കീർത്തി കാർമൽ ജേക്കബ്
പാട്ടും പുഞ്ചിരിയും. ഏത് ശിലാഹൃദയത്തെയും മൃദുലമാക്കാൻ കഴിവുള്ള ഒൗഷധങ്ങൾ. ഈ രണ്ട് ഒൗഷധങ്ങൾ ഉപയോഗിച്ച് സോഷ്യൽമീഡിയയിൽ തരംഗം തീർക്കുകയാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയും പാലാ, രാമപുരം മാർ ആഗസ്തീനോസ് കോളജിലെ ഇംഗ്ലീഷ് അധ്യാപികയുമായ ലല്ലു അൽഫോൻസ്.
സംഗീതവാസന സ്വതസിദ്ധമായി കിട്ടിയിട്ടുണ്ടെങ്കിലും പള്ളി ക്വയറിലും കോളജിലെ ചെറിയ വേദികളിലുമൊക്കെയായി ഒതുങ്ങേണ്ടിയിരുന്ന ലല്ലു എന്ന ഗായികയെ, ഇന്ന് ലോകം അറിയാൻ കാരണമായത്, ടീച്ചറുടെതന്നെ വിവാഹദിനമാണ്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ പാരിഷ് ഹാളിൽ തങ്ങളുടെ വിവാഹ വിരുന്ന് നടക്കുന്ന സമയത്ത് ലല്ലു ടീച്ചറും, ഐടി പ്രഫഷണലും ഗായകനുംകൂടിയായ ഭർത്താവ് അനൂപ് തോമസും ചേർന്നാലപിച്ച, “പൂങ്കാറ്റിനോടും കിളികളോടും…’’ എന്ന ഗാനമാണ് ഇവരുടെ ജീവിതത്തിന് വഴിത്തിരിവായത്.
പാട്ട് സോഷ്യൽമീഡിയയിൽ വൈറലായി എന്നു മാത്രമല്ല, ‘സിംഗിംഗ് കപ്പിൾ’ എന്ന വിശേഷണവും ഇവർക്ക് സ്വന്തമായി. വിവാഹവിരുന്നിൽ പങ്കെടുത്ത സംവിധായകൻ ഭദ്രൻ പാട്ടുകേട്ട് ഇഷ്ടപ്പെട്ട്, അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിൽ പാടാനുള്ള അവസരവും ഈ ദന്പതികൾക്ക് വാഗ്ദാനം ചെയ്തു.
അവിടംകൊണ്ട് തീർന്നില്ല, ഒരേ സമയം അധ്യാപികയും ഗായികയുമായ ലല്ലു ടീച്ചർക്ക് മാത്രമായി സമൂഹമാധ്യമങ്ങളിലെ ആരാധകർ ചേർന്ന് ഒരു പേര് സമ്മാനിച്ചു. ‘കേരളത്തിന്റെ ശ്രേയാ ഘോഷാൽ’. ടീച്ചറുടെ ഒരേയൊരു ആങ്ങളയായ ലിയോയുടെ വിവാഹത്തലേന്ന് വീട്ടിൽ വച്ച് പാടിയ ‘മേരേ ധോൽനാ സുൻ..’ എന്ന ഗാനമാണ് ആ പേര് ലഭിക്കാൻ കാരണമായത്.
ഇത്ര ഈസിയായി ആ പാട്ട് പാടാൻ ശ്രേയയ്ക്കല്ലാതെ വേറെയാർക്കും സാധിക്കില്ല എന്നതാണ് ടീച്ചർക്കാ പേര് നൽകിയവർ പറയുന്ന കാരണം. പതിനഞ്ച് ലക്ഷത്തിലധികം ആളുകളാണ് മേരാ ധോൽനായുടെ ലല്ലൂ വേർഷൻ ഇതിനോടകം യൂട്യൂബിൽ കേട്ടത്.
