മലയാളത്തിലെ എക്കാലത്തെയും മികച്ച ക്യാമ്പസ് ചിത്രങ്ങളിലൊന്നാണ് ലാല്ജോസ് ഒരുക്കിയ ക്ലാസ്മേറ്റ്സ്.
2006ല് ആയിരുന്നു ചിത്രം റിലീസ് ആയത്.ജെയിംസ് ആല്ബര്ട്ടിന്റെ തിരക്കഥയില് ഒരുങ്ങിയ ഈ ചിത്രം നേടിയത് ലാല് ജോസിന്റെ കരിയറിലെ തന്നെ ഏറ്റവും തിളക്കമുള്ള വിജയമായിരുന്നു.
മലയാളത്തിലെ യുവ താരങ്ങളായ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്, കാവ്യാ മാധവന്, രാധിക, ബാലചന്ദ്രമേനോന്, ജഗതി ശ്രീകുമാര് തുടങ്ങിയവര് ആയിരുന്നു പ്രധാന വേഷങ്ങളില് എത്തിയത്.
ഈ സിനിമയിലെ ഗാനങ്ങളും ജനങ്ങള് ഏറ്റെടുത്തതാണ്. ഇപ്പോഴിതാ സിനിമയ്ക്ക് പിന്നിലെ അറിയാകഥകളെക്കുറിച്ചുള്ള ഒരു കുറിപ്പ് സോഷ്യല് മീഡിയയില് വൈറലാവുകയാണ്.
ശേഷം കാഴ്ചയില് ക്ലാസ്മേറ്റ്സ് എന്ന തലക്കെട്ടോടെ ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജില് പങ്കുവെച്ച പഴയ ഒരു കുറിപ്പാണ് ഇപ്പോള് വൈറലായി മാറിയിരിക്കുന്നത്. േ
സാഷ്യല് മീഡിയയില് വൈറലാകുന്ന കുറിപ്പിന്റെ ചുരുക്ക രൂപം ഇങ്ങനെ…ഇന്നേവരെ ക്യാമ്പസ് ചിത്രം സംവിധാനം ചെയ്തിട്ടില്ലാത്ത ലാല് ജോസ് കഥയുടെ വ്യത്യസ്തമാര്ന്ന അവതരണം കണ്ട് ജെയിംസ് ആല്ബര്ട്ടിന്റെ കഥ സിനിമയാക്കാന് തീരുമാനിച്ചത്.
ആദ്യം കഥയില് ബാംഗ്ലൂര് കോളേജില് പഠിച്ച വിദ്യാര്ത്ഥികളുടെ ഒത്തുകൂടല് ആയിരുന്നു പ്ലാന് ചെയ്തിരുന്നത്.
ഈ കഥയെ മലയാളികളുമായി കണക്ട് ചെയ്യണമെങ്കില് ഇത് കേരളത്തിലുള്ള ക്യാമ്പസില് നടന്ന കഥയായി അവതരിപ്പിക്കണം എന്ന് ജെയിംസ് മനസിലാക്കിയിരുന്നു.
തിരക്കുപിടിച്ച ജീവിതത്തില് ഒരു ദിവസത്തിന് വേണ്ടി ഇരുപത് വര്ഷം മുമ്പുള്ള സുഹൃത്തുക്കളെ കാണാന് റീയൂണിയന് വരുന്ന ഒരുകൂട്ടം മലയാളികള്.
ഇത്തരത്തിലുള്ള കഥ സാധാരണക്കാരന് ദഹിക്കാന് ബുദ്ധിമുട്ടാകും എന്നും പറഞ്ഞ് പല നിര്മ്മാതാക്കളും സ്ക്രിപ്റ്റ് തള്ളിയിരുന്നു. ഈ കഥ ഇന്ദ്രജിത്തിനോടും പൃഥ്വിരാജിനോടും ലാല്ജോസ് പറഞ്ഞപ്പോള് അവരുടെ ഡേറ്റുകള് ഉടനെ കിട്ടി.
മാത്രമല്ല, നിര്മാതാവായ മുരളീധരന് ഈ സിനിമ ചെയ്യാന് തനിക്ക് സമ്മതമാണെന്നും ലാല്ജോസിനെ അറിയിച്ചു.
ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ മുരളിയെ അവതരിപ്പിക്കാന് ആദ്യം സമീപിച്ചത് കുഞ്ചാക്കോ ബോബനെ ആയിരുന്നു.
