എന്റെ സിനിമകളിൽ ഹിറ്റ് പാട്ടുകളുണ്ടാകാൻ കാരണം എനിക്കു സംഗീതമറിയില്ല എന്നതാണ്. സംഗീതമറിയാത്തതുകൊണ്ട് മ്യൂസിക് ഡയറക്ടറോട് ഭൂപാളത്തിലൊന്നു പിടിക്കൂ…നമുക്ക് കല്യാണിയിലൊന്നു നോക്കാം എന്നൊന്നും പറയാറില്ല എന്ന് ലാൽ ജോസ്. ഞാൻ സംഗീതം പഠിച്ചിട്ടില്ല. പണ്ട് പള്ളി ക്വയറിൽ ഗിറ്റാർ വായിച്ചിട്ടുണ്ട് എന്നല്ലാതെ സംഗീതവുമായി ബന്ധമില്ല. മ്യൂസിക് ഡയറക്ടർക്ക് പൂർണ സ്വാതന്ത്ര്യം കൊടുക്കും. അപ്പോൾ ഏറ്റവും മികച്ചത് നൽകി അവരെന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കും. സിറ്റുവേഷൻ കൃത്യമായി സംഗീത സംവിധായകനു പറഞ്ഞുകൊടുക്കും.
വിദ്യാജി (വിദ്യാസാഗർ) യോടൊപ്പം കംപോസിംഗിനിരിക്കുന്നത് ഒരനുഭവമാണ്. ഇന്നുവരെ ഒരു ട്യൂണ്‍ പോലും മോശമാണെന്ന് ഞാൻ വിദ്യാജിയോടു പറഞ്ഞിട്ടില്ല. ഞാൻ നല്ലതാണെന്നോ ചീത്തയാണെന്നോ പറയാറില്ല. എന്റെ മുഖത്തു നോക്കുന്പോൾ വിദ്യാജിക്ക് അറിയാം ട്യൂണ്‍ ഇഷ്ടപ്പെട്ടോ… ഇല്ലയോ എന്ന്. എന്റെ എല്ലാ മ്യൂസിക് ഡയറക്ടേഴ്സിനൊപ്പവും നല്ല ഓർമകളുണ്ട്. വിദ്യാജി എന്നെ കൃത്യമായി മനസിലാക്കിയ സംഗീത സംവിധായകരിൽ ഒരാളാണ്.
മറവത്തൂർ കനവിലെ കരുണാമയനേ… എന്ന ക്രിസ്ത്യൻ ഭക്തിഗാനം അതിനുദാഹരണമാണ്. വർഷങ്ങൾക്കു ശേഷം നായകനും നായികയും പള്ളിയിൽ പ്രാർഥന നടക്കുന്നതിനിടയിൽ കണ്ടുമുട്ടുന്നു. അവരുടെ മനസിൽ ഓർമകൾ മിന്നിമറിയുന്നു. കണ്ണുകളിൽ അതു കാണാം. അവരുടെ കണ്ണുകൾ തമ്മിൽ ഇടയുന്നു. ഇത്തരം കാര്യങ്ങൾ കംപോസിംഗ് സമയത്ത് ഞാൻ വിദ്യാജിയോടു പറഞ്ഞിരുന്നു.
റെക്കോഡിംഗ് സമയത്ത് ചെന്നൈയിൽ എത്തിയപ്പോൾ, പ്രാർഥനാഗാനത്തിന് ചേരാത്തരീതിയിൽ ഹെവി മ്യൂസിക് റെക്കോഡ് ചെയ്യുന്നു. ചോദിച്ചപ്പോൾ കംപോസിംഗിന്റെ സമയത്ത് ഞാൻ പറഞ്ഞത് ഓർമിപ്പിച്ചു. സീൻ ചിത്രീകരിക്കുന്പോൾ റൗണ്ട് ട്രോളിയിട്ട് ഷൂട്ട് ചെയ്യാമെന്ന് വിദ്യാജി പറഞ്ഞു. അത്രയ്ക്കും സൂഷ്മമായി വിദ്യാജി കാര്യങ്ങൾ മനസിലാക്കും എന്ന് ലാൽ ജോസ് പറഞ്ഞു.