അവിടെയും തീരുന്നില്ല ടീച്ചറുടെയും പാട്ടിന്റെയും യാത്ര. പിന്നീട് വിവിധ വേദികളിൽ ടീച്ചർ പാടിയ പാട്ടുകളും, നല്ലതിനെ സ്വീകരിക്കാൻ മടികാണിക്കാത്ത മലയാളികൾ ഏറ്റെടുത്തു. പ്രൊഫഷണൽ ഗായകരുടെ ഒപ്പം പ്രശസ്തിയും സ്വീകാര്യതയുമാണ് മലയാള സംഗീതാസ്വാദകരുടെ ഇടയിൽ ഇപ്പോൾ ടീച്ചർക്കുള്ളത്. അർഹിച്ചതെങ്കിലും അപ്രതീക്ഷിതമായെത്തിയ ഈ പ്രശസ്തിയെയും അഭിനന്ദനപ്രവാഹത്തെയും കുറിച്ച് പുഞ്ചിരി വിട്ടൊഴിയാത്ത മുഖത്തോടെ ലല്ലു ടീച്ചർ പറയുന്നു…
മലയാളിയുടെ ശ്രേയാ ഘോഷാൽ
‘ഭൂൽ ഭുലൈയ’ എന്ന സിനിമയിൽ ശ്രേയാ ഘോഷാൽ പാടി അനശ്വരമാക്കിയ മെരേ ധോൽനാ എന്ന ഗാനം, അനിയന്റെ വിവാഹത്തലേന്ന് പാടി, അത് വൈറലായപ്പോഴാണ് ഇങ്ങനെയൊരു കാപ്ഷൻ വച്ച് പലരും വീഡിയോ ഷെയർ ചെയ്തത്.
പക്ഷേ അങ്ങനെയൊരു താരതമ്യം എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാണ്. ഒന്നാമത്തെ കാര്യം, പാട്ടുകാരി എന്ന നിലയിൽ ശ്രേയ ആണെന്റെ ടോപ്പ് ഫേവറിറ്റ്. കൂടാതെ ശ്രേയ ഒരു ലെജൻഡ് തന്നെയാണല്ലോ. ഏത് ഭാഷയിലുള്ള ഗാനമായാലും ഒഴുക്കോടെ, അനായാസം പാടുന്ന, ഇന്നത്തെ കാലത്തെ ഒരു ലെജൻഡ്.
അതുകൊണ്ട് ശ്രേയയോട് താരതമ്യം ചെയ്ത് കേൾക്കുന്പോൾ എന്തോ ഒരു ബുദ്ധിമുട്ട്. ഞാനതിനാളായോ എന്നൊരു വിഷമം. ആളുകളുടെ അംഗീകാരത്തിൽ സന്തോഷമേയുള്ളൂ. അതുപോലെതന്നെ ഗായിക എന്ന നിലയിൽ ഞാൻ കുറേക്കൂടി നന്നാവേണ്ടിയിരിക്കുന്നു എന്ന ഉത്തരവാദിത്വ ബോധം ഈയൊരു വിളിയിലൂടെ ലഭിക്കുന്നുമുണ്ട്.
സ്വരത്തേക്കാൾ മാധുര്യമുള്ള ചിരി
പാട്ടിനെ അഭിനന്ദിക്കുന്നതുപോലെ ചിരിയെക്കുറിച്ചും ഒരുപാട് നല്ല അഭിപ്രായങ്ങൾ കിട്ടുന്നുണ്ട്. ചിരിച്ചുകൊണ്ട് പാടുന്നത് കണ്ടപ്പോൾ ജീവിതത്തിലെ ഏത് പ്രശ്നത്തെയും ഇതുപോലുള്ള ചിരികൊണ്ട് നേരിടാമെന്ന ബോധ്യം ഉണ്ടായതായി ചിലയാളുകൾ നേരിട്ടും മെസേജുകളിലൂടെയുമൊക്കെ പറഞ്ഞു.
പക്ഷേ എന്റെ ചിരി വളരെ നാച്ചുറലായി സംഭവിക്കുന്നതാണ്. വെറുതെ സംസാരിക്കുന്പോഴും മുഖത്താ ചിരി കടന്നുവരും. അതും മറ്റുള്ളവർക്ക് പോസിറ്റീവ് എനർജി നൽകുന്നുണ്ടെങ്കിൽ അതിന്റെ ക്രെഡിറ്റും ദൈവത്തിന്.
ചേർന്ന ഇണ
ബൈബിളിൽ പറഞ്ഞിട്ടിട്ടുണ്ടല്ലോ നിനക്ക് ചേർന്ന ഇണയെ ഞാൻ നൽകുമെന്ന്. എന്റെ കാര്യത്തിൽ അതാണ് സംഭവിച്ചിരിക്കുന്നത്. പാട്ടുപാടാൻ അറിയില്ലെങ്കിലും പാട്ടിനെ സ്നേഹിക്കുന്ന ആളെ പങ്കാളിയായി കിട്ടണമെന്നത് ആഗ്രഹമായിരുന്നു.
