്നി പി.നായരന്പലം എന്നോട് പറഞ്ഞ ചിന്തയിൽ നിന്നാണ് വെളിപാടിന്റെ പുസ്തകം പിറക്കുന്നത്.
നടനല്ലാത്ത ഒരാൾ പ്രത്യേക സാഹചര്യത്തിൽ കഥാപാത്രമായി അഭിനയിക്കേണ്ടി വരുന്നു. ആ വേഷം അയാളിൽ നിന്ന് ഇറങ്ങിപോകാതിരിക്കുന്നു എന്നതാണ് ബെന്നി പറഞ്ഞ ചിന്ത.
അതൊരു ഇന്റർനാഷണൽ വിഷയമാണെന്ന് എനിക്ക് തോന്നി. ക്ലാസിക് ആകേണ്ട സിനിമയായിരുന്നു. എന്ത് സംഭവിച്ചു എന്ന് പറയാൻ പറ്റുന്നില്ല.
വെറും ഒന്‍പത് ദിവസം കൊണ്ടാണ് അതിന്റെ വണ്‍ലൈൻ പൂർത്തിയാക്കിയത്. ഒടിയൻ തുടങ്ങുന്നതിന് മുന്‍പ് ലാലേട്ടന് ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. അവർ തന്നെയാണ് ചിത്രം നിർമിച്ചതും.
നിങ്ങളിപ്പോൾ റെഡിയാണെങ്കിൽ സിനിമ ചെയ്യാമെന്ന് ആന്റണി പെരുന്പാവൂർ പറഞ്ഞപ്പോൾ സമ്മതം മൂളി. സാധാരണ ഞാൻ ചെയ്യുന്ന രീതിയേ അല്ല . അയാളും ഞാനും തമ്മിൽ ഒന്നര വർഷം കൊണ്ടാണ് തിരക്കഥ പൂർത്തിയാക്കിയത്.
ആദ്യം ബോബിയും സഞ്ജയും വന്ന് പറഞ്ഞ കഥയല്ല അത് സിനിമയായപ്പോൾ ഉണ്ടായത്. പലതവണ ഞങ്ങളിരുന്ന് ചർച്ച ചെയ്തും പുതിയ കഥാപാത്രങ്ങളെ സൃഷ്ടിച്ചുമൊക്കെയാണ് അത് പൂർത്തിയാക്കിയത്.
ഇതിനിടയിൽ ഞാൻ മറ്റ് ചില പ്രോജക്ടുകളും ചെയ്തു. പക്ഷെ, വെളിപാടിന്റെ പുസ്തകത്തിന് അങ്ങനെയൊരു സാവകാശം ലഭിച്ചില്ല.
ഒന്പതുദിവസം കൊണ്ട് വണ്‍ലൈൻ പൂർത്തിയാക്കി പത്താം ദിവസം ലാലേട്ടനെ കണ്ട് കഥ പറഞ്ഞു. അവർക്കത് ഇഷ്ടമായി. ലാലേട്ടൻ ഒന്നുരണ്ടു ചോദ്യങ്ങൾ ഉന്നയിച്ചു.
അതിനൊക്കെ മറുപടി കൊടുത്തു. അടുത്തമാസം ഇന്ന ദിവസം ഷൂട്ടിംഗ് തുടങ്ങാമെന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു. പിന്നെയുള്ള സമയത്ത് എഴുതി പൂർത്തിയാക്കിയ തിരക്കഥയാണ് സിനിമയുടേത്. വീണ്ടുമൊരു ചർച്ചക്കോ പുനരാലോചനയ്ക്കോ സമയം കിട്ടിയില്ല.
വെളിപാടിന്റെ പുസ്തകത്തെ കുറിച്ച് ഓർക്കുന്പോൾ കുറ്റബോധമുണ്ട്. തിരക്കു കൂട്ടാതെ ഒടിയൻ കഴിഞ്ഞിട്ട് മതി നമ്മുടെ സിനിമ എന്ന് തീരുമാനിച്ചിരുന്നെങ്കിൽ അത് നന്നായേനെ.
വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ച് ചെയ്ത സിനിമയാണ്. മോഹൻലാൽ എന്ന നടനൊപ്പം പ്രവർത്തിക്കുക എന്ന ആഗ്രഹം കൊണ്ടുമാത്രം സംഭവിച്ചതാണ് വെളിപാടിന്റെ പുസ്തകമെന്നും ലാൽജോസ് പറഞ്ഞു. -പിജി