ചിത്രത്തിലെ ശ്രദ്ധേയമായ ഈ കഥാപാത്രം ചെയ്യാന് അന്ന് ചാക്കോച്ചന് താല്പര്യം കാണിച്ചിരുന്നില്ല.
ശേഷമാണ് ഫോര് ദി പീപ്പിള്, അച്ചുവിന്റെ അമ്മ എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള് കൊണ്ട് ശ്രദ്ധ നേടിയ സുനില് കുമാറിന്റെ അടുത്ത് ചെന്ന് മുരളിയുടെ കഥാപാത്രത്തെ പറ്റി പറഞ്ഞത്.
കഥ കേട്ടപ്പോള് സുനില് പറഞ്ഞ ഒരേയൊരു ഡിമാന്ഡ് താനൊരു പുതിയ പേരിലൂടെ അറിയപ്പെടാന് ആഗ്രഹിക്കുന്നുണ്ട്.
ഈ ചിത്രത്തില് നരേന് എന്ന പേരിലായിരിക്കണം തന്നെ ജനങ്ങളില് അറിയേണ്ടത് എന്ന് മാത്രമായിരുന്നു. കാവ്യയ്ക്ക് ചിത്രത്തിലെ റസിയ എന്ന കഥാപാത്രത്തോട് ഒരു ഇഷ്ടക്കൂടുതല് ഉണ്ടായിരുന്നു.
ആദ്യ ദിനം ഷൂട്ട് കഴിഞ്ഞപ്പോള് ലാല്ജോസിനോട് റസിയയുടെ വേഷം താന് ചെയ്യാമെന്ന് കാവ്യ പറഞ്ഞു. ലാല്ജോസ് ശക്തമായി വിസമ്മതിച്ചു.
അടുത്ത ദിവസം എല്ലാ താരങ്ങളുമുള്ള കോമ്പിനേഷന് സീനില് റിഹേഴ്സലിന് കാവ്യയെ അന്വേഷിച്ചപ്പോള് കണ്ടില്ല. കാവ്യ ദേഷ്യം വന്ന് അസ്സിസ്റ്റന്റ്സിനെ ചീത്ത പറഞ്ഞ് കരയുന്നതായാണ് ലാല് ജോസ് പിന്നീട് കണ്ടത്.
എത്ര പറഞ്ഞിട്ടും കാര്യം മനസിലാകാതിരുന്ന കാവ്യയോട് അവസാനം ലാല്ജോസ് രണ്ടും കല്പ്പിച്ച് ദേഷ്യപ്പെട്ടു.
നിനക്ക് വേണെമെങ്കില് അഭിനയിക്കാം. റസിയ ചെയ്യാന് വേറെ ആളുണ്ട്. അതും പറഞ്ഞ് ഷൂട്ട് മുടക്കാനാണ് ഉദ്ദേശമെങ്കില് നിന്റെ കഥാപാത്രം മറ്റാരെയെങ്കിലും കൊണ്ട് ഞാന് ചെയ്യിക്കും.
ലാല്ജോസിന്റെ മറുപടി കേട്ട് ഞെട്ടിയ കാവ്യ പിന്നെ ഒന്നും മിണ്ടാതെ തന്റെ രംഗങ്ങള് അഭിനയിച്ചു തീര്ത്തു.
ഇടവേളകളില് ലാല്ജോസ് സ്വസ്ഥമായി കാവ്യയെ കാര്യം പറഞ്ഞു മനസിലാക്കി. ആ കഥാപാത്രം ആരും പ്രതീക്ഷിക്കാത്ത ഒരാള് ചെയ്യുമ്പോഴേ സിനിമയ്ക്ക് ഒരു ഭംഗി വരൂവെന്നും കാവ്യ ആ കഥാപാത്രം ചെയ്താല് എന്തായാലും ആള്കാര് ആ സസ്പെന്സ് തിരിച്ചറിയും എന്നും ലാല് ജോസ് ഉപദേശിച്ചതോടെ ആണ് കാവ്യ ശാന്തമായതും മനസില്ലാ മനസോടെ ക്ലാസ്മേറ്റ്സിലെ താരയെ അവതരിപ്പിച്ചതും. എന്തായാലും പടം സൂപ്പര്ഹിറ്റായതോടെ എല്ലാവരുടെയും പരാതി തീരുകയും ചെയ്തു.