എന്നാൽ എന്നേക്കാളധികം പാട്ടിനെ സ്നേഹിക്കുന്നതും, ഗായകനും കൂടിയായ വ്യക്തിയെ തന്നെയാണ് ജീവിതപങ്കാളി യായി കിട്ടിയത്. എന്റെ പാട്ടുജീവിതത്തിന് പൂർണ പിന്തുണയാണ് അനൂപേട്ടൻ നൽകിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഉറപ്പിച്ചു പറയാം ചേർന്ന ഇണ എന്ന്.
സിംഗിംഗ് കപ്പിൾ, ഇപ്പോൾ വൈറൽ കപ്പിൾ
2015 ഓഗസ്റ്റ് 17 ാം തീയതി, വിവാഹദിവസം ഞങ്ങൾ പാടിയ പാട്ട് വൈറലായതിനുശേഷമാണ്, ഫേസ്ബുക്ക് പേജ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചത്. മുൻകൈ എടുത്തത് അനൂപേട്ടനും പേജ് കൈകാര്യം ചെയ്യുന്നത് അനിയൻ ലിയോയുമാണ്.
അനൂപ് ആൻഡ് ലല്ലു ദ സിംഗിംഗ് കപ്പിൾ എന്നാണ് ഫേസ്ബുക്ക് പേജിന്റെ പേര്. പിന്നീട് വൈറലായ പാട്ടുകളും പേജിൽ അപ്ലോഡ് ചെയ്തതോടെ ഫേസ്ബുക്ക് പേജും ശ്രദ്ധിക്കപ്പെട്ടു. കല്ല്യാണത്തിന് പാടിയ പാട്ട് പ്രചരിച്ച സമയത്ത് മനോരമ ന്യൂസ് ചാനലിലെ പുലർവേള എന്ന പരിപാടിയിൽ ഞങ്ങളെ അവതരിപ്പിച്ചിരുന്നു. റിപ്പോർട്ടർ ചാനലും ഞങ്ങളുടെ ഒരു ലൈവ് ഇന്റർവ്യൂ ചെയ്തിരുന്നു.
പിന്നീട് മെരേ ധോൽനാ ഹിറ്റായപ്പോഴാണ് മഴവിൽ മനോരമയിലെ സൂപ്പർ 4 പരിപാടിയിലേയ്ക്ക് അതിഥികളായി ക്ഷണിച്ചത്. ഏതാനും ഓണ്ലൈൻ മാധ്യമങ്ങളിലും സിംഗിംഗ് കപ്പിൾ എന്ന രീതിയിൽ ലേഖനങ്ങൾ വന്നിരുന്നു. പാട്ടു കേട്ടവരെല്ലാം ഞങ്ങളെയും ഞങ്ങളുടെ പാട്ടിനെയും സ്വീകരിച്ചതു കൊണ്ടാണല്ലോ ഈ അവസരങ്ങളെല്ലാം കിട്ടിയത്. അതു തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ജനങ്ങളുടെ അംഗീകാരമാണല്ലോ ഏതൊരു കലാകാരന്റെയും വളർച്ചയ്ക്ക് കാരണമാവുക.
അധ്യാപികയാണ്! ഗായികയും
പാട്ടുപോലെതന്നെ പാഷനാണ് പഠിപ്പീരും. അതുകൊണ്ട് രണ്ടും ഒന്നിച്ച് കൊണ്ടുപോവുന്നതിൽ യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല. കോളജ് മാനേജ്മെന്റിന്റെയും കുട്ടികളുടെയും സപ്പോർട്ട് പറഞ്ഞറിയിക്കാൻ സാധിക്കാത്ത അത്രയും ഉണ്ട്.
കോളജിൽ എന്ത് പരിപാടി നടത്തിയാലും ഒരു പാട്ട് മാനേജ്മെന്റ് ആവശ്യപ്പെടാറുണ്ട്. ഇത്തരത്തിൽ കോളജിൽ പാടിയ ചില പാട്ടുകളും വൈറലായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനം നൽകുന്ന ഈ പ്രോത്സാഹനം ആത്മവിശ്വാസം വർധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്.
