ചാന്തുപൊട്ട് സിനിമയുടെ ഷൂട്ടിംഗിനിടെ ഒരു ദിവസം അഞ്ചു മണിക്ക് പോകണം എന്ന് ദിലീപ് ആവശ്യപ്പെട്ടു. അഞ്ചു മണിക്ക് സീൻ കഴിഞ്ഞ് ദിലീപിനോട് പോകാൻ പറഞ്ഞു. അതിനിടെയാണ് കടലിൽനിന്നു മണൽത്തിട്ടയുടെ മുകളിലൂടെ മറുവശത്തുള്ള പുഴയിലേക്ക് വെള്ളം വരുന്ന കാഴ്ച കണ്ടത്.
കൊല്ലത്തിലൊരിക്കൽ മാത്രം ഉണ്ടാകുന്ന പ്രതിഭാസം ആണതെന്ന് ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു. ആ പ്രതിഭാസം എന്റെ സിനിമയിൽ വേണമെന്നു കരുതി. ദിലീപിനെ വിളിക്കാൻ അസിസ്റ്റന്റിനോടു പറഞ്ഞു. ദിലീപ് ഡ്രസ് മാറാനുള്ള തയാറെടുപ്പിലാണ്.
ശരീരത്തിൽനിന്ന് രാധ ഇറങ്ങിപ്പോയി, ഇപ്പോൾ അഭിനയിക്കാൻ പറ്റില്ലെന്ന് ദിലീപ്. കാരവാനിൽ കയറി ദിലീപിനോട് ഞാൻ സംസാരിച്ചു. രാധ ഇറങ്ങിപ്പോയെന്ന് ദിലീപ് പറഞ്ഞപ്പോൾ കുഴപ്പമില്ല, ഇറങ്ങിപ്പോയ രാധയെ വലിച്ചു കയറ്റി സിബ് ഇട്ടാൽ മതിയെന്ന് ഞാൻ മറുപടി നൽകി. അതു ഭയങ്കര പ്രശ്നമായി.
എന്നോടു പിണങ്ങി. പത്തു ദിവസം ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടില്ല. ഞങ്ങൾക്കിടയിൽ മീഡിയേറ്റേഴ്സായി രണ്ട് അസോസിയേറ്റ് ഡയറക്ടർമാരുണ്ടായിരുന്നു. അന്നത്തെ സീനിന് ദിലീപ് വന്നു. ചാന്തുകുടഞ്ഞൊരു സൂര്യൻ… എന്ന പാട്ടിൽ ആ രംഗം ഉപയോഗിച്ചിട്ടുണ്ട്. ദിലീപുമായി മുമ്പുണ്ടായ വഴക്കുകളെ പോലെ തന്നെ ആ പ്രശ്നവും അവസാനിച്ചു. -ലാൽ ജോസ്