പഠിപ്പീരിനൊപ്പം പഠനവും
കോളജിൽ ഇംഗ്ലീഷ് അധ്യാപികയാണെങ്കിലും ഞാനിപ്പോൾ വീണ്ടുമൊരു സംഗീത വിദ്യാർത്ഥിനിയായി മാറിയിരിക്കുകയാണ്. മുന്പ് സൂചിപ്പിച്ചതുപോലെ അനൂപേട്ടൻ എന്റെ ജീവിതത്തിലേക്ക് വന്നതിനുശേഷമാണ് മ്യൂസിക്കിനെ കുറച്ചുകൂടി ഗൗരവത്തോടെ കണ്ടുതുടങ്ങിയത്. കാരണം, ഇനിയും പഠിക്കണം, പാടണം എന്നൊക്കെ പറഞ്ഞതും പ്രേരിപ്പിച്ചതും പുള്ളിക്കാരനാണ്. അതുകൊണ്ട്, ഇടയ്ക്ക് നിന്നുപോയ കർണാടിക്, മ്യൂസിക് തിയറികൾ എന്നിവയുടെയെല്ലാം പഠനം വീണ്ടും തുടങ്ങി.
പാട്ടു പാടുന്ന ടീച്ചറല്ലേ?
കൊച്ചുകുട്ടികളും പ്രായമായവരുമൊക്കെയായി ഒരുപാടു പേർ ഇപ്പോഴും വിളിക്കാറുണ്ട്. മെരേ ധോൽനായ്ക്കു ശേഷം ശ്രേയാ ഘോഷാലിന്റെ ഫാൻസ് ഗ്രൂപ്പിൽ നിന്നടക്കം നോർത്ത് ഇന്ത്യയിൽ നിന്ന് ധാരാളം പേർ വിളിച്ചു. ഇനിയും പാടണം, പാട്ട് വിട്ടുകളയരുത് എന്നൊക്കെയുള്ള പ്രോത്സാഹന വാക്കുകളാണ് എല്ലാവരും പറയാറ്. ബസിലും റസ്റ്ററന്റുകളിലുമൊക്കെ വച്ച് തിരിച്ചറിഞ്ഞ്, “പാട്ടു പാടുന്ന ടീച്ചറല്ലേ, പാട്ടൊക്കെ നന്നായിരുന്നു കേട്ടോ” എന്നൊക്കെ ആളുകൾ പറയുന്പോൾ മനസ് നിറയും.
ഗായിക തന്നെ അന്നും ഇന്നും എന്നും
ചെറുപ്പം തുടങ്ങി സംഗീതം കൂടെയുണ്ടായിരുന്നു. സ്കൂൾ കാലഘട്ടം മുതൽ ചെമ്മലമറ്റത്തെ ഇടവക പള്ളിയിലെ ക്വയറിൽ പാടിത്തുടങ്ങി. പള്ളി ക്വയറിൽ പാടിയാണ് എന്റെ സ്വരം തെളിഞ്ഞതെന്നുതന്നെ പറയാം. ഇപ്പോഴും അവസരം കിട്ടുന്പോഴെല്ലാം പള്ളിയിൽ പാടാറുണ്ട്. പുറത്ത് ക്വയറുകൾക്കും പോവാറുണ്ട്. കല്യാണം, റിസപ്ഷൻ പോലുള്ളവയ്ക്ക്. മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സിലും പാടിയിരുന്നു.
സഭാകന്പം പോലുള്ള പേടിയെല്ലാം മാറ്റി എന്നെ ഞാനാക്കിയതു തന്നെ ആ അവസരങ്ങളെല്ലാമാണ്. ഇപ്പോൾ എനിക്കും പാട്ടിനു കൂട്ടായി അനൂപേട്ടൻ കൂടി ഉണ്ടെന്ന വ്യത്യാസം മാത്രം. ഇപ്പോൾ കൂടുതലും ഒന്നിച്ചു പാടാനുള്ള അവസരങ്ങളാണ് കിട്ടുന്നതും. കുവൈറ്റിൽ വച്ച് നടന്ന കോട്ടയം ജില്ലാ അസോസിയേഷന്റെ ഉദ്ഘാടനത്തിന് ഞങ്ങളൊന്നിച്ച് പാടിയിരുന്നു. സമയവും സാഹചര്യവും ഒത്തുവന്നാൽ നാട്ടിലായാലും പുറത്തായാലും പരമാവധി പോയി പാടാൻ ശ്രമിക്കാറുണ്ട്.
മെലഡി ഇഷ്ടം
ഏത് മാനസികാവസ്ഥയിൽ ആയിരിക്കുന്നവർക്കും ആസ്വദിക്കാൻ സാധിക്കുന്നത് എന്നതാണല്ലോ മെലഡിയുടെ പ്രത്യേകത. ഇക്കാരണത്താൽ തന്നെ എനിക്കും മെലഡിയോടാണ് ഇഷ്ടം കൂടുതൽ. ശ്രേയാ ഘോഷാൽ, യേശുദാസ്, ചിത്രച്ചേച്ചി, സുജാത ചേച്ചി ഇവരൊക്കെയാണ് ഭൂരിഭാഗം മലയാളികളെപ്പോലെ എന്റെയും ഇഷ്ടഗായകർ.
മറക്കില്ല, ആ നിമിഷങ്ങൾ, ആ വാക്കുകൾ
സംഗീതം ഒരു മരുന്നാണെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അടുത്ത കാലത്താണ് ഞാൻ മനസിലാക്കിയത്. കാരണം, വൈറലായ പാട്ടുകൾക്ക് കമന്റായി കുറെയധികം ആളുകൾ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അതിലൊന്നാണ് മലയാളി പോലും അല്ലാത്ത ഒരു വ്യക്തി പറഞ്ഞ കാര്യം. എന്തോ വലിയ വിഷമത്തിലും നിരാശയിലും ഇരിക്കുന്ന സമയത്താണ് എന്റെ പാട്ട് കേൾക്കാനിടയായത്. ചിരിച്ചുകൊണ്ടുള്ള പാട്ട് കേട്ട് കഴിഞ്ഞപ്പോഴേയ്ക്കും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്ന വിഷമങ്ങളെല്ലാം പിടിച്ചു നിർത്തിയതുപെലെ മാറിപ്പോയത്രേ. എത്രയൊക്കെ അഭിനന്ദനങ്ങളും അഗീകാരങ്ങളും ലഭിച്ചാലും ഇതുപോലുള്ള അനുഭവങ്ങൾ കേൾക്കുന്നതാണ് ഏറ്റവും മികച്ച പ്രോത്സാഹനം.
കൂടെനിന്നതും വഴിതെളിച്ചതും
ഏതൊരാളുടെയും ജീവിതത്തിൽ എന്നതുപോലെ മാതാപിതാക്കളുടെയും കൂടെപ്പിറപ്പിന്റെയും ഇപ്പോൾ ജീവിതപങ്കാളിയുടെയും പ്രോത്സാഹനവും പിന്തുണയുമാണ് കലാകാരിയെന്ന നിലയിലുള്ള വളർച്ചയ്ക്ക് കൂട്ടാവുന്നത്. വീട്ടിൽ എല്ലാവർക്കും സംഗീതവുമായി അടുപ്പമുണ്ട്. അമ്മ നന്നായി പാടും. പപ്പ പ്രഫഷണൽ ഗിറ്റാറിസ്റ്റും. കൂടാതെ, മുന്പ് സൂചിപ്പിച്ചതുപോലെ ഇടവകയും ജോലി ചെയ്യുന്ന സ്ഥാപനവും എല്ലാറ്റിനുമുപരിയായി സംഗീതത്തെ സ്നേഹിക്കുന്ന ആളുകളുമാണ് പാട്ടിന്റെ മേഖലയിലുള്ള വഴിതെളിച്ചുകൊണ്ടിരിക്കുന്നത്.
സംഗീതമയമുള്ള സ്വപ്നങ്ങൾ
പാട്ട് ജീവിതം വളരെ സീരിയസായി മുന്നോട്ട് കൊണ്ടുപോകണം എന്നതാണ് ഏറ്റവും വലിയ സ്വപ്നം. നല്ലൊരു ഗായികയാവണമെന്നും പാടുന്ന പാട്ടുകളിലൂടെ കേൾക്കുന്നവരെ സന്തോഷിപ്പിക്കാൻ സാധിക്കണമെന്നുമാണ് പ്രാർത്ഥന. വൈറലാകലും താരമാകലുമൊക്കെ അതിന്റെ ചെറിയ ഭാഗമായി മാത്രമേ കണക്കാക്കിയിട്ടുള്ളു. ശ്രുതിമധുരമായ ഒരു ഗാനത്തിന് സമാനമായ പുഞ്ചിരിയോടെ ലല്ലൂ ടീച്ചർ പറഞ്ഞു നിർത്തുന്നു.